Thursday, April 26, 2018

കോഴിക്കൃഷി

ഒരുനാൾ ഡാഡി
മല്ലപ്പള്ളി ചന്തയിൽ പോയിവരുന്നേരം
ഒരുകയ്യിൽ പത്തുകോഴിക്കുഞ്ഞുങ്ങളും
മറുകയ്യിൽ ഒരൊറ്റാലും.


ഒമ്പതുപിട, അപ്പിടകൾക്കൊരു പൂവൻ
കാര്യം വ്യക്തമാക്കി ഡാഡി
പുരയുടെ പിറകിലേക്ക്
നടന്നയുടൻ
ഇറയത്ത് ചാരിവച്ച
പഴയ ഓടുകളിളകുന്നു
ചെതുക്കിച്ച പട്ടികകളിൽ
ആണികൾ തറയുന്നു.

ഒറ്റാലിനടിയിൽ കോഴിക്കുഞ്ഞുങ്ങൾ
കീയോകീയോ കീറുന്നതുകേട്ട്
പുരപ്പുറമേ താണുപറക്കും പുള്ളിൻ ചിറകടി
മൂടുന്നൂ മേഘം
മേഘത്തിനൊറ്റാൽ.

തട്ടുന്നു
മുട്ടുന്നു
കൊട്ടുന്നു
കോഴിക്കൂട് തട്ടിക്കൂട്ടുന്നു.
പണിതീർത്ത കൂടിനുകീഴെ
ഇഴഞ്ഞെത്തേണ്ട ചേരയെ തുരത്താൻ
മുളങ്കമ്പൊരെണ്ണം വെട്ടിവെച്ചു.

മകനെയും ഒക്കത്തെടുത്ത്
പെങ്ങൾ രണ്ടാമത്തെ പേറിന്
വന്നുകേറിയനാൾ അത്താഴത്തിന്
ബ്‌ളോക്കുകോഴീടെ മുട്ട പൊരിക്കുമ്പോൾ
ഒമ്പതുകോഴി ഒരു ദിവസം ഒരു മുട്ടവീതമിട്ടാൽ
ഒരുമാസം എത്ര മുട്ടയിടുമെന്ന് അമ്മയോട് ഡാഡി.

തവിടും കൊത്തിത്തിന്ന് ചികയും കുഞ്ഞുങ്ങൾ
അലയും മണ്ണിലടർന്ന തൂവലുകൾ
പറക്കും കാറ്റിൽ
പറന്നൂ മേഘം.

കോഴിക്കുഞ്ഞുങ്ങൾ വളരുംതോറും
കൂവലിനാകെയൊരിമ്പംവന്നൂ
പിടയായിരുന്നില്ല, പൂവനുകൾ
തലമേലെ തുടുചോരപ്പൂവിടർത്തി
പത്തുപൂവന്മാർ ഉദിച്ചുണർന്നൂ
പത്തുപുലരി വിരിഞ്ഞപോലെ
തമ്മിലടിയ്ക്കടി പോരടിച്ചും
കൂടുവെടിഞ്ഞു ഞെളിഞ്ഞുനിന്നും
കൊത്തും കലിപ്പും പോർവിളിയും
രക്തം പടർത്തീ വിരലുകളിൽ
അതിരിലെ കല്ലേലേറിനിന്നു
പലപല ശബ്ദത്തിൽ കൂവിയാർത്തൂ
അയൽപക്ക പിടകളതിൽ തറഞ്ഞു
അതുകണ്ടു വമ്പന്മാർ തലകുണുക്കി
അക്കുണുക്കത്താൽ ചുവടെടുത്തൂ
തൂവൽചിറകു തരിച്ചുകേറി
കാലിലൊരായം പടർന്നുകേറി
കൊത്തിപ്പതുക്കി മെതിച്ചുലഞ്ഞൂ
പെട്ടെന്നാമട്ടിലുടൽ കുടഞ്ഞൂ
നട്ടുച്ച മങ്ങും പറമ്പുകളിൽ
ചുറ്റിത്തിരിഞ്ഞു മടങ്ങിവന്നു.

പെങ്ങൾക്ക് രണ്ടാമതും ആൺകുട്ടി പിറന്നു.
ഞാൻ വളർത്തിയ കോഴികളും
എന്റെ കൊച്ചുമക്കളും
ആണായിപ്പോയല്ലോയെന്ന് ഡാഡി.

പോരുപിടിച്ചും ഇണചേർന്നും നടന്ന
പൂവന്മാരിലൊരുവനെ
വെട്ടിനുറുക്കി കറിയാക്കി
തൊണ്ടവരെ ചോറുണ്ട രാത്രി
ഒരു പ്രത്യേകതരം വിഷാദം
വീടിനെ ചുറ്റിവളഞ്ഞു.
പിന്നീട്, ഓരോ പൂവനും
വിഷാദരാത്രികളോരോന്നുവീതം.

നീണ്ടുമുറ്റാത്ത ആ കോഴിക്കൃഷിയുടെ
അന്ത്യനാളുകളടുക്കെ,
ഒരു പൂവൻ മാത്രം അവശേഷിച്ചു.
അവൻ കൂട് ഉപേക്ഷിച്ച്
പാർപ്പ് മരത്തേലാക്കി.

തോന്നുംവഴിയായവന്റെ വഴി
തോന്നുംപടിയായവന്റെ കൂവൽ.

നട്ടുച്ചകൾ അവനുവേണ്ടി ചെവിയോർത്തു
നട്ടപ്പാതിരകൾ അവനുവേണ്ടി ഇരുൾപാകി.
ആ പൂവന് കറുത്ത അങ്കവാൽ അടയാളം
കൂവലിന് കിടുതാളം.

വീട്ടിൽ ഒരു കറുത്ത കോഴിത്തൂവലുണ്ട്
അത് ചെവിയിലിട്ടുകറക്കി
ഡാഡി എന്നെ നോക്കി
ഞാനതേനോട്ടം തിരിച്ചും.

6 comments:

  1. അതി മനോഹരമായ കവിത അഭിനന്ദനങ്ങൾ ഇങ്ങനെ ഒരു കവിയെ ദീപ ടീച്ചർ കാരണം പരിചയപ്പെടാൻ

    കഴിഞ്ഞു

    ReplyDelete
  2. Thanks to Deepa Teacher.Expecting more poetic imaginations with insightful thoughts.A fan born out of controversy.

    ReplyDelete
  3. Dear Kalesh - Your poem took me to some of my childhood memories buried deep in the ashes of time. Reading a poetry after a long time. Thanks to the plagiarism news doing rounds in the media. Hats off to you to come up front and expose those cultural parasites..!!

    ReplyDelete
  4. നന്നായി പറഞ്ഞു

    ReplyDelete
  5. കലേഷ് എന്ന പേര് തിരശ്ശീലയിൽ തെളിഞ്ഞില്ലെങ്കിലും അങ്ങനെയിരിക്കെ വർഷങ്ങൾക്കു ശേഷം എല്ലാവരും കൈയ്യടിച്ചു
    കൊണ്ടേയിരുന്നു....

    ReplyDelete
  6. വളരെയധികം ഇഷ്ടപ്പെട്ടു.
    ശബ്ദമഹാസമുദ്രം ഇന്നലെ വാങ്ങി വായിക്കാൻ തുടങ്ങുന്നു.

    ReplyDelete