Thursday, April 26, 2018

കോഴിക്കൃഷി

ഒരുനാൾ ഡാഡി
മല്ലപ്പള്ളി ചന്തയിൽ പോയിവരുന്നേരം
ഒരുകയ്യിൽ പത്തുകോഴിക്കുഞ്ഞുങ്ങളും
മറുകയ്യിൽ ഒരൊറ്റാലും.


ഒമ്പതുപിട, അപ്പിടകൾക്കൊരു പൂവൻ
കാര്യം വ്യക്തമാക്കി ഡാഡി
പുരയുടെ പിറകിലേക്ക്
നടന്നയുടൻ
ഇറയത്ത് ചാരിവച്ച
പഴയ ഓടുകളിളകുന്നു
ചെതുക്കിച്ച പട്ടികകളിൽ
ആണികൾ തറയുന്നു.

ഒറ്റാലിനടിയിൽ കോഴിക്കുഞ്ഞുങ്ങൾ
കീയോകീയോ കീറുന്നതുകേട്ട്
പുരപ്പുറമേ താണുപറക്കും പുള്ളിൻ ചിറകടി
മൂടുന്നൂ മേഘം
മേഘത്തിനൊറ്റാൽ.

തട്ടുന്നു
മുട്ടുന്നു
കൊട്ടുന്നു
കോഴിക്കൂട് തട്ടിക്കൂട്ടുന്നു.
പണിതീർത്ത കൂടിനുകീഴെ
ഇഴഞ്ഞെത്തേണ്ട ചേരയെ തുരത്താൻ
മുളങ്കമ്പൊരെണ്ണം വെട്ടിവെച്ചു.

മകനെയും ഒക്കത്തെടുത്ത്
പെങ്ങൾ രണ്ടാമത്തെ പേറിന്
വന്നുകേറിയനാൾ അത്താഴത്തിന്
ബ്‌ളോക്കുകോഴീടെ മുട്ട പൊരിക്കുമ്പോൾ
ഒമ്പതുകോഴി ഒരു ദിവസം ഒരു മുട്ടവീതമിട്ടാൽ
ഒരുമാസം എത്ര മുട്ടയിടുമെന്ന് അമ്മയോട് ഡാഡി.

തവിടും കൊത്തിത്തിന്ന് ചികയും കുഞ്ഞുങ്ങൾ
അലയും മണ്ണിലടർന്ന തൂവലുകൾ
പറക്കും കാറ്റിൽ
പറന്നൂ മേഘം.

കോഴിക്കുഞ്ഞുങ്ങൾ വളരുംതോറും
കൂവലിനാകെയൊരിമ്പംവന്നൂ
പിടയായിരുന്നില്ല, പൂവനുകൾ
തലമേലെ തുടുചോരപ്പൂവിടർത്തി
പത്തുപൂവന്മാർ ഉദിച്ചുണർന്നൂ
പത്തുപുലരി വിരിഞ്ഞപോലെ
തമ്മിലടിയ്ക്കടി പോരടിച്ചും
കൂടുവെടിഞ്ഞു ഞെളിഞ്ഞുനിന്നും
കൊത്തും കലിപ്പും പോർവിളിയും
രക്തം പടർത്തീ വിരലുകളിൽ
അതിരിലെ കല്ലേലേറിനിന്നു
പലപല ശബ്ദത്തിൽ കൂവിയാർത്തൂ
അയൽപക്ക പിടകളതിൽ തറഞ്ഞു
അതുകണ്ടു വമ്പന്മാർ തലകുണുക്കി
അക്കുണുക്കത്താൽ ചുവടെടുത്തൂ
തൂവൽചിറകു തരിച്ചുകേറി
കാലിലൊരായം പടർന്നുകേറി
കൊത്തിപ്പതുക്കി മെതിച്ചുലഞ്ഞൂ
പെട്ടെന്നാമട്ടിലുടൽ കുടഞ്ഞൂ
നട്ടുച്ച മങ്ങും പറമ്പുകളിൽ
ചുറ്റിത്തിരിഞ്ഞു മടങ്ങിവന്നു.

പെങ്ങൾക്ക് രണ്ടാമതും ആൺകുട്ടി പിറന്നു.
ഞാൻ വളർത്തിയ കോഴികളും
എന്റെ കൊച്ചുമക്കളും
ആണായിപ്പോയല്ലോയെന്ന് ഡാഡി.

പോരുപിടിച്ചും ഇണചേർന്നും നടന്ന
പൂവന്മാരിലൊരുവനെ
വെട്ടിനുറുക്കി കറിയാക്കി
തൊണ്ടവരെ ചോറുണ്ട രാത്രി
ഒരു പ്രത്യേകതരം വിഷാദം
വീടിനെ ചുറ്റിവളഞ്ഞു.
പിന്നീട്, ഓരോ പൂവനും
വിഷാദരാത്രികളോരോന്നുവീതം.

നീണ്ടുമുറ്റാത്ത ആ കോഴിക്കൃഷിയുടെ
അന്ത്യനാളുകളടുക്കെ,
ഒരു പൂവൻ മാത്രം അവശേഷിച്ചു.
അവൻ കൂട് ഉപേക്ഷിച്ച്
പാർപ്പ് മരത്തേലാക്കി.

തോന്നുംവഴിയായവന്റെ വഴി
തോന്നുംപടിയായവന്റെ കൂവൽ.

നട്ടുച്ചകൾ അവനുവേണ്ടി ചെവിയോർത്തു
നട്ടപ്പാതിരകൾ അവനുവേണ്ടി ഇരുൾപാകി.
ആ പൂവന് കറുത്ത അങ്കവാൽ അടയാളം
കൂവലിന് കിടുതാളം.

വീട്ടിൽ ഒരു കറുത്ത കോഴിത്തൂവലുണ്ട്
അത് ചെവിയിലിട്ടുകറക്കി
ഡാഡി എന്നെ നോക്കി
ഞാനതേനോട്ടം തിരിച്ചും.

Friday, March 9, 2018

ഇരുട്ടടി

അതിര്‌ കേറി പനറ്റിയ പിട*യുടെ വിരലുകള്‍
കൈച്ചുറ്റികയ്ക്ക് ചതച്ചുവിട്ടു.

തട്ടിന്‍പുറത്തെ പെട്ടീല്‍ കെണിഞ്ഞ എലിയെ
വെള്ളത്തില്‍ കുമിളകളാക്കി പൊട്ടിച്ച്
അതിരേലെറിഞ്ഞു.

അതിനെ, പിന്തുടര്‍ന്നിഴഞ്ഞ ചേരയെ
മണ്ണെണ്ണ കുടഞ്ഞ് പൊളളിക്കുകയും
ചെയ്തതോടെ ഇരുട്ട് വീണു.
മഴപൊട്ടി.

മണ്ണില്‍ മുളച്ചുവന്ന ഈയലുകള്‍ക്ക് മുഖംനോക്കാന്‍
ചെമ്പുചെരുവത്തില്‍ വെള്ളമൊഴിച്ച് വിളക്കുകുത്തി
കണ്ണാടിയുണ്ടാക്കി ഇറയത്തുവെച്ചു.
അവയതില്‍ മുഖംനോക്കി കിടന്നു പിടഞ്ഞു.

ഈയലുകള്‍ക്കു പിറകേവന്നു പല്ലികള്‍.
അതിന്റെ പൊളിഞ്ഞ ഉടലുകള്‍
തിണ്ണേല്‍ മുറിഞ്ഞ വാലുകള്‍ തെരഞ്ഞു

മഴ കനത്തതോടെ
അതിരുമാന്താന്‍ തോന്നി.
തൂമ്പയെടുത്ത് ഈടിക്കലേക്ക് നടന്നു.

മഴ കനത്തുകനത്തു വന്നു

തെറിയും കരുത്തും കൂട്ടി അതിരുകല്ലിളക്കി
അത് നാട്ടാനൊരു കുഴി കുത്തുമ്പോള്‍
തലയ്ക്ക് മേലെ ഒരൊച്ച കേട്ടു:
"പണിക്കേനേ, തരവഴി കാണിക്കല്ലേ, പണിക്കേനേ"
ഇരുട്ടിന്റെ നിറമുള്ള ഒരുത്തി ചില്ലേലിരുന്നാടുന്നു.
ആ ചില്ലകള്‍ മണ്ണോളം കുനിഞ്ഞുടന്‍ തലപ്പിലേക്ക് നിവരുന്നു.
അവിടന്നുവരെ അങ്ങനൊരു മരമില്ല,
എന്നാലാനേരമാ,മരമുണ്ട്.

ഇറയത്തേക്ക് തിരിച്ചുകേറുമ്പോള്‍
തൊണ്ടയില്‍ വേനലായി.

മുറ്റത്തെ കിണറ്റീന്ന് കോരിയെടുത്ത വെള്ളം
കുമിളകള്‍ പൊട്ടി വെട്ടിത്തിളച്ചു

കാലുകള്‍ക്കിടയിലൂടെ
പൊള്ളിയടര്‍ന്ന തോലുമായ്
ചേരകള്‍ ചെന്തീയായി.

ചിറകുമുറിഞ്ഞ ഈയലുകള്‍
ചെമ്പുചരുവത്തിലെ
നാളത്തില്‍ പറന്നുകളിച്ചു.

കൈതൊടുന്നയിടമെല്ലാം
പല്ലിമുട്ടകള്‍ വിരിഞ്ഞു
പാമ്പിന്‍കുഞ്ഞുങ്ങള്‍ നാവുനീട്ടി.

കാര്യം തിരിഞ്ഞു.
മറ്റൊന്നും ആലോചിച്ചില്ല.
അലക്കുകല്ലിലേക്ക് കാലുകള്‍ പൊക്കിവെച്ച്
പത്തുവിരലുകളും
കൈച്ചുറ്റികയ്ക്ക് അടിച്ചുപരത്തി
പുലരുംവരേയിരുന്ന് നിലവിളിച്ചു.

* പിടക്കോഴി

Wednesday, January 24, 2018

മകൾ


തീവണ്ടിയിൽ
എൺപതടുത്ത ഒരു കിഴവൻ
മടിയിൽ കണ്ണുമിഴിച്ച
പെൺകുഞ്ഞിനെ
ആണ്ടുകൾക്കുമുന്നേ മാഞ്ഞുപോയ
അയാളുടെ അമ്മയുടെ പേര്
പല ശബ്ദത്തിൽ
വിളിച്ചുകൊണ്ടേയിരുന്നു.


അയാളുടെ മെല്ലിച്ച തോളേൽ
ചാരിയുറങ്ങുന്നുണ്ട് മകൾ;
കുഞ്ഞിന്റെ അമ്മ.

അന്നേരം തീവണ്ടി ഒരു തൊട്ടിലാകുന്നു.
ചലനങ്ങളുടെ ആയിരം വിരലറ്റങ്ങളില്‍
ആയിരം താളങ്ങൾ.

കരച്ചിലിലേക്ക്
പുളുത്താനൊരുങ്ങും
ചെറുചുണ്ടുകളുടെ നോട്ടമേറ്റ്
അയാളുടെ മുലക്കണ്ണുകൾ ത്രസിച്ചു.
മുഷിഞ്ഞ നെഞ്ചിലേക്ക്
പാൽഞരമ്പുകൾ കണ്ണുതുറന്നു.

എനിക്ക് തോന്നി
അത് വിയർപ്പെന്ന്.

പാട്ടുകളവരുടെ പാട്ടുകള്‍ പാട്ടുകള്‍

വെയിലിന് മരം എന്ന വീടുണ്ട്
വീടിന് തണല്‍ എന്ന മുറ്റവും
മുറ്റത്ത് ഇലകള്‍ എന്ന നീറുകളും
നീറുകള്‍ക്ക് കവരങ്ങള്‍ എന്ന നടപ്പാതകളും.
ആ പാതകളിലൊന്നില്‍
തേന്‍കൂട് എന്ന റേഡിയോ തൂങ്ങിക്കിടക്കുന്നു.
നൂറുനൂറ് ഗായകര്‍
മൂളിക്കൊണ്ടേയിരിക്കുന്നു
പാട്ടുകളവരുടെ
പാട്ടുകള്‍ പാട്ടുകള്‍.