Tuesday, November 12, 2019

അടമുട്ടകള്‍


ടമുട്ടകളുടെ അനക്കത്തിലേക്ക്
ചെവി തുറന്നിട്ട വൈകുന്നേരം
നഗരത്തിലെ കൂട്ടുകാരന്‍
ഒരു കുറഞ്ഞ പൈന്റുമായി
വരുന്നുണ്ടെന്നറിഞ്ഞ്
വകേലുള്ള ചിറ്റപ്പനെ
വീട്ടിലേക്കു വിളിച്ചുവരുത്തി
ഞങ്ങള്‍ വഴീലിറങ്ങി നിന്നു.

വൈകുന്നേരമായാല്‍ പുലര്‍ച്ചയെന്നും
പുലര്‍ച്ചയായാല്‍ വൈകുന്നേരമെന്നും തോന്നുന്ന
ഒരു നശിഞ്ഞ കാലമായിരുന്നു
എനിക്കുചുറ്റും.

മരിച്ചവീട്ടിലെ കരച്ചിലുകണക്കെ
മഴ ഇടറി പെയ്തുകൊണ്ടിരുന്നിട്ടും
ദൂരത്തവനെ കണ്ടയുടന്‍ ചിറ്റപ്പന്‍
അനിയാ എന്നു നീട്ടിവിളിച്ചു.
ജേഷ്ഠാ എന്നവനും വിളിച്ച്
ഉറുമ്പടക്കം കെട്ടിപ്പിടിച്ചതോടെ
അവന്റരേലിരുന്ന കുപ്പിയും
ചിറ്റപ്പന്റരേലിരുന്ന ഗഌസും
ചിയേഴ്‌സടിച്ചു.

അങ്ങേരുടെ മൂന്നുബാറ്ററി തെളിച്ചവഴിയേ
വരമ്പുകടന്ന് ചായന്തെങ്ങുകളുടെ
പണയില്‍ ചെന്നിരുന്ന്
ഞങ്ങള്‍ ഓരോന്നൊഴിച്ചു.

തൊണ്ടേലേക്ക് ഗഌസുകമഴ്ത്തി
എളിയില്‍ നിന്നൊരു പൊതിയഴിച്ച്
തെങ്ങേലൊന്നു തട്ടി
വായിലേക്കു ചിതറിച്ച മുട്ടയില്‍
ജീവന്റെ തിടുക്കം കണ്ട്
വയലിലേക്കതു വലിച്ചെറിഞ്ഞ്
ചിറ്റപ്പന്‍ നിലവിളി തുടങ്ങി.

ചിറ്റപ്പന് കുട്ടികള്‍ ഇല്ലായിരുന്നു.
പെറാത്ത കെട്ടിയോളെ അയാളുപേക്ഷിച്ചു.
അവരാണയാളെ ആദ്യമുപേക്ഷിച്ചത്.
അവര്‍ക്ക് പിറക്കാനിരുന്ന
കുട്ടികള്‍ മുളയിലേ വാടിപ്പോയി.
എന്നിരുന്നാലും അതുങ്ങള്‍ക്കിടാനുള്ള പേരുകള്‍
ചിറ്റപ്പന്‍ കണ്ടുവച്ചിരുന്നു.

ചിറ്റ മടങ്ങിപ്പോയ ദിവസം
ഇറയത്തെ ചെടികളിലേക്ക്
ചിറ്റപ്പന്‍ ആ പേരുകളെടുത്തെറിഞ്ഞു.
വര്‍ഷകാലം വന്നുമടങ്ങുമ്പോള്‍
ആ ചെടികള്‍ വളര്‍ന്ന്
ചാര്‍ത്തിലേക്ക് പൂക്കള്‍ നീട്ടി.
അവിടെക്കിടന്ന്
ഒരു വാടാമല്ലിയിലേക്ക് ചിറ്റപ്പന്‍ വിരല്‍നീട്ടി.

കൈമാറിയെത്തിയ ഒരു  ഗ്‌ളാസില്‍
ചിറ്റപ്പന്‍ നിലവിളിനിര്‍ത്തി
വയലില്‍ തലയാട്ടും കതിരുകളെ
മക്കടെ പേരുകളോരോന്നായി വിളിച്ചു.
മഴതോര്‍ന്ന ആകാശം നോക്കി
ആ കതിരുകള്‍ നിറഞ്ഞൊന്നാടി.

വയലിനക്കരെ
വിളക്കുപഴുത്ത് വെളിച്ചം തുപ്പും വീടുകള്‍
ആ വീടുകളെ തറഞ്ഞു നില്‍ക്കും തിട്ടകള്‍
നിര്‍ത്തെടാ എരപ്പേ...
നിന്റെ നിലവിളിയെന്നലറി.

നഗരത്തിലെ ജീവിതം
തേഞ്ഞുപോയതിന്റെ വിങ്ങല്‍
എന്റെ തൊണ്ടയില്‍ വന്നുനിറഞ്ഞു.
കൂട്ടുകാരന്‍ ഒഴിഞ്ഞ കുപ്പിയുടെ ചുണ്ടത്തൂതി
ആ നിമിഷത്തിന് ഒരു താളമുണ്ടാക്കി.

അപ്പോഴേക്കും
ചിറ്റപ്പന്‍ കിളിയായി പറക്കാനൊരുങ്ങി
ചിറകൊടിഞ്ഞു.

ചിറ്റപ്പാ, ഇനിയുള്ള കാലം
നീയീതെങ്ങിനുവളമായിവിടെ
കിടക്കണമെന്നു പറഞ്ഞ്
വയലിനും തോടിനും നടുവിലെ
ഒറ്റയടിപ്പാതയിലൂടെ
ഷാപ്പടയ്ക്കും മുന്‍പേ
ഞങ്ങളങ്ങോട്ടു പാഞ്ഞു.

ആ പോക്കില്‍
ഇരുകരകളിലെ
ഇരുട്ടുവിഴുങ്ങി തളര്‍ന്നുറങ്ങും കുടിലുകള്‍
പിടഞ്ഞെണീറ്റ്
ആ വഴിക്കപരിചിതരായ ഞങ്ങളുടെ നേരെ
കണ്ണുതിരുമ്മി.

തോട് ഒച്ചവച്ചൊഴുകിപ്പരന്ന് നിശബ്ദമാകുന്നയിടം
ഞങ്ങളുടെ കാലുകള്‍ നിശ്ചലമായി.
മുളങ്കാടുകള്‍ക്കിടയ്ക്ക്
ഒറ്റയ്ക്കുനില്‍ക്കുന്ന വീടിന്റെ
വാതില്‍പ്പാളിക്കിടയിലൂടെ
പാതയിലേക്കൊലിച്ചിറങ്ങുന്നു
സ്വര്‍ണംപോലുള്ള വെളിച്ചം.
ആ വെളിച്ചം കണ്ണിലടിച്ചതോടെ
ഈയാംപാറ്റകളായി മാറി
രശ്മികള്‍ മൊത്തിക്കുടിക്കാന്‍
ഞങ്ങള്‍ വാതില്‍ക്കലേക്കു പാറി.

അകത്ത് ചാണകം മെഴുകിയ തറയില്‍
മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍
അങ്കംകഴിഞ്ഞ് പിറന്നപടി
നേര്‍ക്കുനേരേയിരിക്കുന്നു
ഒരുവനും ഒരുവളും.
താളം, കിതപ്പിന്റെ താളം
അവരുടെ ഉടലേല്‍ തിളങ്ങി.

അതേയിരിപ്പില്‍ പിന്നിലേക്ക് കൈപരതി
ഒരു വാക്കത്തിയെടുത്തയാള്‍ വീശുമ്പോള്‍
ഒരു പഴുത്ത ചക്ക
അവളുരുട്ടി മുന്നിലേക്കിട്ടു.
പിളരും ചക്ക
പരത്തുന്നു മുറിയില്‍ മണം
മഞ്ഞവെളിച്ചം.

ഒരു ചുളയെടുത്ത് വായിലിട്ട്
കുരുവയാള്‍ നാവുകൊണ്ടിലിഞ്ഞു തുപ്പുംനേരം
കുരുകളഞ്ഞിട്ടവളും ചുള നുണയുന്നു.

തോപ്പംതോപ്പം
ചുള ഇലിഞ്ഞു തിന്നുന്നവരുടെ വിരലുകളിലൂടെ
കൂഴച്ചക്കതേനൊലിച്ചിറങ്ങി
മുറിയെ മത്തുപിടിപ്പിച്ചു.

മത്തടിച്ചുമത്തടിച്ചുമത്തടിച്ച്
രണ്ടു കരിവണ്ടുകളായി മാറിയതിനാല്‍
ഞങ്ങളുടനെ തിരികെ പറക്കാനിറങ്ങി.

അടച്ചഷാപ്പിന്റെ മുന്നില്‍
ഒരു ബൈക്കിന് കൈകാണിച്ച്
കൂട്ടുകാരന്‍ നഗരത്തിലേക്ക് പോയി.

രാത്രി മുറിച്ചുകടന്ന്
വീട്ടിലെത്തുമ്പോള്‍
കൊലപ്പാതിരയായെങ്കിലും
എനിക്കാനേരം
പുലര്‍ക്കാലമായി.

അടമുട്ടകള്‍ പൊട്ടിവിരിഞ്ഞ്
കുഞ്ഞുങ്ങള്‍ പുറത്തെത്തിയതിന്റെ
അനക്കം അകത്തുനിന്നും കേട്ടു.
കാല്‍പ്പെരുമാറ്റം അറിഞ്ഞിട്ടാകാം
കുഞ്ഞുങ്ങളെ ചിറകിലൊതുക്കി
എന്തോതിരയുംപോലെ
തള്ളക്കോഴി ചുറ്റും നോക്കി.

എനിക്കാനേരം
ചിറ്റപ്പനെ
കാണാന്‍ തോന്നി.

Friday, May 17, 2019

ചങ്ക്

ഞാനും ചങ്കും
അരുവിയിലിറങ്ങി
ഒഴുക്കിനെതിരെ നടന്ന്
മണ്ടകത്തിയ തെങ്ങിൻചോട്ടിലെത്തി
മേലേക്ക് കണ്ണുപായിച്ചു.

തെങ്ങിൻപൊത്തിനു പുറത്തേക്ക്
ഒരു മാടത്ത പറന്നു.
മഞ്ഞപ്പകലായി.

ചങ്ക് അരേച്ചുറ്റിയ തോർത്തഴിച്ച്
ത്‌ളായിപ്പുണ്ടാക്കി  കാലുകളിൽ ചുറ്റി
തെങ്ങിലേക്കു ചാടി
രണ്ടടി മേലോട്ടും ഒരടി താഴോട്ടും
ഒരടി മേലോട്ടും രണ്ടടി താഴോട്ടും.

പൊത്തുവരെകേറി
തടിമേൽ തുടകളിറുക്കി
ഒരു കൈ ചുറ്റിക്കെട്ടി
മറുകൈ പൊത്തിലിറക്കി.

വിരലുകളിൽ ഒരു കിളിമുട്ട തടഞ്ഞു.

മുട്ടമാതിരി കയ്യുരുട്ടി 
ചങ്ക് താഴേക്കും
കൈകൾ കുമ്പിൾകുത്തി
ഞാൻ മേലോട്ടും നോക്കി.

ചങ്ക് സ്‌ളോമോഷനിലെറിഞ്ഞ മുട്ട  
കുമ്പിളിലുടഞ്ഞു.

ചങ്ക് ഒരു മാടത്തക്കുഞ്ഞുമായി
ഊർന്നിറങ്ങി.

കൊയ്ത്തുകഴിഞ്ഞ കണ്ടംമുറിച്ച് 
ഞങ്ങൾ മടങ്ങുംവഴി
ഒരു പച്ചവിട്ടിലിനെ 
പൊത്തി കാലടർത്തി
കോഴിക്കാലുതിന്നെന്റെ 
കൊച്ചുരാമാന്നു പാടി
മാടത്തയുടെ വായിൽ തള്ളി.

ഞങ്ങടെ വീടുകളിലേക്കുള്ള 
വഴിയുടെ തിരിവിൽ
ചങ്ക് തരില്ലെന്നറിഞ്ഞിട്ടും
മാടത്തയെ
ഞാൻ പിടുത്തമിട്ടു.

ഒന്നു പറഞ്ഞ്
രണ്ടു പറഞ്ഞ്
അടിയായി
പിടിയായി.

ഞാനന്ന് ചൈനീസ് കുങ്ഫൂ പഠിക്കും കാലം
ചങ്ക് കളരിയും.

കുങ്ഫൂവും കളരിയും
പെരുവഴിയിൽ കട്ടയ്ക്ക് നിന്നു.
പഠിച്ച മുറകളോരോന്നും
ദേഹത്തേശാതെ 
ഞങ്ങളങ്ങിറങ്ങി പൂശി.
വാഹ്, ഊഹ്, ബാഷ്, ബൂഷ്, ഹൂഷ്
ശബ്ദങ്ങൾ വായുവിൽ ഏറ്റുമുട്ടി.

കളരിമുറ പ്രകാരം 
മൂന്നടിയും ഒരു ചവിട്ടും
എനിക്ക് കിട്ടിയെന്ന് ചങ്കും
ചൈനീസ് ശൈലിയിൽ
പറന്നടിച്ചെന്നു ഞാനും
ഉറപ്പിച്ചു.

ഞങ്ങൾ പുല്ലിൽ വിശ്രമിച്ചു.

ചങ്ക് ഒരു തെറിയിൽ പൊതിഞ്ഞ് 
മാടത്തയെ എടുത്തോണ്ടോടി.

ഞാനതിന്റെ കലിപ്പിൽ
കണ്ടംവഴിയോടി 
തെങ്ങിൻചോട്ടിലെത്തി
കാട്ടുവള്ളികൾ പിരിച്ച് ത്‌ളായിപ്പുണ്ടാക്കി
തെങ്ങിലേക്കു ചാടി
ഒരടി മേലോട്ടും രണ്ടടി താഴോട്ടും
രണ്ടടി മേലോട്ടും ഒരടി താഴോട്ടും.

മഞ്ഞപ്പകൽ
ചിതറിയ കിളിമുട്ടയിലെ
കടുംമഞ്ഞ നേരമായി.

പൊത്തിലെ ശൂന്യതയ്ക്ക് മീതെ
ചിതറിയ തൂവലുകളിൽ
കൈ പരതുമ്പോൾ
പശിമയുള്ള ചുരുളനുടലിൽ
വിരൽ വഴുതി.
കൈവലിക്കും മുമ്പ്
ചൂണ്ടുവിരൽത്തുമ്പത്ത് കൊത്തേറ്റു.
തെങ്ങിൽ നിന്ന് ഇലിഞ്ഞിറങ്ങി
വിരലിൽ തറഞ്ഞുനീറ്റും ആര്
ഊരിയെറിയും മട്ടിൽ
അരുവിയിൽ വിരൽ കഴുകി
കൂസലില്ലാതെ മടങ്ങി.

എന്റെ ചൂണ്ടുവിരലിന്റെ അറ്റം
ഒരു പാമ്പിന്റെ നാവാണെന്ന്
എന്നെ പിരിഞ്ഞുപോയ ഒരുവൾ 
മറ്റൊരുവളോട് പറഞ്ഞത്
ഇന്ന് വൈകുന്നേരം
എന്റെ ചെവീലെത്തി.

ഞാനത് ചിരിച്ചു തള്ളി.

Tuesday, May 14, 2019

നഗരത്തിൽ ഒരു ആന


നഗരത്തിലൂടെ ഒരാന നടന്നുപോകുന്നു.
ആന ഒരു വണ്ടിയെങ്കിൽ
പാപ്പാൻ അതിന്റെ ഡ്രൈവര്‍.

 ആനയെ ചൊല്‍പ്പടിയിലാക്കും തോട്ടി, ഗിയര്‍.
തുമ്പിക്കയ്യിൽ ചുരുട്ടിപ്പിടിച്ചിട്ടുണ്ട് പെട്രോൾടാങ്ക്.
വിശക്കുമ്പോൾ ടാങ്കിൽ നിന്നൂറും നീര്
ആന ഊറ്റിക്കുടിക്കും.

നഗരം ആനയോടൊപ്പം അടിവെച്ചടിവെച്ച് നീങ്ങി.
സ്‌കൂൾബസിലിരിക്കും കുട്ടികളുടെ ആ ദിവസം
ആനേനെ കണ്ടയോർമയിൽ സുന്ദരസുരഭിലമായി.

ആന ഒരു ആനത്താര തെരഞ്ഞു.
റെയിൽവേ ലൈൻ കണ്ട്
അത് തന്റെ താരയോയെന്ന്
ആന കരുതുന്നു-
നഗരത്തിൽ അലഞ്ഞുനടന്ന ഒരു കവി
ഉടനടി കുറിച്ച കവിതയിൽ വച്ചുകീച്ചി.

ശരിക്കും, നഗരത്തിലൂടെ
ഒരാന നടന്നുകൊണ്ടിരിക്കുന്നു.
കതൃക്കടവ് പാലംകേറി കലൂർവഴി ആകയാൽ
പാവക്കുളത്തേക്കോ തൃക്കാക്കരയ്ക്കോ ആകാം.

തൃക്കാക്കരയ്ക്കെങ്കിൽ
കലൂർ പുണ്യാളനെ കടക്കേണ്ടതുണ്ട്.
പാവക്കുളത്തേക്കെങ്കിൽ
ഇടുങ്ങിയ തിരക്കേറിയ
റോഡില്‍‍ പെട്ടുപോകാനിടയുണ്ട്.

ആന തൃക്കാക്കരയ്ക്കു വച്ചുപിടിച്ചു.

കലൂർ പുണ്യാളനെ കടക്കുമ്പോൾ
ചൊവ്വാഴ്ച നൊവേനയുടെ തിരക്കിൽ വഴിമുട്ടി സഹികെട്ട്
ആന നടൂവളച്ചയുടൻ
ബസിലിരുന്നതുകണ്ട വൃദ്ധ,
കൃഷ്ണാ...ഭഗവാനേ... പുണ്യാളാ...
നീട്ടിവിളിച്ചു.
നൊവേനയ്ക്ക് വന്നവര്‍
ആനയുടെ നമസ്കാരം
പലതരത്തിൽ വിലയിരുത്തി.

ഉത്സവങ്ങൾക്കും
തടിപിടിക്കാനും
ചെന്നുനിൽക്കും ആന
ഒരു ആനമാത്രമാകുന്നു.
അതിനെ പണിക്ക് വിളിച്ചതിനാൽ
ഉടമയ്ക്ക് നല്ല കാശ് കിട്ടും.
പാപ്പാനും കിട്ടും.

ആനയ്ക്കറിയില്ല
നെറ്റിയിൽ തമ്പടിച്ച ദൈവങ്ങളെ.
മദമിളകുമ്പോൾ മാത്രമാണ് സ്വബോധം.

ഇന്നുരാവിലെ
ട്രാഫിക് ബ്‌ളോക്കിൽ പെട്ടുകിടന്നപ്പോഴാണ്
ആനയെ കണ്ടത്.

ഏതുവഴി ആന പോയാലും
അടയാളം, പിണ്ടം.
പിണ്ടത്തിലാവി പാറും മണവും.

ആനയെ കടന്നുഞാൻ ബൈക്കിൽ മുന്നേറുകയാണ്.
അപ്പോളതാ, റോഡരികിലെ തട്ടിൽ
കുറഞ്ഞ തടിയില്‍ കടഞ്ഞെടുത്തൊരാന.
ഒന്നല്ല, ഒരഞ്ചെട്ടെണ്ണം.

മറ്റേയാന
ചുരുങ്ങിച്ചുരുങ്ങിച്ചുരുങ്ങിച്ചുരുങ്ങി
മെരുങ്ങിയതാകുമോ ഈ ആന?
ഒരു രസത്തിന് ഞാനാലോചിക്കുന്നു.
തുമ്പിയിൽ ചുരുട്ടിയെടുത്ത
പാപ്പാനാണ്
ആ വിൽപ്പനക്കാരനെന്നും.

Monday, May 13, 2019

മീനുകളുടെ ശബ്ദത്തില്‍ ഷൂളമടിക്കുന്ന ഒരാള്‍

വരമ്പിനെ നുണഞ്ഞുകൊണ്ടിരുന്ന ചാറ്റമഴയത്ത് ചെരിപ്പഴിച്ച് വിരലുകളില്‍ കോർത്ത് വയലിലേക്കിറങ്ങി, തിട്ടിന്റെ ഈടിചേര്‍ന്നുനടന്നിട്ടും കാലുകള്‍ വഴുതി.
പോണപോക്കില്‍ ഒഴുകിയിറങ്ങിയ നീരുറവകളില്‍ ‍കാലുരച്ചു ഒഴുക്കിന്റെ വഴിതിരിച്ചു. നെറ്റിയില്‍ ചാരംപൂശിയ പൂഞ്ഞാന്‍,‍ പൊത്തകള്‍ക്കിടയിൽ പറക്കുംപോലെ പാളി. ചേറില്‍‍ പൂഴ്ന്ന വിരലുകള്‍‍ പറിച്ചെടുത്ത് തിട്ടിന്റെ അങ്ങേയറ്റത്തേക്ക് ചെന്നപ്പോള്‍ മഴ തോര്‍ന്നു.

തോരാനിടയില്ലാത്ത മഴ
എങ്ങനെ തോര്‍ന്നു?

മേലോട്ടു നോക്കുമ്പോള്‍,
ആഹാ, പടുകൂറ്റൻ ആഞ്ഞിലിമരം.
കവരങ്ങള്‍ വിരലുകളില്‍ ചുരുട്ടിപ്പിടിച്ച മുട്ടകള്‍പോലെ ആഞ്ഞിലിച്ചക്കകള്‍‍ ഇലകള്‍ക്കിടയ്ക്ക് അടയിരിക്കുന്നു. ആഞ്ഞിലിച്ചോട്ടില്‍ കാക്കയും കാറ്റും കൊത്തിയിട്ട ചക്കകള്‍. ചുറ്റുംപരക്കും മണത്തില്‍ വായില്‍ തുപ്പലുറവ പൊട്ടി.‍ ചക്ക തുന്നിച്ച് ചുള കടിച്ചീമ്പി കുരു തുപ്പിത്തുപ്പിനിന്ന് നേരംപോയി. അകലെ, വാഴത്തോപ്പും പായല്‍മൂടിയ പാത്തികളും അവിടെ ഇരുണ്ടുകൂടും വൈകുന്നേരവും ഒന്നുപെട്ടെന്നുവാടാ കൂവേന്ന് കോളാമ്പിയിലൂടെ വിളിച്ചുപറഞ്ഞോണ്ടിരുന്നു.

ചൂണ്ടേൽ കോർപ്പിന് വിര പിടിക്കാൻ കാട്ടുചേമ്പിന്റെ ‍മൂടുമാന്തി. ചെവിപ്പാമ്പായി മാറിയ കറുത്തവേരുകളില്‍ പറ്റിപ്പിടിച്ച‍ പശമണ്ണില്‍ പുളയും നൂൽകനമുള്ള മണ്ണിരയോട് എവിടെങ്കിലുംപോയി പണിയെടുത്ത് ജീവിക്കാനുപദേശിച്ചു. വിരവംശം മുടിച്ചു നീങ്ങുമ്പോള്‍,
കരിവളയുടെ കനമുള്ള കിറിയുടെ നിറമുള്ള ഒരുവന്‍
വിരലില്‍ തടഞ്ഞു.

ആദ്യമവനെ,
അവന്റതേ കുടുംബക്കാരെ
അവനുടെ അയല്‍ക്കാരെ
മൊത്തത്തില്‍ വേട്ടയാടി.

ഒരു മഷിക്കുപ്പിയുടെ അരവയറോളം ഇരകളുമായി പാത്തി ചാടിക്കടന്ന് ഒരിടത്തു ചെന്നിരുന്ന് ചൂണ്ടേലൊന്നിനെ കോര്‍ത്തപടി വില്ലുപോലെ വളഞ്ഞ വിരയുടലില്‍ വെള്ളിവര.
മുശിയും വരാലും കാരിക്കൂട്ടങ്ങളും നിശബ്ദത ചെവിയോർത്ത് നീന്തും പാത്തികൾ. മഴപെയ്താലും താഴേക്ക് ഒരുതുള്ളി പൊഴിക്കാതെ മുറം വീശുന്ന ഏത്തവാഴകള്‍. വാഴക്കൂമ്പിലെ തേനീമ്പി അമ്പുപോലെ പായും ഞര്‍ക്കീലുകൾ. നീളനുടലും അതിനൊത്ത ചിറകുകളുമായി, പതുക്കനെ പറക്കും തോട്ടുതുമ്പികള്‍. കൈഭോഗത്തിലും മീൻകറി നാവടി പൊള്ളിക്കുമ്പോഴും ശ്വാസമെരിയുന്ന ഈറല്‍ ശബ്ദമെറിഞ്ഞ് പതുങ്ങിയിഴയുന്ന വിഷപ്പാമ്പുകൾ. അവ പത്തിവിരിച്ച് മഴകൊണ്ടിണചേരുന്ന ചേമ്പിന്‍കാടുകള്‍. അന്നത്തെ ഞാന്‍ ഇറങ്ങിനിന്നാല്‍ അരവരെ മുങ്ങും വീതികുറഞ്ഞ തോട്. അതിനുമുകളില്‍ തട്ടുതട്ടായി കുന്ന്. കുന്നുകേറിയാല്‍‍ ആഞ്ഞിലിത്താനത്തേക്ക് പോകുന്ന മെറ്റലിളകിയ റോഡ്.

ഒരുനാൾ പാത്തിയിലെത്തുമ്പോഴേക്കും ഞാനിരിക്കുന്നേടത്ത് അവൻ ഇരിപ്പുറപ്പിച്ചിരുന്നു. പക്കി; മരങ്ങളിലായിരുന്നവൻ. അവൻ കൈതൊടാകിളികളൊന്നും ആ വയലിനുമേലേ പറന്നിട്ടില്ല. എന്നിരിക്കിലും മരങ്ങളിലായിരുന്നില്ല, തോടിനക്കരെ, ഒരു മുളങ്കാടിനടുത്തായിരുന്നവന്റെ വീട്. അവന്റമ്മേടെ പേരിൽ ആ വീടിരിക്കും നാട് അറിയപ്പെട്ടു. പക്ഷിയെപ്പോലെ അവർ പറക്കുമെന്ന് ബന്ധുക്കളായ രണ്ടു ചേട്ടന്മാർ ഒരു കല്യാണവീടിന്റെ പിന്നിലിരുന്ന് അവരെ നോക്കി പ്രത്യേകതാളത്തില്‍, ശബ്ദത്തില്‍‍ കണ്ണും ചുണ്ടും കോട്ടി പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്. അവനെ കണ്ടമാത്ര ഞാനതൊക്കെ ഓർത്തു.

ഇവനും പറക്കുമോ അവരെപ്പോലെ?

അവനിപ്പുറം ചൂണ്ടയുമായി ഞാനിരുന്നു. എന്റെ നോട്ടം അവന്റെ ചൂണ്ടപ്പൊങ്ങിലുടക്കി. നേരംനീങ്ങുംതോറും മുശിയും വരാലും കാരിയും ചൂണ്ടനൂലിൽ അള്ളിപ്പിടിച്ചുകേറി അവന്റെയടുക്കലെത്തി. പച്ചോലയുടെ ഈർക്കിൽ കൂര്‍പ്പിച്ചെടുത്ത് ചെകിളപ്പൂവിൽ അവനവയെ ഒന്നൊരാന്നായി കോര്‍ത്തെടുത്ത് കൈവീശി പെടപ്പിച്ചു.

എപ്പോഴോ,
എപ്പഴാണവന്‍
എണീറ്റുപോയത്?

ആ ദിവസം എന്റെ ചൂണ്ടയിൽ ഒരു വട്ടാനും കൊത്തിയില്ല. മണ്ണിരയെ തിരഞ്ഞുതിരഞ്ഞു ചേമ്പിൻകാട്ടിലേക്ക് പോയും വന്നും നേരംപോയി.
പിന്നെയും
പിന്നെയും
പിന്നെയും ചൂണ്ടയിട്ടനേരം
ലോകമൊരിരുണ്ട ഭൂഖണ്ഡം.
എനിക്ക് വീട്ടിൽ പോകണമെന്നുണ്ട്.
എന്നാലെനിക്കുപോകാനാകുന്നില്ല.
എങ്ങനെ മടങ്ങും ഞാന്‍?
മീനുകള്‍ കൂട്ടംകൂടി
എന്നെ ചൂണ്ടയിട്ടോണ്ടിരിക്കുകയായിരുന്നു.
കൊളുത്ത് അണ്ണാക്കില്‍ കൊരുത്തുപോയിരുന്നു.

എന്നെ കൊളുത്തിയ ചൂണ്ടക്കോല്‍ ചുണ്ടിലുറപ്പിച്ച് മീനുകള്‍ പാത്തിയിലൂടെ ചെകിളവീശി നീന്തി.
കരയ്ക്കു ചൂണ്ടയുമായി ഞാനങ്ങോട്ടുമിങ്ങോട്ടും ഓടിവലഞ്ഞു.
എന്റെ ചൂണ്ടയിൽ പുളഞ്ഞ ഇരകളെ കൊത്തിത്തിന്ന് വരാലുകളുടെ ഒരു തലമുറതന്നെ ആ നേരം പെറ്റുപെരുകി. ഉടലൂരിയ മണ്ണിരകൾ ചെളിപുളഞ്ഞ് മണ്ണുകാര്‍ന്ന് കരപറ്റി എനിക്കുനേരെ അട്ടഹസിച്ച് ചേമ്പിൻകാട്ടിലേക്കിഴഞ്ഞു.

അദൃശ്യനായ, ആരോ ഒരാൾ
ആവേശങ്ങളും‍ ആസക്തികളും
മുന്നില്‍നിരത്തിയിട്ട്
എന്നെ പിടിച്ചിരുത്തി
ശ്വാസത്താല്‍പോലും അനങ്ങാതിരിക്കൂ
മൂളിപ്പാട്ടുകൾ പാടാതിരിക്കൂ
മീനുകള്‍ക്ക് തിരിയുന്ന ശബ്ദത്തില്‍ ഷൂളമടിക്കൂ
എന്നൊക്കെ പറഞ്ഞുകൊണ്ടേയിരുന്നു.

ഇരുട്ടുചിതറിയ വഴികളിലൂടെ മടങ്ങിപോകുവാനാകുന്നതിലും ദൂരം
ഇരുട്ട്, ഇരുട്ടോടിരുട്ട് എന്നെ മുന്നോട്ടുപായിച്ചിരുന്നു.
എന്നിട്ടും ഞാന്‍ തിരികെ നടക്കുകയും
ഇരുട്ടില്‍ പലവട്ടം കാലുകള്‍ വഴുതുകയും
ഉടലുലഞ്ഞുവീഴുകയും
വീണ്ടും വീണ്ടും എഴുന്നേല്‍ക്കുകയും
നടത്തം തുടരുകയും ചെയ്തു.

എവിടെയെങ്കിലും ചിമ്മിനിവെട്ടം‍ തെളിയുമ്പോൾ,
ആ വെളിച്ചത്തെ അപ്പാടെ പിന്തുടരുന്ന ഇരുട്ട്‍
കാണാനാകുംകണ്ണുകൾ
അങ്ങനെയാണെനിക്ക് പതിച്ചുകിട്ടിയത്.

Sunday, February 24, 2019

തൂവൽ


അറബിക്കടലിൽ നിന്ന്
വീശും കാറ്റത്ത്
നിരത്തുകളെന്ന് കരുതുന്ന
ഒഴുക്കിലേക്ക്
നോക്കിനിൽക്കുന്നു
മൂന്നാംനിലയുടെ
മുകളിലയാൾ; കപ്പിത്താൻ.
പണിയില്ലാണ്ടായി
കപ്പലോ വിറ്റുംപോയി
കാറ്റയാളുടെ തൂവൽതൊപ്പി തരിപ്പണമാക്കി.
എന്നാൽ, ഒരൊറ്റത്തൂവൽ മാത്രം
പറിഞ്ഞില്ല, പറന്നില്ല
നെറ്റിയിൽ പണ്ടേയത്
തറഞ്ഞുപോയിരുന്നതിനാൽ.
നിരത്തുകൾ
തപ്പി തിരഞ്ഞുനടക്കും
രാത്രിസഞ്ചാരിക്ക്
വെണ്ടുരുത്തിപ്പാലത്തിക്കിടന്ന്
ഒരു തൂവൽ കിട്ടി.
ചോരപുരണ്ട ആ തൂവൽ
അയാളെനിക്ക്
വച്ചുനീട്ടി.

Friday, January 18, 2019

കിംഗ്ഫിഷർ


പാടത്ത് വീണുടഞ്ഞവർ

വിത്തായി മുളപൊട്ടി
വേരുകൾ നീർതേടി അലഞ്ഞു
മുളച്ചൂ മണ്ണിൽ പച്ച.

വിളഞ്ഞൂ പാടം വിത്തിൽ
പച്ചയിൽ പച്ചയാം പാടം
പറന്നൂ നീലമേഘം.
നീലയിൽ നീലപ്പൊന്മാൻ.

വിളവും തണുപ്പും വെയിലും
നുകർന്നിരിക്കുന്നു പൊന്മാൻ.
പഴഞ്ചനാം പണിക്കാരൻ പൊന്മാൻ?
പറക്കുന്നു പൊടുന്നനെ പൊന്മാൻ
പിടയ്ക്കും പരൽമീൻ ആ ചുണ്ടിൽ.

പടിഞ്ഞാറൻ കാറ്റ്


രാത്രി

പായ്‌വഞ്ചിയിൽ
അറബിക്കടലിൽ ചുറ്റിത്തിരിഞ്ഞു.
കണ്ടപടി കായൽ പിടിച്ചു കരയ്‌ക്കെറിഞ്ഞു.
പിടഞ്ഞെണീറ്റ്
റോഡ് മുറിച്ചുകടന്നു.

വെണ്ടുരുത്തിപാലവും കപ്പൽശാലയും ഫ്‌ളാറ്റുകളും
കൈകൾ വീശിയടിച്ചു.
മുഖമടിച്ചുവീണ് നിരത്തിലൊഴുകിപ്പരന്ന്
ഇരുൾ വാരിച്ചുറ്റി 
തെരുവിൽ കിടന്നുറങ്ങുന്നവരിലൊട്ടി.
തണുത്തുവിറച്ചവർ ചുളിഞ്ഞുറങ്ങുമ്പോൾ
ഭിത്തികളിലൂടെ ഷട്ടറുകളിലൂടെ
പടർന്നുകേറി.

അങ്ങനെ
ഇവിടെയെത്തി,
ഈ ജനാലവക്കിൽ.

ഈ ജനാലയുടെ 
പൊളിഞ്ഞ തകരച്ചീളിൽ
ചുണ്ടുടക്കി വെറുങ്ങലിച്ച ശബ്ദത്തിൽ
പാടുന്നൂ കാറ്റ്
പടിഞ്ഞാറൻ കാറ്റ്.

ഉറക്കമില്ലാതെ കിടക്കുമ്പോൾ
മരിച്ചവരെത്തുന്നോർമ്മയിൽ
നിന്നനിൽപ്പിൽ മാഞ്ഞുപോയൊരാളുടെ
അവ്യക്തസംസാരം കേൾക്കുന്നു.
അപ്പറഞ്ഞ അപൂർണ വാചകം
എങ്ങനെ പൂരിപ്പിക്കുമെന്നറിയാതെ
തിരിഞ്ഞും മറിഞ്ഞും
ചടച്ചുകിടക്കും രാത്രി
തകരത്തേലടിച്ചുകളിക്കും കാറ്റേ
പടിഞ്ഞാറൻ കാറ്റേ
കടൽ കടന്നുവന്ന കാറ്റേ
കടക്കൂ പുറത്ത്!

ഉടലിൽ തീപ്പുള്ളി തിളക്കും
കരിമ്പുഴു കണക്കിഴയുന്നു
പാതയിലൂടെ
തീവണ്ടികൾ

പടിഞ്ഞാറൻ കാറ്റേ,
കടന്നുപോ കാറ്റേ
ആ വണ്ടിയിൽ കേറി 
ആലപ്പുഴയ്‌ക്കോ
ആലുവയ്‌ക്കോ
അങ്കമാലിക്കോ
പോയ്‌വരൂ...

അല്ലെങ്കില്,
തലവെച്ചുകിടക്കാപാതയില്

നിന്നനിൽപ്പിൽ
മാഞ്ഞുപോയൊരാളുടെ
ശബ്ദത്തിൽ
ഇങ്ങനെ പിറുപിറുക്കാതെ...

പറക്കല്‍

കത്തിപ്പിടിക്കും നഗരം
ചുറ്റിത്തിരിയുന്നു പക്ഷിക്കൂട്ടം.
തൂവലില്‍ തിളങ്ങുന്ന വെടിത്തുള
എന്റെ തുറന്നിരിക്കുന്ന വായ.