Tuesday, May 19, 2020

കാതിലോല

ന്മാദത്തിൽ 
ജീവിതം പിണഞ്ഞ ഒരുവളെ
ഞാൻ സ്നേഹിക്കുന്നു.
ഒരു വൈകുന്നേരം
അവളറിയാതെ
അവൾക്കു പിറകെ പോയി.
അവളലഞ്ഞ വഴിയിൽ
മൈൽക്കുറ്റിമേൽ
തുന്നാരൻകുരുവിയായി ചൂളംകുത്തി;
അവളതിനൊരു മറുചൂളം മുഴക്കി.
മുറിയുടെ ചുവരേൽ പുൽപ്പോത്തായി ചേക്കേറി;
കാൽവിരൽ നീട്ടി മടമ്പിലേക്ക്
അവളെന്നെ നടത്തി.
വേനൽമഴയിൽ
മിന്നൽക്കൊടിയായി ജനലിൽ മുട്ടി;
അത് ചൂണ്ടുവിരലേൽ തൂത്തെടുത്ത്
അവൾ വിളക്കു കത്തിച്ചു.
പാതിരാവിൽ പൂഴിമണമായി;
ഉറയുംവരെ ആ മണത്തിൽ കിറുങ്ങി അവൾ നൃത്തമാടി.
ഉറക്കിൽ കിനാവിൽ കടന്നു;
ഉണർവ്വോ, കിനാവോ നീയ്?
ഇരുട്ടിലവൾ മലർന്നുറങ്ങി.
തിരികെ വരുമ്പോൾ
കാതിലോലയായി
ചെവിയിലണിഞ്ഞു
അവളുടെ ചുരുളൻ മുടിനാര്.
******

കവിതയുടെ അനിമേഷന്‍ ആവിഷ്കരണം


4 comments: