Tuesday, June 12, 2012

ഈ തീവണ്ടിയിലെ യാത്രക്കാരേ...

നൂറുവര്‍ഷം കഴിയുമ്പോള്‍
ഞാനുണ്ടാകില്ല.

ഞാന്‍ യാത്രചെയ്തുകൊണ്ടിരിക്കുന്ന ഈ തീവണ്ടിയില്‍
എതിര്‍വശത്തിരുന്ന്
എന്നെ തീരെ ശ്രദ്ധിക്കാതെ
പാട്ടുകേട്ടിരിക്കുന്ന പെണ്‍കുട്ടീ
നീയുമുണ്ടാകില്ല.

നിന്റെ ചെവിയില്‍ തുള്ളിച്ചാടുന്ന ആ പാട്ടുകാരനും.

നീയിപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്ന ആ പാട്ട്
അന്ന്
ആര് കേള്‍ക്കും?

തീവണ്ടിയുടെ വാതുക്കലേക്ക് പോയാല്‍
പിടിവിട്ട് വീണുമരിക്കുമെന്ന്
ആ കൊച്ചുകുഞ്ഞിനോട് ഒച്ചയിടുന്ന
ചേട്ടന്‍ അറിയുന്നുണ്ടോ
വര്‍ഷങ്ങള്‍ കടക്കാന്‍
ജീവനില്ലാത്ത തന്റെ വാക്കുകളെക്കുറിച്ച്.


ഈ തീവണ്ടിയിലുള്ളവരെല്ലാം മരിക്കും.
വണ്ടിയുടെ ഹൃദയമിടിപ്പിന്റെ കാവല്‍ക്കാരായ
ലോക്കോ പൈലറ്റിനും ഗാര്‍ഡിനും നേരേ
വളരെമുമ്പേ
ഇവിടെനിന്ന് കടന്നുപോകാനുള്ള
കറുത്തകൊടി പാറിക്കഴിഞ്ഞിരിക്കും.

പാന്‍ട്രികാറില്‍ നിന്ന്
ചായയുമായി വരുന്ന പയ്യന്‍
എക്കാലവും കുപ്പയിലേക്കുപേക്ഷിക്കപ്പെടുന്ന
കോപ്പപോലെ
മരണത്തിലേക്ക് എറിഞ്ഞുടയും.

വണ്ടി ക്രോസിംഗിനായി പിടിച്ചിട്ടിരിക്കുന്ന
ഈ സ്റ്റേഷനില്‍
പെട്ടിയും പ്രമാണങ്ങളുമായി
സഗൗരവം നില്‍ക്കുന്നവരേ
ഇന്നത്തെപ്പോലെ
ബലിഷ്ഠരായ
ധനാഢ്യരായ
നിശ്ചലശില്പങ്ങളായി
അന്നും നിങ്ങള്‍ക്ക് നില്‍ക്കാനാകുമോ?

കൂടുതല്‍ പറയേണ്ടതില്ല;
ഈ തീവണ്ടിതന്നെ മരിക്കും.
ഇന്നുള്ള റൂട്ടുകളെല്ലാംതന്നെ റദ്ദുചെയ്യപ്പെടാം.

മണ്ണില്‍ പുതഞ്ഞുകിടക്കുന്ന
ഇരുമ്പുവടംകണക്കുള്ള പാളങ്ങള്‍
ആക്രിക്കച്ചോടക്കാര്‍
ഒരുമിച്ചെത്തി
വലിച്ചൂര്‍ത്തെടുത്തുകൊണ്ടുപോയി
മുറിച്ചെടുക്കും.

പാളങ്ങള്‍ പതിച്ചിട്ടുപോയ
മണ്‍ചാലിലൂടെ
നൂറുവര്‍ഷത്തിനുശേഷം പായുന്ന
തീവണ്ടിയില്‍
യാത്ര ചെയ്യാന്‍ വരുന്നോ

നൂറുവര്‍ഷം പിമ്പേപായുന്ന
തീവണ്ടിയിലെ യാത്രക്കാരേ...
(മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)