Wednesday, May 24, 2017

പായുന്നൊരാൾക്കൂട്ടം

നോബർട്ട് പാവന റോഡ്*
അടച്ചിട്ട അറ്റ്ലാന്റിസ് റെയിൽഗേറ്റിൽ
ചെന്നിടിച്ചു നിന്നതിനാൽ
സാമുറായ് വെട്ടിത്തിരിച്ച്
ഒരു പീടികയ്ക്ക് മുന്നിലൊതുക്കി
ഇരുണ്ട ചുണ്ടുകൾ 
കാറ്റിലേക്ക് പുളുത്തി പുകയൂതി.

പീടികയ്ക്കു പിന്നിൽ പുറമ്പോക്ക്
ചെറിയ വീടുകൾ
ഇടുങ്ങിയ മുറ്റത്ത് പന്തുമായ്
പിടഞ്ഞോടും ഇരുണ്ട കുട്ടികൾ
ആ പന്തുരുണ്ടുചെന്നുവീഴും കനാൽ
അവിടെ പുളയ്ക്കും ഫിലോപ്പികൾ
മണം; കാറ്റിൽ പറക്കുന്നൂ പുഴുകിയ മണം.

കനാലിന്നൊഴുക്ക് 
കെട്ടിയടച്ച മതിൽ
അതിന്നുൾവശത്ത്
കെട്ടി-
  ക്കെട്ടി-
    ക്കെട്ടി-
      ക്കെട്ടി 
ഉയർത്തിയ ബഹുനിലയാകാശം.

മതിലിനു പുറത്തേക്ക് 
തലവീശുന്ന ബോഗൻവില്ല.
അതിനുകീഴേചുരുണ്ട മുടുക്കിലൂടെ 
പഴയ ബൈക്കുകളിൽ ചീറി
മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന
കുട്ടികൾ; അവർ മുതിർന്നിരിക്കുന്നു.

പായുന്നൂ
പാതയിലൂടെ 
തീവണ്ടി

തീവണ്ടി;
പായുന്നൊരാൾക്കൂട്ടം
പാറുന്നൂ കരിങ്കൊടി
വേഗം വേഗം എന്ന  ചലനവാക്യം.

അടച്ചിട്ട റെയിൽഗേറ്റ് തുറക്കെ,
ബൈക്കെടുക്കാനൊരുങ്ങുന്നു, എങ്കിലും
താക്കോലിന്റെ പല്ലുകൾ തേഞ്ഞിരിക്കുന്നു
സ്പീഡോമീറ്റർ ആവി മൂടിയിരിക്കുന്നു
സൈലൻസറിൽ ചുരുണ്ടിരിപ്പുണ്ട് ഒരു വെള്ളിക്കെട്ടൻ
നമ്പർപ്ളേറ്റിൽ അപരിചിത ലിപികൾ, അതിനൊത്ത അക്കങ്ങൾ.

ഉയരങ്ങളുടെ ചുവടേൽ
വേഗങ്ങളുടെ നടുവേൽ
പതുങ്ങിപ്പഴകിനിൽക്കുന്നൊരാൾ.

ഒരാളിൽ ഒരാൾക്കൂട്ടം.
----------------------------------------------------------
*നോബർട്ട് പാവന റോഡ്: തേവരയിൽ നിന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്കുള്ള റെയിൽപാതയ്ക്ക് സമാന്തരമായ ചെറുവഴിയുടെ തുടക്കം. നാടകകൃത്തും തിരക്കഥാകൃത്തുമായിരുന്നു നോബർട്ട് പാവന.
**സാമുറായ്:  1990-കളുടെ മധ്യത്തിൽ മാർക്കറ്റുപിടിച്ച സുസുക്കിയുടെ 'നോപ്രോബ്ളം' ബൈക്ക്.