
ഭൂപണയബാങ്കില് പോയി ക്യൂവിന് നീളംകൂട്ടി
നൂറിന്റെ പത്തുകെട്ടുകള്‍
കിട്ടിയത് പൊതിഞ്ഞെടുത്തു.
വീട്ടിലേക്ക് ഒരോട്ടോവിളിച്ചു പോന്നു.
തുലാവര്‍ഷം പുരപ്പുറത്തെത്തി.
പാട്ടംപിടിച്ച അയല്‍വക്കപറമ്പിലെ തടത്തില്‍
മണ്ണിളക്കി മറിച്ചിട്ടു.
വാഴ വിത്തുകള്‍ കൂട്ടിയിട്ട
മുറ്റം ഇരുണ്ടുപോയി.
പെങ്ങളുടെ കുഞ്ഞ്
ഇതെന്റെ വാവയെന്നു പറഞ്ഞ്
ഒരു വിത്തിന് പാലുകൊടുക്കുന്നു
കിളച്ചിട്ട പറമ്പില്‍
പണിതീരാതെ തളര്ന്നിരിക്കെ
ഇടുപ്പില്‍ വിയര്‍പ്പ് തുള്ളി കിളിര്‍ത്തിറങ്ങി
നാമ്പിട്ടു വാഴയിലകള്‍
ചിരിക്കുന്ന കൂമ്പുകള്‍ പടര്‍ത്തി
തേനൂറും അതിന്റെ ചുണ്ടുകള്‍
ഈമ്പിയിരുന്നു പകല്‍.
വലിയൊരു മഴപെയ്തു
കാറ്റ് വാഴകള്‍ വെട്ടിയിട്ടു.
കടംകയറി തകര്‍ന്നുപോയി.
ഭൂപണയ ബാങ്കിലിരുന്ന്
ആധാരം എന്നെ ഓര്‍ത്തു.
ഉണങ്ങിയ വാഴക്കൈകള്‍
ഇലിച്ച്
രാവിലെ തീകൂട്ടി
വാഴത്തോട്ടത്തില്‍
തണുപ്പത്ത്
കടങ്ങള്‍ മറന്നു.
രാത്രി
മുറ്റത്തിറങ്ങി
നിന്നപ്പോഴാകാട്ടെ
നിരനിരയായ്
പടര്‍ന്നു നാമ്പിട്ടുനില്‍ക്കുന്ന
ചെറുവാഴത്തൈകള്‍
പെട്ടന്നൊരാട്ടിന്‍ പറ്റമായ് മാറി
കാറ്റത്ത് തലയാട്ടി.
നിലാവ് അവയുടെ പാല്‍ക്കറക്കുന്നു
അതു കണ്ടു കൊതിയോടെ
ഞാന്‍ ആട്ടിടയനായി.