Sunday, November 29, 2009


കടല്‍പ്പാലത്തിനു താഴെ പോയിനിന്നു.

മേലേ തെറിച്ച ഇരമ്പുകമ്പിമേല്‍
പറന്നു വന്നിരുന്ന് കാക്കകള്‍ കൊക്കുമിനുക്കുന്നു.
അകലെ കടലില്‍
മീന്‍പിടുത്തക്കാര്‍
തുഴകളാല്‍ നീലവെള്ളം മുക്കി തൊട്ടുതൊട്ടുവരുന്ന
കറുത്ത ഗോപിപൊട്ടുപോലെ
കണ്ടുതുടങ്ങുന്ന മീന്‍വഞ്ചി
തിരകടന്ന്
ഇങ്ങെത്തുമ്പോഴേക്കും
കാക്കകള്‍ പറന്നുപോയേക്കും.

വിണ്ടുപൊട്ടിയ മനസുപോലെ
നിലംപൊത്താറായ
പരുക്കന്‍ കടല്‍പാലത്തിന് എത്ര വയസുണ്ടാകും
എന്നെപ്പോലെ
ഇവിടെ വന്ന്
നിരപ്പില്‍ നിന്നും
തിരയിലേക്ക് കടക്കാനാഞ്ഞവരാരെല്ലാം.
പിന്നില്‍ സൂചിമുന കണ്ണുറപ്പിച്ചു നില്ക്കുന്ന ലൈഫ് ഗാര്‍ഡ്
അപ്പോള്‍ കണ്ണടച്ചു നിന്നുകാണുമോ...?
മരണത്തിന്റെ ചൂണ്ടയില്‍പെട്ടതുകണ്ട് ഓടിയെത്തി
മുഖം കോട്ടുന്നൊരടി നല്‍കി
ജീവിതത്തെ കൈയ്യിലേല്‍പ്പിച്ചു പറഞ്ഞുവിട്ടുകാണുമോ...?

കടലിലേക്ക് ഇറങ്ങിപ്പോകാനൊരുങ്ങുമ്പോള്‍
തിരയെന്നെ തിരിച്ചുനടത്തുന്നു.
ഞണ്ടുകളെ ഇറുക്കാനിറക്കിവിട്ട്
കരയിലേക്കു കയറ്റിവിടുന്നു
പതഞ്ഞൊഴുകിയെത്തും ചെറുതിരയോടൊപ്പം നടത്തി
ചെന്നിരിക്കാന്‍ മണല്‍വിരിപ്പില്‍
ഉറച്ചുപോയ ഒരു വഞ്ചി കാണിച്ചുതരുന്നു.

ഒടുവില്‍
വഞ്ചിയില്‍ ഞാനൊറ്റയ്ക്കാവുന്നു.
അതില്‍ വലയും,
ഉണങ്ങിയ ചെതുമ്പലുകളും
കടല്‍മണമുള്ള ഒരു ചുവന്ന തോര്‍ത്തും ഉണ്ട്.

നേരം പരപരാ വെളുക്കുമ്പോള്‍
അകലെ കുടിലുകളില്‍ നിന്നും മീന്‍പിടുത്തക്കാരെത്തി
വല വിരലുകളില്‍ കൊളുത്തിയെടുക്കും.
തട്ടില്‍ പരന്നുകിടക്കും
ചെതുമ്പലുകളെ
ആ ചുവന്ന തോര്‍ത്തുകൊണ്ട്
തുടച്ചുമാറ്റും.
പിന്നെ മീന്‍വഴിയേ ആഴക്കടലിലേക്ക് തുടരും.
തോര്‍ത്ത് വെയിലില്‍ ഉപേക്ഷിക്കപ്പെട്ടേക്കും.

മണല്‍പരപ്പില്‍
പകലാകെ ഉണങ്ങാന്‍ കിടക്കുന്ന
ആ മുഷിഞ്ഞ തോര്‍ത്ത് പോലെയാണ്
വഞ്ചിയിലിരിക്കുന്ന എന്റെ ജീവിതം.

വെയിലടിക്കുമ്പോള്‍
നൂലിഴകളില്‍ മിന്നുന്ന
ചെതുമ്പല്‍ തിളക്കം പോലെ
ജീവിതം എന്ന കൊതി.

Sunday, October 18, 2009



പുഴയ്ക്കക്കരെ സൂര്യന്‍ താഴുന്നത്
മുളങ്കാടുകള്‍ക്കിടയ്ക്കു നിന്ന് കണ്ടു
തൂകിവീണ മഞ്ഞവെട്ടം
മുളയിലയില്‍ കെട്ടിനിന്നു
ഇല വകഞ്ഞുമാറ്റിമാറ്റി
മഞ്ഞയെ, ഇളംചുവപ്പിനെ തെളിച്ചെടുത്തു.
കൂര്‍ത്തവെട്ടം മുഖത്തു മഞ്ഞപെയിന്റടിച്ചു
ചാഞ്ഞ മുള താഴെ ഒഴുക്കില്‍
ഒരില മുക്കിയെടുത്തു മഞ്ഞയേ നേര്‍പ്പിച്ചും വിട്ടു.

ഇല വകഞ്ഞു പുഴയിറമ്പില്‍ നില്ക്കെ
ഇലയായി, പെട്ടന്നൊഴുക്കിലേക്കു പൊഴിഞ്ഞുവീണു.
ചുഴികളുടെ വിളികേട്ടു ശബ്ദമില്ലാതെ
ചെവിയില്‍ വെള്ളം കയറുന്നതറിയുന്നുണ്ട്.
കൈകളില്‍ വാക്കുകള്‍ പ്രവേശിച്ചപോലെ
എഴുന്നുനിന്നവ പറഞ്ഞുതുടങ്ങി
നിരപ്പില്‍ അലയടി ഏങ്ങലടിയായി
ശബ്ദമിശ്രണത്തിന്റെ രേഖാചിത്രം
തെളിഞ്ഞപോലെ

ഒഴുക്കിലേക്ക് അവളെങ്ങനെ ഒഴുകിവന്നു
അടുത്ത കടവില്‍ കുളിച്ചോണ്ടിരുന്നവളല്ലേ
കൈകളില്‍ കൊളുത്തിയെടുത്തു ജീവന്‍
നിരപ്പില്‍ പച്ചമണ്ണില്‍ കിടത്തിയെന്നെ.
ഇരുട്ടെത്തി, മുളങ്കാട്ടില്‍ നിന്നും എഴുന്നേറ്റ്
ജീവനുമായി വീട്ടിലേക്ക് പോയി.

ഇരുട്ടുമാറി, പ്രകാശമെത്തി
സൂര്യന്‍ താണുതാണുപോയ കണ്ടത്
ഓര്‍ത്തെടുത്തെങ്കിലും
അവളുടെ മുഖം ഓര്‍മ്മയില്‍ കണ്ടില്ല
കാല്‍മുട്ടില്‍ മലര്‍ന്നു കിടക്കുന്നുണ്ട്
ഒരു തവിട്ടുസൂര്യന്‍
അതില്‍ തൊട്ടുതൊട്ടിരുന്നു.

Wednesday, July 29, 2009

പാവാടക്കാരിക്ക്


പെണ്ണുകെട്ടാത്തവര്‍ താമസിക്കുന്ന
ഈ മുറിയില്‍
ഒരു പാവാട ഉരിഞ്ഞുവീണു

അരക്കെട്ടില്‍ വിരലുകളാര്‍ത്തി
വലിച്ചെടുത്തതല്ല
ഇരുമ്പിന്റെ വഴി എന്നുംപോകും
പീത്തകണ്ടറിയാം

കൂട്ടുകെട്ടുകളുടെ നാക്കുനീട്ടിക്കെട്ടിയ അയയില്‍
പഴയപാവാടക്കാരികള്‍ വന്ന്
അന്നുണങ്ങാനിരുന്നു.

അടുത്തവീട്ടിലെ പെണ്ണിന്
ഇതേ നിറത്തിലൊരുബ്ളൌസുണ്ടന്ന് പറഞ്ഞുപോയവന്‍
വെറുതേ തിരിച്ചുവന്നു.

മുറിയുടെ ചെവിനിറച്ച് പാട്ടുപാടി
നാട്ടിലെപെണ്ണുങ്ങളെ മുഴുവനുറക്കി
പെണ്ണുകെട്ടാത്തവര്‍ താമസിക്കുന്ന
ഈ വീടുറങ്ങിപ്പോയിട്ടും
അവളറിയാതെ അയയില്‍നിന്നും
ഞാനെടുത്ത പാവാടമാത്രം
ഉറങ്ങുന്നില്ല.

Wednesday, June 17, 2009

സൂര്യനില്‍ ഒരു കുളി


പാലത്തടിയിട്ട കിണറിന്റെ വക്കിലാണ്‌
നാട്ടിലെ മറപ്പുരകളെല്ലാം.

പത്തുമണിയ്ക്കുമേല്‍
പതിനൊന്നാംമണി പടര്‍ന്നുതുടങ്ങുമ്പോള്‍
പെണ്ണുങ്ങളൊരു കുളിയുണ്ട്‌.

പുരയുടെ ഓലമേഞ്ഞ ചുവരുകള്‍ക്കൊപ്പമിരുന്ന്‌
ഈറന്‍കോരുന്ന
അവരുടെ ഉടുപ്പുകള്‍
വഴിയേവരുന്നവരെടുത്തുടുത്തുപോകുന്നുണ്ടവരറിയാതെ.

എന്നാല്‍
സൂര്യനതുപോലെയല്ല.

മേല്‍ക്കൂരകളില്ലാത്ത എല്ലാ മറപ്പുരകളിലും
അവന്‍ മാറിമാറി നോക്കാറുണ്ട്‌.

പല്ലുമുളച്ചിട്ടും പാല്‍ക്കൊതി തീരാത്ത
അവന്റെ ചുണ്ടില്‍ അടരുമൊരു തുള്ളി
മഴയായ്‌ വളരുന്നുണ്ട്‌.

കുളികഴിഞ്ഞ്‌
ഈറന്‍ഭോജികളായ തോര്‍ത്തുമുണ്ട്‌
തലയിലുരച്ച്‌
പെണ്ണുങ്ങള്‍ കയറിപ്പോയിട്ടും
ഉച്ചയോടടുത്തൊരൊച്ചയുമില്ലാതെ
സൂര്യനേ, നിന്റെ വേനല്‍മഴ.

ചന്ദ്രനുദിക്കുമ്പോള്‍


വൈകുന്നേരമാണ്‌
കരിനീലമേഘങ്ങള്‍ക്കിടയില്‍
പകല്‍മുഴുവനൊരുപാടുനേരം
ഒളിവിലായിരുന്ന ഒരു കഷണം ചന്ദ്രന്‍
പുലരുന്നതേയുള്ളൂ.

അഞ്ചരയുടെ സ്കൂള്‍ബസ്സിനെത്തിയ
അയല്‍പക്കക്കാരായ പ്ലസ്ടൂ കുട്ടികള്‍
കളിപറഞ്ഞ്‌
പ്രണയത്തിന്റെ വയല്‍വരമ്പ്‌ കടക്കുന്നതേയുള്ളൂ.
കൊയ്ത്തടുത്തുകഴിഞ്ഞ വയലിന്നുമീതെ
അരിവാളാകൃതിയില്‍
കുറേ കിളികള്‍
പണികഴിഞ്ഞ്‌ വീട്ടിലേയ്ക്ക്‌ പറന്നുപോകുന്നതേയുള്ളൂ.

വയലോരത്തെ വീട്ടില്‍
മുറ്റത്തെ ചെടികളോടൊപ്പം
മഴയില്‍ വളര്‍ന്നുവന്ന
വക്കുകെട്ടാത്ത കിണറിന്റെയോരത്തൊരുവള്‍
കണവനെ കാത്തിരിക്കുകയാണ്‌
കൈക്കുഞ്ഞുമായി.

അവന്റെ കണ്ണ്‌ ചന്ദ്രനിലും
ചുണ്ട്‌ മുലക്കണ്ണിലും
മുത്തമിടുന്നുണ്ട്‌.

അവള്‍ക്കുമാത്രം കാണാം
അവന്റെ കണ്ണില്‍ തിളങ്ങുന്നൊരു
കുഞ്ഞുചന്ദ്രനെ!

ഈ ഗ്രാമത്തിലിതേ ദിവസമിതേ സമയം
എത്ര ചന്ദ്രന്മാരുദിയ്ക്കുന്നുണ്ടാകും.

ഗോത്രശില്‌പം


മലയോരത്തെ കരിങ്കല്‍പാളിയ്‌ക്കടുത്ത്‌
കല്ലില്‍കൊട്ടിയൊഴുകിത്തെറിക്കും വെള്ളത്തെനോക്കി
ഒരു കല്ലേറിനുള്ള ദൂരത്തു
മഴക്കാറുവന്നുനില്‌ക്കുംനേരം

മടയുടെ വക്കില്‍നിന്നും
താഴേക്ക്‌ കുതിക്കുന്ന പേടിച്ചനോട്ടത്തെ
ചവിട്ടിഇറങ്ങാനായി ഉറപ്പിച്ചുവച്ച
മൂന്നുകുത്തുകല്ലുകള്‍
മൂന്നായി പകുത്തദൃശ്യത്തില്‍

ഒന്നാം കല്ലില്‍ചവുട്ടി
രണ്ടാംകല്ലിലേക്ക്‌ കാലാഞ്ഞ്‌
മൂന്നാംകല്ലിലേക്ക്‌ കണ്ണുറപ്പിച്ചപ്പോള്‍
ഞാനൊരു പ്രാചീന ഗോത്രനൃത്തശില്‌പമായിപ്പോയി.

നമ്മുടെ ജീവിതത്തില്‍



നമ്മുടെ ജീവിതത്തില്‍ നടക്കാതെപോയ
ആദിവസമില്ലേ
അതിന്റെ
ഒന്നാംവാര്‍ഷികമാണിന്ന്‌.

വളരെപണിപ്പെട്ടിട്ടും
തൊഴിലടക്കം
ഒന്നുംനേടാനായില്ല.
വെറുതെപട്ടണംചുറ്റിക്കണ്ടുനടന്നതല്ലാതെ.

നീപിരിഞ്ഞുപോയ്‌ക്കഴിഞ്ഞ്‌

വലിയവലിയ ആഗ്രഹങ്ങളായിരുന്നു.
സിനിമാക്കഥകളിലെപ്പോലെ
വലിയൊരാളായിപെട്ടന്നെന്നെപണിഞ്ഞെടുക്കണമെന്ന്‌.
അന്നിട്ട്‌,
ഒരുദിവസം നിന്റെ മുന്നില്‍ പ്രത്യക്ഷനാകണമെന്ന്‌.
എന്നെകളഞ്ഞുപോയ നിനക്കൊരു
വമ്പന്‍നഷ്‌ടംതൊന്നിപ്പിക്കണമെന്ന്‌.

എന്നിട്ടും
നഷ്‌ടങ്ങളുടെ ദിവ്യമായതൊപ്പിമാത്രമാണ്‌ നേടിയത്‌.
ഇപ്പോളിതാ ഒരുവര്‍ഷം

ഇനിയും വര്‍ഷങ്ങള്‍
അതില്‍
അടുക്കിവച്ചദിവസങ്ങള്‍
നീയില്ലാതെ വന്ന്‌
ഓര്‍മയില്‍നിന്ന്‌
നിന്നെയുംകൂട്ടി പോകും.

നിന്നെ ഓര്‍ക്കാതിരിക്കുന്ന
ദിവസത്തിനുവേണ്ടിയാണ്‌ ഈകാത്തിരിപ്പ്‌.
അന്നുവായിക്കാന്‍വേണ്ടിയാണ്‌
ഈ കവിത ഞാനെഴുതിവയ്‌ക്കുന്നത്‌.

Sunday, June 7, 2009

ഹെയര്‍പിന്‍ ബെന്‍ഡ്‌


ഹെയര്‍പിന്നുകളെ മുടികള്‍ക്കിടയിലിരുത്തി
വളവുകള്‍കണ്ട്‌
ഒരുവള്‍ പോകും.
അവളുടെ കനംവച്ചുതുടങ്ങും
കുഞ്ഞിമുലകളെക്കുറിച്ചും,
അറബിയക്ഷരങ്ങള്‍പോലെ
വായനക്കു തയാറെടുത്തുവരും
കണങ്കാലിലെ രോമങ്ങളെക്കുറിച്ചും
വഴിയിലിരുന്നാരുപറഞ്ഞാലും
ഒന്നും മിണ്ടില്ല.
കുന്നിന്‍പുറത്തേക്ക്‌ പോകുന്ന
ലൈന്‍ ബസിന്റെ
അവസാന സ്റ്റോപ്പാണവളുടെ വീടെന്നറിയാം.
അവിടെയൊരുകിണര്‍ കുത്തിയാല്‍
കാണാവുന്ന ജലനിരപ്പിനും താഴെയാണ്‌
എന്റെ നില്‌പ്‌.

ഹെയര്‍പിന്നുകളുടെ കറുത്തകാലുകള്‍
മെല്ലെവിടര്‍ത്തി മുടികള്‍ക്കിടയിലേക്ക്‌ തിരുകും
ഒരുക്കങ്ങളെക്കുറിച്ച്‌
ചോദിച്ചിട്ടില്ല.

മഞ്ഞിന്റെ വലിയജനാലകളൂള്ള മുറിയിലിരിക്കുമ്പോള്‍
രാത്രിയില്‍ കേള്‍ക്കാം
കുന്നിന്‍പുറത്തേക്ക്‌
ഒറ്റശ്വാസത്തില്‍ പാട്ടുപാടിപ്പോകും വണ്ടികളെക്കുറിച്ച്‌.

പുലര്‍ച്ചെ;
ആരും ഉണരും മുന്‍പ്‌,
ഞാനാവളവില്‍ പോയി നോക്കും
എന്തെങ്കിലും എനിക്കവിടെകളഞ്ഞുകിട്ടും
അകന്നുപോയൊരു ഹെയര്‍പിന്നോ മറ്റോ..