Tuesday, December 17, 2013

കാലുകള്‍ക്കടിപ്പെട്ട് മായുന്ന പുല്‍ച്ചാടികള്‍

തീവ്രപരിചരണവിഭാഗത്തില്‍ കിടക്കും അമ്മാവനെ
ശ്വാസംകഴിക്കാനിടയില്ലാതെ
വെന്റിലേറ്ററിന്റെ മുഖപാളി ധരിപ്പിച്ച വിവരം
രാവിലെ പത്തുമണിയോടെ
വീട്ടിലേക്കെത്തിയപാടെ
ചെറുകിട ആലോചനകള്‍ക്കെല്ലാം വിരാമമിട്ട്
വലിയോരാലോചനയ്ക്ക് 
ഞാന്‍ തുടക്കമിട്ടു.

അന്നേറെ വൈകാതെ
മുഖപാളിയുരിഞ്ഞുവച്ച്
ആതുരാലയപ്പൂമുഖമിറങ്ങി
വീട്ടിലേക്കുപോകും റോഡില്‍ തെല്ലുദൂരം കിതച്ച് 
തെക്കോട്ടുതിരിയുന്നോ,രിരുണ്ടിടവഴിയിലേക്കിറങ്ങി
കിതയ്ക്കും കാലുകളെ 
അമ്മാവന്‍ കുതിപ്പിച്ചകലും വിവരം
അമ്മായിയെ ധരിപ്പിക്കുമ്പോള്‍
അവര് ബോധത്തിന്റെ കെട്ടുപൊട്ടി വീണുപോകുമെന്നും,

അതുകണ്ടവരുടെ രണ്ടുപെണ്മക്കള്‍
അവരെ താങ്ങിയെടുക്കാനിറങ്ങുന്നതിനിടെ
അവരിരുവരും 
അമ്മയുടെ അബോധവഴിയിലേക്കുതെന്ന വീണുപോകുമെന്നും.

അങ്ങനെയെങ്കില്‍ പൊടുന്നനെയവരെ താങ്ങിനിറുത്തേണ്ട
ആ നിമിഷത്തിന്റെ ബാധ്യതയിലേക്ക് 
തെല്ലകലെ
'എസ്.വിഷാദ്' എന്ന പേരിട്ടുനില്‍ക്കുന്ന ഞാനെന്ന ആവേശം
അണപൊട്ടിയൊഴുകാനിടയുണ്ട്.

അബോധത്തിന്റെ കരിയിലകള്‍ വീണ ഇരുളന്‍വഴി
ചൂലുകൊത്തിക്കൊത്തി വെടിപ്പാക്കി 
മൂവരുമൊരുമിച്ച് കൈകള്‍ ചേര്‍ത്തുപിടിച്ചുമടങ്ങുമ്പോള്‍
ബോധത്തിന്റെ കരിയിലകള്‍ വീണ ഇരുളന്‍വഴിയില്‍ 
അവരെ താങ്ങിത്തറഞ്ഞുനില്‍ക്കും 
എന്നെക്കുറിച്ച് / എന്റെ കൈകളെക്കുറിച്ച്
അവരെന്തൊക്കെ കരുതിയെടുക്കും?

അമ്മാവന്റെ അനിയന്‍; പണിയൊന്നുമില്ലാത്ത കൊച്ചമ്മാവന്‍
ശവപ്പെട്ടി മേടിക്കാന്‍ 
ഓട്ടോപിടിച്ച് നഗരത്തിലേക്ക് 
അപ്പോള്‍തന്നെ യാത്രതിരിക്കും.

നഗരത്തിലേക്കുള്ള കൊടുംവളവിങ്കല്‍
പെട്ടിക്ക് കാശുതികയില്ലെന്ന എണ്ണിത്തിട്ടപ്പെട്ട അറിവില്‍
ഓട്ടോ വെട്ടിത്തിരിച്ച് 
ഞങ്ങളുടെ വീടിനെ ലക്ഷ്യമിട്ട് വരുന്നുണ്ടെന്ന
ഫോണ്‍ വന്നയുടന്‍
അച്ഛന്റെ അലമാരയിലെ തുണിക്കെട്ടുകള്‍ക്കടിയില്‍
അമ്മ കരുതിവെയ്ക്കുന്ന നൂറിന്റെ നോട്ടുകള്‍ 
ഞാന്‍ തിരയുന്നതിനിടെ
അവിചാരിതമായി അവിടേക്കെത്തും 
അമ്മ എന്നോട് പൊട്ടിത്തെറിക്കും.

''അമ്മേ, 
അമ്മാവന്‍ മരിച്ചുപോയില്ലേ,
അവര്‍ക്കിനി നമ്മളൊക്കെയല്ലേയുള്ളൂ''- ഞാന്‍ പറയുന്നതുകേട്ട്
പണ്ട്‌, ഈ വീട്ടിലെത്തി 
അമ്മായി ചീത്തവിളിച്ച ഒരു ദിവസത്തിലേക്ക് അമ്മ ഇറങ്ങിത്തിരിക്കും.

അന്നമ്മാവന്‍ വന്നമ്മായിയെ പഞ്ഞിക്കിട്ടതും
ഇനിയതുപോലെ ഒരു ചീത്തദിനമുണ്ടായാല്‍
അവരെ, പഞ്ഞിക്കിടാനാരുണ്ടെന്നമ്മ 
സ്വയമൊരു ചോദ്യചിഹ്നമായിമാറി, അതില്‍ ചാരിനില്‍ക്കുന്നതും
അപരിഹാര്യവും ആസന്നവുമായ മരണത്തില്‍ 
ആ ചെറുസങ്കടം മാറ്റിവച്ച് 
അമ്മ, വമ്പന്‍സങ്കടത്തിന്റെ താടിയെല്ലിലേക്ക്
കൈകൊടുത്തിരിക്കുന്നതും
ഏങ്ങലടിക്കുന്നതും

ആ ഏങ്ങലടികളെ
പെട്ടെന്നു മുറ്റത്തുവന്നുനില്‍ക്കും
ഓട്ടോയുടെ ഏങ്ങലടികള്‍ വിഴുങ്ങുന്നതും
പെട്ടിക്ക് വേണ്ട പണം
ഞാനോടിച്ചെന്ന് കൊച്ചമ്മാവന് കൈമാറുന്നതും;
അയാള്‍ നഗരത്തിലേക്ക് വീണ്ടും യാത്ര തുടരുകയാണ്.

നീലപ്പടുത വലിച്ചുകെട്ടുന്ന മുറ്റത്ത്
അമ്മാവന്റെ പെണ്‍മക്കള്‍ നട്ടുനനച്ചു പൂവിടര്‍ത്തിയ
ചെടികളെല്ലാം ചവിട്ടിമെതിക്കപ്പെട്ടു.

മെതിഞ്ഞ ചെടികളിലെ കൊഴിഞ്ഞ പൂവുകളില്‍ 
തളംകെട്ടിയ സങ്കടത്തിന്
വാടാനെന്തു തിടുക്കം.

തിണ്ണയില്‍നിന്ന്‌ മുറ്റത്തേക്ക് കാലുംനീട്ടിയിരിക്കും പെണ്‍മക്കള്‍
പേര്‍ത്തുംപേര്‍ത്തും കരയുകയും
കണങ്കാലുകളിലേക്ക് പാവാട വലിച്ചിടുകയും ചെയ്യുന്നുണ്ട്.

അവരിലൊരുവളെ നോട്ടമുള്ളൊരുവന്‍
മാറിനിന്ന് മുഖംകൊണ്ടാസങ്കടം 
സ്വയം രേഖപ്പെടുത്തുന്നുണ്ട്.

തന്തപോയി; ഇനിയിവളെ 
സ്വന്തപ്പെടുത്താനെന്തെളുപ്പ-
മെന്നൊരാലോചനയുമുണ്ട്.

അമ്മാവന്‍ പോയാല്‍ അമ്മായി ഒറ്റയ്ക്കാവും കാലമാകയാല്‍
അവര്‍ പെണ്‍മക്കളെ പോറ്റിയെടുക്കാന്‍ 
പെടാപ്പാടുപെടുമെന്നും
ദു:ഖമിരുണ്ട മുഖവും ചൂണ്ടി
നഗരത്തിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ 
ജോലിക്ക് പോയിത്തുടങ്ങുമെന്നും
സ്ത്രീകളെ വശപ്പെടുത്താന്‍ വിരുതുള്ളൊരുവ-
നമ്മായിയെ വളച്ചെടുക്കുമെന്നും
അവരിരുവരേയും അവിചാരിതമായി നഗരത്തില്‍വച്ച് 
ഞാന്‍ കണ്ടുമുട്ടുമെന്നും

ആ കണ്ണുകളേല്‍ക്കാതെ
ഞാനവരെ തുറിച്ചും തരിച്ചും പിന്തുടരുമെന്നും
ഒരിടവഴിയില്‍വച്ചെന്നെ വഴിതെറ്റിച്ചവര്‍വഴിതെറ്റുമെന്നും.

(ആ രണ്ടു പെണ്‍കുട്ടികള്‍ മഴപോലെ വളരുമെന്നും വേണ്ടവിധ ശ്രദ്ധ കിട്ടായ്കയാല്‍ പഠനത്തിന്റെ നൂറുമീറ്ററില്‍ പിന്നോട്ടോടി, വലിയ പരീക്ഷകള്‍ക്കൊന്നും ത്രാണിയില്ലാതെ സ്‌കൂളവസാനിപ്പിച്ചതിനെത്തുടരെ ഒരു ജോലിപോലുമില്ലാത്ത, ലക്ഷ്യബോധക്കേടുകളായ രണ്ടു ചെറുപ്പക്കാര്‍ക്കുതന്നെ അവര്‍ സ്വന്തപ്പെടുമെന്നും)

വര്‍ഷങ്ങള്‍ക്കുശേഷം
നഗരത്തില്‍ നിന്ന് 
വലിയ പത്രാസുള്ള ജോലിക്കാരനായി ബസിറങ്ങി
മക്കള്‍ക്കുള്ള തുണിത്തരങ്ങള്‍ നിറച്ച കവറുകളുമായി വഴിവക്കിലൂടെ ഞാന്‍
നടന്നു
നടന്നു നടന്നു 
വരുമ്പോള്‍
ഒക്കത്തിരിക്കുന്ന കുഞ്ഞിന്
"മോനേ, ഈ മാമനെ അറിയുമോ...?''
-അവരിലൊരുവള്‍ എന്നെ ചൂണ്ടിക്കൊടുത്തു.

''നിനക്ക് സുഖമല്ലേ പെണ്ണേ'' 
എന്നുഞാന്‍ നോക്കിയപാടെ
അവളുടെ കണ്ണ് കവിഞ്ഞു.

പന്ത്രണ്ടുമണിയോടെ അമ്മാവന്‍ മരിച്ചു.
മരണവീട്ടിലേക്ക് ഞാന്‍ നടക്കുകയാണ്.

വിദൂരത്ത് അമ്മാവനില്ലാത്ത വീട് കണ്ണൊലിപ്പിച്ചു പരതുകയാണമ്മാവനെ.

ആ പരതലില്‍ നിന്നുമൊലിച്ചിറങ്ങും നീര്‍പാതയിലെ പുല്ലുകളില്‍ ഉറവകൊണ്ട ഈര്‍പ്പം
സൂര്യരശ്മികള്‍ മൊത്തിക്കുടിക്കും നട്ടുച്ചയെ തടുക്കും 
മരത്തണലിലൂടെ, ഇലത്തണലിലൂടെ 
ഞാന്‍ നടക്കുകയാണ്.

പുല്‍ച്ചാടികള്‍ പൊന്തയിലേക്ക് ചാടുകയും
കാലുകള്‍ക്കടിപ്പെട്ട് മായുകയുമായി.

കടുത്ത മന:പ്രയാസത്തില്‍
ആകാശത്തേക്ക് നോക്കി 
ഞാന്‍ 
പൊട്ടിക്കരഞ്ഞു.

Saturday, December 14, 2013

ആടാതൊടുങ്ങിയ ചുവടുകള്‍


കാറ്റ് ഒരു പാട്ടാണെങ്കില്‍ 
ആ പാട്ടിനിലേ  
പലേരാഗങ്ങളിലാടും
ചില്ലകള്‍ കൈകളെങ്കില്‍
കൈകളില്‍പ്പടരെ,യെഴുന്നുവളരും ഇലകള്‍
പലേനിറകുപ്പായങ്ങളെങ്കില്‍

വിശപ്പ് വേരില്‍ കൂര്‍പ്പിച്ചു തറഞ്ഞുനില്‍ക്കും മരങ്ങളില്ലേ,
പാട്ടുകേട്ടു കൈകളാട്ടും
പലേനിറകുപ്പായങ്ങളണിഞ്ഞ
ആ മരങ്ങളാണ്
നൃത്തം കണ്ടുപിടിച്ചവര്‍.

അവരുടെ ആത്മകഥ
ഉടലുകൊണ്ടെഴുതിജയിക്കുന്നു
നര്‍ത്തകര്‍, പെരിയ നര്‍ത്തകര്‍.

എന്നിരിക്കിലും
ആത്മകഥാകാരന്മാര്‍ എഴുത്തിനിടെ
കീറിയുള്ളിലടുക്കിവയ്ക്കും രഹസ്യത്താളുകള്‍ പോലെ
മരങ്ങള്‍
വരണ്ടതോലുള്ള മരങ്ങളു,ള്ളിലടക്കിയ
മുദ്രകളേറെ, നര്‍ത്തനമുദ്രകള്‍
മരത്തില്‍നിന്നേ തൂളിയ
ജനലിന്‍ മഞ്ഞക്കാതലില്‍ തറഞ്ഞുകിടന്നു.

ഒരു പാട്ട് വീശുംനേരം
ജനവാതില്‍
തുറയുന്നുടന്‍ വലിഞ്ഞടയുന്നു.
ആടാതൊടുങ്ങിയ രഹസ്യമുദ്രകളെടുത്തണിഞ്ഞാടും
ചടുലമാ,മിരുചുവടുകളെന്നപോല്‍.