
പെണ്ണുകെട്ടാത്തവര്‍ താമസിക്കുന്ന
ഈ മുറിയില്‍
ഒരു പാവാട ഉരിഞ്ഞുവീണു
അരക്കെട്ടില്‍ വിരലുകളാര്‍ത്തി
വലിച്ചെടുത്തതല്ല
ഇരുമ്പിന്റെ വഴി എന്നുംപോകും
പീത്തകണ്ടറിയാം
കൂട്ടുകെട്ടുകളുടെ നാക്കുനീട്ടിക്കെട്ടിയ അയയില്‍
പഴയപാവാടക്കാരികള്‍ വന്ന്
അന്നുണങ്ങാനിരുന്നു.
അടുത്തവീട്ടിലെ പെണ്ണിന്
ഇതേ നിറത്തിലൊരുബ്ളൌസുണ്ടന്ന് പറഞ്ഞുപോയവന്‍
വെറുതേ തിരിച്ചുവന്നു.
മുറിയുടെ ചെവിനിറച്ച് പാട്ടുപാടി
നാട്ടിലെപെണ്ണുങ്ങളെ മുഴുവനുറക്കി
പെണ്ണുകെട്ടാത്തവര്‍ താമസിക്കുന്ന
ഈ വീടുറങ്ങിപ്പോയിട്ടും
അവളറിയാതെ അയയില്‍നിന്നും
ഞാനെടുത്ത പാവാടമാത്രം
ഉറങ്ങുന്നില്ല.