Wednesday, January 24, 2018

മകൾ


തീവണ്ടിയിൽ
എൺപതടുത്ത ഒരു കിഴവൻ
മടിയിൽ കണ്ണുമിഴിച്ച
പെൺകുഞ്ഞിനെ
ആണ്ടുകൾക്കുമുന്നേ മാഞ്ഞുപോയ
അയാളുടെ അമ്മയുടെ പേര്
പല ശബ്ദത്തിൽ
വിളിച്ചുകൊണ്ടേയിരുന്നു.


അയാളുടെ മെല്ലിച്ച തോളേൽ
ചാരിയുറങ്ങുന്നുണ്ട് മകൾ;
കുഞ്ഞിന്റെ അമ്മ.

അന്നേരം തീവണ്ടി ഒരു തൊട്ടിലാകുന്നു.
ചലനങ്ങളുടെ ആയിരം വിരലറ്റങ്ങളില്‍
ആയിരം താളങ്ങൾ.

കരച്ചിലിലേക്ക്
പുളുത്താനൊരുങ്ങും
ചെറുചുണ്ടുകളുടെ നോട്ടമേറ്റ്
അയാളുടെ മുലക്കണ്ണുകൾ ത്രസിച്ചു.
മുഷിഞ്ഞ നെഞ്ചിലേക്ക്
പാൽഞരമ്പുകൾ കണ്ണുതുറന്നു.

എനിക്ക് തോന്നി
അത് വിയർപ്പെന്ന്.

പാട്ടുകളവരുടെ പാട്ടുകള്‍ പാട്ടുകള്‍

വെയിലിന് മരം എന്ന വീടുണ്ട്
വീടിന് തണല്‍ എന്ന മുറ്റവും
മുറ്റത്ത് ഇലകള്‍ എന്ന നീറുകളും
നീറുകള്‍ക്ക് കവരങ്ങള്‍ എന്ന നടപ്പാതകളും.
ആ പാതകളിലൊന്നില്‍
തേന്‍കൂട് എന്ന റേഡിയോ തൂങ്ങിക്കിടക്കുന്നു.
നൂറുനൂറ് ഗായകര്‍
മൂളിക്കൊണ്ടേയിരിക്കുന്നു
പാട്ടുകളവരുടെ
പാട്ടുകള്‍ പാട്ടുകള്‍.

Thursday, July 6, 2017

ആട്ടക്കഥ


ഇനി കാണാൻ ചെല്ലരുതെന്നവൾ
എന്നിട്ടും ചെന്നു.

ഇപ്പമിറങ്ങണം, ഈ ഏരിയേൽ കണ്ടേക്കരുത്
എന്നിട്ടും അവിടെ ചുറ്റിപ്പറ്റി.

ഒരു പാട്ടിലേക്കവൾ
ടീവി ഓൺചെയ്തു

മറ്റൊരു പാട്ടിലേക്കവൾ
ചാനൽ മാറ്റി

പാട്ടിന്റെ വരിത്താളം ചവിട്ടി
അവളുടെ അച്ഛനും അമ്മയും
ജിമ്മിൽ പോകുന്ന ബ്രോയും 
ഗേറ്റുതുറന്ന് 
അവസാനവരിയിലേക്ക്
ചെരിപ്പൂരി.

ആ മുറി 
ഇടിമുറിയാകും മുന്നേ
അവളുടെ കട്ടിലിനടിയിലേക്ക് നൂഴ്ന്നു.
അവിടെ കിടന്നുറങ്ങിയ പൂച്ച  
വാലുംചുരുട്ടിയെണീറ്റുപോയി.

പകൽകെട്ടിരുട്ടുപരന്നു.

കട്ടിലിനടിയിലേക്ക്
കുനിഞ്ഞെത്തുന്നവളുടെ കണ്ണുകൾ  
ഇറുമ്മുന്നു പല്ലുകൾ
വിറയ്ക്കും ചുണ്ടിൽ
തെറികൾ ചിതറി.

എന്നെയവൾ വിളിച്ചിരുന്ന പേര്
അത്താഴം കഴിഞ്ഞയുടനെ
അവളുടെയമ്മ നീട്ടിവിളിച്ചു.
പൂച്ച വിളികേട്ടു.

ടീവിയിൽ ചർച്ച
ചർച്ചയ്ക്കുമേൽ ചർച്ച
ചർച്ചയ്ക്കുമേൽ കൊടുംചർച്ച
ഒരു പാട്ടിലേക്ക് ചാനൽ മാറുന്നു.

അപ്പോൾ കേട്ട കുത്തുപാട്ടിന്റെ താളം
അവളുടെയച്ഛനെയെടുത്തങ്ങലക്കി.
പിടഞ്ഞെണീറ്റയാൾ
കൈവിടർത്തി കാൽവീശി
അരയിളക്കിയൊരലമ്പൻ ചുവടെടുത്തു.
അതുകണ്ട ബ്രോ 
കൈമസിലുകളുരുട്ടി തുടർചുവടുകളായി.
പാത്രങ്ങൾ കയ്യിലേന്തി 
അവളുടെയമ്മയുടെ അടുക്കളച്ചുവടുകളും.

എന്റെ നേരമെത്തി-
നൂഴ്ന്നിറങ്ങി പുറത്തേക്കോടും
വഴിതെരഞ്ഞു ഞാൻ, എന്നാൽ
താളം എന്റെ കാലുകളെ ചുറ്റിവളഞ്ഞു.
നാസിക്‌ഡോളിൽ
തണ്ടെല്ലൂരി,യടിച്ചുകൊണ്ടൊരദൃശ്യസംഘം
ഞരമ്പിലൂടെ കടന്നുപോയി.

ഞാൻ ചുവടുകളായി
ആ ചുവടുകളിലവരും ചുവടുകളായി.

മുറിക്കുള്ളിൽനിന്ന്
ആടിയിറങ്ങി അവളെന്നെ ചുറ്റിപ്പടരുമ്പോൾ
അവൾക്കൊത്ത ചുവടാകുന്നു ഞാൻ
എനിക്കൊത്ത ചുവടാകുന്നവൾ.

ഞങ്ങളുടെ ആട്ടം കണ്ട് 
അവളുടെ അച്ഛനുമമ്മയും ചിരിച്ചുതുള്ളി
ബ്രോ, കൈമസിലുകൾ ഊരിയെടുത്ത്
റബ്ബർപന്താക്കി തട്ടിത്തുള്ളി.

വിയർപ്പിലുലയും ഉടലുകളെഴുതി
കലർപ്പിൻ കളി.
അക്കളിതുടരെ
പാട്ടിന്റെ വരികൾ തീർന്നുപോയി
വിതച്ചിട്ട താളം കപ്പലേറി
അവൾ മുറിക്കുള്ളിലേക്കും.

കലർപ്പിൻകളി അവസാനിച്ചതിനാൽ
അവളുടെയച്ഛൻ എന്നെ തുറിച്ചുനോക്കി. 
വെറുപ്പൊലിച്ചിറങ്ങും കണ്ണുകളിലൂടെ
ബ്രോ എന്റെ നേരേ കവാത്തുനടത്തി.
ചെകിടിലേക്ക് വന്നുവീണ കൈപ്പത്തിയിൽ
പാമ്പ് മൂളുന്ന ശബ്ദം ഞാൻ കേട്ടു.
എന്നാൽ ആ നിമിഷം
ടീവിയിൽ ഒരു കുത്തുപാട്ടിന്റെ 
ആദ്യവരി,യതിന്റെയടാറ് താളം.

പാട്ടിലാടാൻ അവളുമെത്തുമ്പോൾ
കിടുക്കിമോനേ പുതിയ ചുവടെന്നവളുടെയച്ഛൻ.
ചായക്കോപ്പ മുകളിലേക്കിട്ട്
അമ്മാനമാടുന്നവളുടെയമ്മ.
ഇരുമ്പ് മസിൽപന്ത്  
ചിരിച്ചുകൊണ്ടെനിക്ക് 
വച്ചുനീട്ടി ചങ്ക്‌ബ്രോ!

എവിടേക്കെങ്കിലും ഇറങ്ങിയോടാമെന്നവൾ.
മൂളുന്ന ചെകിടുകൾക്കും
നിനക്കും മുന്നേ
ഇറങ്ങിയോടേണ്ടിയിരുന്നുവെന്ന് ഞാൻ.

പാട്ടിന്റെ അവസാനവരിക്കുവേണ്ടി
ഞങ്ങൾ കാത്തുതുള്ളി

ഞങ്ങൾ സിറ്റൗട്ടിലിറങ്ങി ചുവടുവച്ചു
അവർ തുള്ളിത്തുള്ളി പിറകെവന്നു

ഞങ്ങൾ മുറ്റത്തിറങ്ങി ചുവടുവച്ചു
അവർ തുള്ളിത്തുള്ളി മുറ്റത്തെത്തി

ഞങ്ങൾ ഗേറ്റുകടന്ന് ആടിയുലഞ്ഞു
അവർ ഗേറ്റിനകമേ ആരവമായി.

അവസാനവരിയും അവസാനിക്കെ
പെപ്പരപെപ്പരയൂതി നിശബ്ദത കാഞ്ചിവലിച്ചു.
റോട്ടിലിറങ്ങി ഓടും ഞങ്ങൾക്കു പിറകെ
ഇരുട്ട് നിലവിളിച്ചുകൊണ്ടോടിപ്പരന്നു.

ആട്ടത്തിന്റെ ദിക്കിലേക്ക് അവളും
പാട്ടിന്റെ ദിക്കിലേക്ക് ഞാനും പാഞ്ഞുപോയി.
അവിടെ അവൾക്കൊരു പാട്ടുകാരനെ കിട്ടി
എനിക്കൊരു ആട്ടക്കാരിയെയും.

ഞങ്ങളോടിയ വഴിയിൽ
രാത്രിക്കുരാത്രി പുല്ലുമുളച്ചു
പകലിനുപകൽ പുല്ലുപൂത്തു.

അവളെ പിന്നിതുവരെ കണ്ടിട്ടില്ല.
എന്തിന് കാണണം?

*
വെട്രി കൊടികാറ്റ്, കാതലിൽ വിഴുന്തേൻ എന്നീ തമിഴ്‌സിനിമകളിലെ പാട്ടുകളാണ് കവിതയിൽ ഉപയോഗിച്ചിരിക്കുന്നത്.

Wednesday, May 24, 2017

പായുന്നൊരാൾക്കൂട്ടം

നോബർട്ട് പാവന റോഡ്*
അടച്ചിട്ട അറ്റ്ലാന്റിസ് റെയിൽഗേറ്റിൽ
ചെന്നിടിച്ചു നിന്നതിനാൽ
സാമുറായ് വെട്ടിത്തിരിച്ച്
ഒരു പീടികയ്ക്ക് മുന്നിലൊതുക്കി
ഇരുണ്ട ചുണ്ടുകൾ 
കാറ്റിലേക്ക് പുളുത്തി പുകയൂതി.

പീടികയ്ക്കു പിന്നിൽ പുറമ്പോക്ക്
ചെറിയ വീടുകൾ
ഇടുങ്ങിയ മുറ്റത്ത് പന്തുമായ്
പിടഞ്ഞോടും ഇരുണ്ട കുട്ടികൾ
ആ പന്തുരുണ്ടുചെന്നുവീഴും കനാൽ
അവിടെ പുളയ്ക്കും ഫിലോപ്പികൾ
മണം; കാറ്റിൽ പറക്കുന്നൂ പുഴുകിയ മണം.

കനാലിന്നൊഴുക്ക് 
കെട്ടിയടച്ച മതിൽ
അതിന്നുൾവശത്ത്
കെട്ടി-
  ക്കെട്ടി-
    ക്കെട്ടി-
      ക്കെട്ടി 
ഉയർത്തിയ ബഹുനിലയാകാശം.

മതിലിനു പുറത്തേക്ക് 
തലവീശുന്ന ബോഗൻവില്ല.
അതിനുകീഴേചുരുണ്ട മുടുക്കിലൂടെ 
പഴയ ബൈക്കുകളിൽ ചീറി
മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന
കുട്ടികൾ; അവർ മുതിർന്നിരിക്കുന്നു.

പായുന്നൂ
പാതയിലൂടെ 
തീവണ്ടി

തീവണ്ടി;
പായുന്നൊരാൾക്കൂട്ടം
പാറുന്നൂ കരിങ്കൊടി
വേഗം വേഗം എന്ന  ചലനവാക്യം.

അടച്ചിട്ട റെയിൽഗേറ്റ് തുറക്കെ,
ബൈക്കെടുക്കാനൊരുങ്ങുന്നു, എങ്കിലും
താക്കോലിന്റെ പല്ലുകൾ തേഞ്ഞിരിക്കുന്നു
സ്പീഡോമീറ്റർ ആവി മൂടിയിരിക്കുന്നു
സൈലൻസറിൽ ചുരുണ്ടിരിപ്പുണ്ട് ഒരു വെള്ളിക്കെട്ടൻ
നമ്പർപ്ളേറ്റിൽ അപരിചിത ലിപികൾ, അതിനൊത്ത അക്കങ്ങൾ.

ഉയരങ്ങളുടെ ചുവടേൽ
വേഗങ്ങളുടെ നടുവേൽ
പതുങ്ങിപ്പഴകിനിൽക്കുന്നൊരാൾ.

ഒരാളിൽ ഒരാൾക്കൂട്ടം.
----------------------------------------------------------
*നോബർട്ട് പാവന റോഡ്: തേവരയിൽ നിന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്കുള്ള റെയിൽപാതയ്ക്ക് സമാന്തരമായ ചെറുവഴിയുടെ തുടക്കം. നാടകകൃത്തും തിരക്കഥാകൃത്തുമായിരുന്നു നോബർട്ട് പാവന.
**സാമുറായ്:  1990-കളുടെ മധ്യത്തിൽ മാർക്കറ്റുപിടിച്ച സുസുക്കിയുടെ 'നോപ്രോബ്ളം' ബൈക്ക്. 

Tuesday, January 24, 2017

ശബ്ദമഹാസമുദ്രം
2009 മുതൽ 2016 വരെ എഴുതിയ 26 കവിതകളാണ് സമാഹരിച്ചിരിക്കുന്നത്. പ്രസാധകർ- ഡി.സി ബുക്‌സ്, വില-80 രൂപ
http://onlinestore.dcbooks.com/books/sabdamahasamudram

Sunday, December 27, 2015

ഡിസംബര്‍


മഞ്ഞുമഴ പുലര്‍വണ്ടിയേറി 
വന്നിറങ്ങുന്നു പൂവിന്‍ നെറുകയില്‍

ചില്ലുവെയിലേറ്റ് തളര്‍ന്നയിതളുകള്‍ 
മഞ്ഞുവിരല്‍ തൊട്ടുമീട്ടുമ്പോള്‍

പൊട്ടി വിടരാനൊരുങ്ങി തണ്ടുകള്‍നീളെ
മൊട്ടുകള്‍ ഹായ്, പൂവിന്‍ കുരുന്നുകള്‍ 

പൊട്ടി വിടരാനൊരുങ്ങിയുറങ്ങുന്ന 
മൊട്ടുകളുണരുന്നു തണ്ടുകള്‍ക്കുള്ളിലും

മഞ്ഞുമഴയുടെ പുലര്‍വണ്ടിയെത്തുമ്പോള്‍
തണ്ടിലപ്പാടെ പൂവുകള്‍ പൂവുകള്‍
ചില്ലുവെയിലിനു നേരെ വിടര്‍ത്തുന്നു
മഞ്ഞുകാലത്തിന്‍ മണമുള്ള പൂവുകള്‍

ഇരുട്ടില്‍

തൂളിയെടുത്ത ഇരുകാലുകളും
വറചട്ടിയില്‍ നീന്താനിറങ്ങുമ്പോള്‍
വരമ്പിലേക്ക് ചെന്നുവീണ തവള
തിട്ടയിലേക്കു ചാടാനാഞ്ഞ്
അരയ്ക്കുതാഴെ പടരും 
എരിവേല്‍ കിടന്ന് പൊതഞ്ഞു.

മൊരിച്ചെടുത്ത കാലുകള്‍ വെട്ടിവിഴുങ്ങി
ആ രാത്രി ഷാപ്പിറങ്ങി 
വീട്ടിലേക്കു നടന്നു ഒരാള്‍.

അയാളുടെ കാലുകള്‍ക്കുമുന്നേ 
പിളരും പുല്ലില്‍
വരമ്പേക്കിടന്ന തവള
മുറിച്ചെടുത്ത കാലുകള്‍ തെരഞ്ഞു.

പായല്‍മൂടിയ പാത്തി* കണ്ടയുടന്‍
മൂത്രമൊഴിക്കാന്‍മുട്ടി
കൈലിയുരിഞ്ഞ് തലേക്കെട്ടി
അയാള്‍ 
ചാറിത്തുടങ്ങുമ്പോള്‍

തെറിയുന്ന മഞ്ഞത്തുള്ളികള്‍
തവളയ്ക്കുമേല്‍
ചൂട് പരത്തുമ്പോള്‍

വയലിനക്കരെ പൊന്തയില്‍ നിന്ന് 
തണുവിലേക്കിഴഞ്ഞിറങ്ങുന്ന
ചേനത്തണ്ടന്റെ ആയം മണ്ണിലറിഞ്ഞ്
ഊടുവഴിയിലെ പൊത്തുകള്‍ തരിച്ചു.

ആ പെയ്ത്തില്‍ 
തറഞ്ഞയാള്‍ 
വരമ്പേനില്‍ക്കുമ്പോള്‍

തവള, അരയ്ക്കുതാഴത്തെ എരിവിലേക്ക് കണ്ണുകള്‍ പായിക്കുകയും
ഊടുവഴിയുടെ പൂഴിമണത്തില്‍ ഉടല്‍പുളിച്ച ചേനത്തണ്ടന്‍ നാവ് തൊലിക്കുകയും 
തോട്ടിലൂടൊഴുകും വെള്ളം പാറയെ തല്ലിയലക്കുകയും 
ചെയ്തുകൊണ്ടിരുന്നു.

രാത്രിക്കുമേല്‍ ചാറിനില്‍ക്കും
അയാളെ ചുറ്റിപ്പറ്റുന്ന ആ നിമിഷം
ഒരുവേള ഭൂതകാലത്തേക്ക് 
തലകുനിച്ചു.

തലേരാത്രി,
തിട്ടയിലുദിച്ച
മാന്റിലിന്റെ** മെലിഞ്ഞ സൂര്യനിലേക്ക് 
തവള മുതിരാനാഞ്ഞു.

ഒരടിപോലും 
ഇനി അതിന്റെ കുതിപ്പില്ല.

പെട്രോമാക്‌സില്‍നിന്ന് ചാടിയിറങ്ങിയ
പ്രകാശന്‍ എന്ന ഗുണ്ട 
ഓമക്കുരുവോളം മിഴിഞ്ഞ 
അതിന്റെ കണ്ണുകള്‍ 
അടിച്ചുപരത്തിയെടുത്തു.

വയലില്‍നിന്ന് പടര്‍ന്നുകേറി വളരുന്ന 
ഊടുവഴിയറ്റത്ത്
വിളഞ്ഞുകിടക്കും വീട്ടില്‍
അയാളും അവളും;
അവിടെയുമിവിടെയും
മീട്ടിമീട്ടി കിടക്കുന്നവര്‍.

അയാളുടെ അരക്കെട്ടിലെ ഞരമ്പുകളില്‍
അസാധ്യമായ ചില തമിഴ്പാട്ടുകള്‍ 
അവള്‍ക്കുണ്ട്.
അവളുടെ ഞരമ്പുകളില്‍
ഒരു പാട്ടുപെട്ടിതന്നെ
അയാള്‍ക്കും.

അവളുടെ 
നാവേല്‍ക്കുമ്പോള്‍
അയാളുടെ തൊണ്ടയില്‍ 
കിളികള്‍ ശ്വാസമെടുക്കാനിറങ്ങും

അവളുടെ 
ചുണ്ടുകള്‍ പോരിനിറങ്ങുമ്പോള്‍
അയാള്‍ ആ കിളികളെ 
ഉടലുലുത്തിപ്പറത്തും.

പാത്തിക്കുമേലേ
അയാളുടെ മേഘം
പെയ്തുപെയ്തുതോരാനൊരുങ്ങുമ്പോള്

ഷാപ്പിലെ പണിക്കാരന്‍
കവയ്‌ക്കെടേല്‍ കൈതിരുകി
ഉറക്കത്തിലേക്ക് മായാനൊരുങ്ങുന്നു.

കാലുകള്‍ തൂളിയെടുത്ത്
വയലിലേക്ക് വലിച്ചെറിഞ്ഞ
തവളകളുടെ കരച്ചില്‍  
കട്ടിലിനെ വളഞ്ഞുനിന്ന്
നൃത്തം ചെയ്യുമ്പോള്‍
പണിക്കാരന്റെ വലതുകൈ
മുഷിഞ്ഞ കൈലിക്കുള്ളില്‍
തവളയുടെ വഴുകുന്ന ഉടല്‍ തെരഞ്ഞു.

മൂത്രമൊഴിച്ച്,
കൈലിയുരിഞ്ഞ് അരേച്ചുറ്റി 
പാത്തിയും തോടും വയലും കടന്ന്
ഊടുവഴിയില്‍ വീണുകിടക്കും
വെളിച്ചത്തരികളില്‍ 
ചവുട്ടിച്ചവുട്ടി
അയാള്‍ നടന്നു.

തവള മുന്നോട്ട് ഒന്നമര്‍ന്നിരുന്നു.
അതിന്റെ നാവില്‍
തെല്ലകലെ, പുല്ലിലിരിക്കും 
ഒരു പച്ചത്തുള്ളന്റെ ആയുസ്സ് 
വെട്ടിത്തിളച്ചു

അയാളുടെ 
കാല്‍വിരലില്‍ നിന്ന്
പ്രാണനിലേക്കു നീളുന്ന ഞരമ്പ്
ചേനത്തണ്ടന്റെ നാവിലും.

നനഞ്ഞ, പൂഴിമണം നിറഞ്ഞ 
ഇരുണ്ട പൊത്തുകള്‍
ഞരമ്പുകളുടെ പാട്ടുകാരിയായ 
ഒരുവളുടെ  ത്രസിക്കും കവിളകമായി
മണ്ണിലറിയുന്ന ഇഴച്ചിലുകളിലേക്ക് 
വാ തുറന്നു.
---------------------

*പാത്തി- വയലുകള്‍ക്കു സമീപത്ത് വെള്ളം കെട്ടിനിറുത്തുന്ന ചാല്‍
** മാന്റില്‍- പെട്രോമാക്‌സില്‍ വെളിച്ചം പ്രസരിപ്പിക്കുന്ന തിരി.