Wednesday, June 17, 2009

സൂര്യനില്‍ ഒരു കുളി


പാലത്തടിയിട്ട കിണറിന്റെ വക്കിലാണ്‌
നാട്ടിലെ മറപ്പുരകളെല്ലാം.

പത്തുമണിയ്ക്കുമേല്‍
പതിനൊന്നാംമണി പടര്‍ന്നുതുടങ്ങുമ്പോള്‍
പെണ്ണുങ്ങളൊരു കുളിയുണ്ട്‌.

പുരയുടെ ഓലമേഞ്ഞ ചുവരുകള്‍ക്കൊപ്പമിരുന്ന്‌
ഈറന്‍കോരുന്ന
അവരുടെ ഉടുപ്പുകള്‍
വഴിയേവരുന്നവരെടുത്തുടുത്തുപോകുന്നുണ്ടവരറിയാതെ.

എന്നാല്‍
സൂര്യനതുപോലെയല്ല.

മേല്‍ക്കൂരകളില്ലാത്ത എല്ലാ മറപ്പുരകളിലും
അവന്‍ മാറിമാറി നോക്കാറുണ്ട്‌.

പല്ലുമുളച്ചിട്ടും പാല്‍ക്കൊതി തീരാത്ത
അവന്റെ ചുണ്ടില്‍ അടരുമൊരു തുള്ളി
മഴയായ്‌ വളരുന്നുണ്ട്‌.

കുളികഴിഞ്ഞ്‌
ഈറന്‍ഭോജികളായ തോര്‍ത്തുമുണ്ട്‌
തലയിലുരച്ച്‌
പെണ്ണുങ്ങള്‍ കയറിപ്പോയിട്ടും
ഉച്ചയോടടുത്തൊരൊച്ചയുമില്ലാതെ
സൂര്യനേ, നിന്റെ വേനല്‍മഴ.

ചന്ദ്രനുദിക്കുമ്പോള്‍


വൈകുന്നേരമാണ്‌
കരിനീലമേഘങ്ങള്‍ക്കിടയില്‍
പകല്‍മുഴുവനൊരുപാടുനേരം
ഒളിവിലായിരുന്ന ഒരു കഷണം ചന്ദ്രന്‍
പുലരുന്നതേയുള്ളൂ.

അഞ്ചരയുടെ സ്കൂള്‍ബസ്സിനെത്തിയ
അയല്‍പക്കക്കാരായ പ്ലസ്ടൂ കുട്ടികള്‍
കളിപറഞ്ഞ്‌
പ്രണയത്തിന്റെ വയല്‍വരമ്പ്‌ കടക്കുന്നതേയുള്ളൂ.
കൊയ്ത്തടുത്തുകഴിഞ്ഞ വയലിന്നുമീതെ
അരിവാളാകൃതിയില്‍
കുറേ കിളികള്‍
പണികഴിഞ്ഞ്‌ വീട്ടിലേയ്ക്ക്‌ പറന്നുപോകുന്നതേയുള്ളൂ.

വയലോരത്തെ വീട്ടില്‍
മുറ്റത്തെ ചെടികളോടൊപ്പം
മഴയില്‍ വളര്‍ന്നുവന്ന
വക്കുകെട്ടാത്ത കിണറിന്റെയോരത്തൊരുവള്‍
കണവനെ കാത്തിരിക്കുകയാണ്‌
കൈക്കുഞ്ഞുമായി.

അവന്റെ കണ്ണ്‌ ചന്ദ്രനിലും
ചുണ്ട്‌ മുലക്കണ്ണിലും
മുത്തമിടുന്നുണ്ട്‌.

അവള്‍ക്കുമാത്രം കാണാം
അവന്റെ കണ്ണില്‍ തിളങ്ങുന്നൊരു
കുഞ്ഞുചന്ദ്രനെ!

ഈ ഗ്രാമത്തിലിതേ ദിവസമിതേ സമയം
എത്ര ചന്ദ്രന്മാരുദിയ്ക്കുന്നുണ്ടാകും.

ഗോത്രശില്‌പം


മലയോരത്തെ കരിങ്കല്‍പാളിയ്‌ക്കടുത്ത്‌
കല്ലില്‍കൊട്ടിയൊഴുകിത്തെറിക്കും വെള്ളത്തെനോക്കി
ഒരു കല്ലേറിനുള്ള ദൂരത്തു
മഴക്കാറുവന്നുനില്‌ക്കുംനേരം

മടയുടെ വക്കില്‍നിന്നും
താഴേക്ക്‌ കുതിക്കുന്ന പേടിച്ചനോട്ടത്തെ
ചവിട്ടിഇറങ്ങാനായി ഉറപ്പിച്ചുവച്ച
മൂന്നുകുത്തുകല്ലുകള്‍
മൂന്നായി പകുത്തദൃശ്യത്തില്‍

ഒന്നാം കല്ലില്‍ചവുട്ടി
രണ്ടാംകല്ലിലേക്ക്‌ കാലാഞ്ഞ്‌
മൂന്നാംകല്ലിലേക്ക്‌ കണ്ണുറപ്പിച്ചപ്പോള്‍
ഞാനൊരു പ്രാചീന ഗോത്രനൃത്തശില്‌പമായിപ്പോയി.

നമ്മുടെ ജീവിതത്തില്‍



നമ്മുടെ ജീവിതത്തില്‍ നടക്കാതെപോയ
ആദിവസമില്ലേ
അതിന്റെ
ഒന്നാംവാര്‍ഷികമാണിന്ന്‌.

വളരെപണിപ്പെട്ടിട്ടും
തൊഴിലടക്കം
ഒന്നുംനേടാനായില്ല.
വെറുതെപട്ടണംചുറ്റിക്കണ്ടുനടന്നതല്ലാതെ.

നീപിരിഞ്ഞുപോയ്‌ക്കഴിഞ്ഞ്‌

വലിയവലിയ ആഗ്രഹങ്ങളായിരുന്നു.
സിനിമാക്കഥകളിലെപ്പോലെ
വലിയൊരാളായിപെട്ടന്നെന്നെപണിഞ്ഞെടുക്കണമെന്ന്‌.
അന്നിട്ട്‌,
ഒരുദിവസം നിന്റെ മുന്നില്‍ പ്രത്യക്ഷനാകണമെന്ന്‌.
എന്നെകളഞ്ഞുപോയ നിനക്കൊരു
വമ്പന്‍നഷ്‌ടംതൊന്നിപ്പിക്കണമെന്ന്‌.

എന്നിട്ടും
നഷ്‌ടങ്ങളുടെ ദിവ്യമായതൊപ്പിമാത്രമാണ്‌ നേടിയത്‌.
ഇപ്പോളിതാ ഒരുവര്‍ഷം

ഇനിയും വര്‍ഷങ്ങള്‍
അതില്‍
അടുക്കിവച്ചദിവസങ്ങള്‍
നീയില്ലാതെ വന്ന്‌
ഓര്‍മയില്‍നിന്ന്‌
നിന്നെയുംകൂട്ടി പോകും.

നിന്നെ ഓര്‍ക്കാതിരിക്കുന്ന
ദിവസത്തിനുവേണ്ടിയാണ്‌ ഈകാത്തിരിപ്പ്‌.
അന്നുവായിക്കാന്‍വേണ്ടിയാണ്‌
ഈ കവിത ഞാനെഴുതിവയ്‌ക്കുന്നത്‌.

Sunday, June 7, 2009

ഹെയര്‍പിന്‍ ബെന്‍ഡ്‌


ഹെയര്‍പിന്നുകളെ മുടികള്‍ക്കിടയിലിരുത്തി
വളവുകള്‍കണ്ട്‌
ഒരുവള്‍ പോകും.
അവളുടെ കനംവച്ചുതുടങ്ങും
കുഞ്ഞിമുലകളെക്കുറിച്ചും,
അറബിയക്ഷരങ്ങള്‍പോലെ
വായനക്കു തയാറെടുത്തുവരും
കണങ്കാലിലെ രോമങ്ങളെക്കുറിച്ചും
വഴിയിലിരുന്നാരുപറഞ്ഞാലും
ഒന്നും മിണ്ടില്ല.
കുന്നിന്‍പുറത്തേക്ക്‌ പോകുന്ന
ലൈന്‍ ബസിന്റെ
അവസാന സ്റ്റോപ്പാണവളുടെ വീടെന്നറിയാം.
അവിടെയൊരുകിണര്‍ കുത്തിയാല്‍
കാണാവുന്ന ജലനിരപ്പിനും താഴെയാണ്‌
എന്റെ നില്‌പ്‌.

ഹെയര്‍പിന്നുകളുടെ കറുത്തകാലുകള്‍
മെല്ലെവിടര്‍ത്തി മുടികള്‍ക്കിടയിലേക്ക്‌ തിരുകും
ഒരുക്കങ്ങളെക്കുറിച്ച്‌
ചോദിച്ചിട്ടില്ല.

മഞ്ഞിന്റെ വലിയജനാലകളൂള്ള മുറിയിലിരിക്കുമ്പോള്‍
രാത്രിയില്‍ കേള്‍ക്കാം
കുന്നിന്‍പുറത്തേക്ക്‌
ഒറ്റശ്വാസത്തില്‍ പാട്ടുപാടിപ്പോകും വണ്ടികളെക്കുറിച്ച്‌.

പുലര്‍ച്ചെ;
ആരും ഉണരും മുന്‍പ്‌,
ഞാനാവളവില്‍ പോയി നോക്കും
എന്തെങ്കിലും എനിക്കവിടെകളഞ്ഞുകിട്ടും
അകന്നുപോയൊരു ഹെയര്‍പിന്നോ മറ്റോ..