Friday, October 26, 2012

വംഗദേശത്തെക്കുറിച്ച് നിനക്കെന്തറിയാം?


വംഗദേശത്തുനിന്ന് തീവണ്ടിയില്‍ വന്നിറങ്ങിയ
ഒരു പെണ്ണും ചെക്കനും
താമസിച്ചുവരുന്ന
നഗരത്തിലെ ഒരു കുടുസുമുറിയുടെ
തൊട്ടയല്‍വീടിന്റെ
ജനവാതില്‍ തുറന്നിട്ട്
തുറുകണ്ണുമായി നില്‍ക്കുന്ന
ഒരുവനാണ് ഞാന്‍.

പകല്‍പിരിയുമ്പോള്‍
പണിഞ്ഞെടുത്ത ഉയരങ്ങളെ
ആകാശം വിരിച്ചിട്ടുറക്കി
അവരവിടെ രാപ്പാര്‍ക്കാനെത്തുന്നതിനുപിറകാലേ
അവരുടെ കൂട്ടുകാരും
കൂട്ടുകാരുടെ കൂട്ടുകാരികളും
അവിടേക്ക് നടന്നെത്തി.

ഒന്നുംരണ്ടും പറഞ്ഞ്
മുറിയുടെ ചെറുമുറ്റത്തവര്‍ ഇരിക്കെ
ഒരുവന്റെ പുകഞ്ഞചുണ്ടില്‍നിന്നും
ഒരു പാട്ട്
പൊട്ടിപ്പുറപ്പെട്ടു.

പാട്ടെന്നാല്‍
പനിയുളള കുട്ടികളുടെ ശ്വാസംപോല്‍
കുറുകിയും ഇടറിയും
പനിയുള്ള കുട്ടികളുടെ കിതപ്പുപോല്‍
വിങ്ങിയും വിറച്ചും
സ്വരഭേദങ്ങള്‍ നിറഞ്ഞത്.

വംഗദേശത്തുനിന്നും കൊണ്ടുവന്ന വിത്തുകള്‍
വിതഞ്ഞുപൂത്ത മുറ്റത്തെ ചെടികള്‍ക്കുചുറ്റും
പാട്ടിന്റെ വരികളില്‍ നിന്ന്
കിളികളേറെക്കിളികള്‍ പറക്കാനെത്തി.

കള്ളിന്റെ വള്ളികളില്‍ കെണിഞ്ഞ്
പിണങ്ങിപ്പോകേണ്ടവരുടെയും
ഇണങ്ങിവരേണ്ടവരുടെയും
ഇനി മടങ്ങിവരാനിടയില്ലാത്തവരുടെയും
ചെറുസഞ്ചയമായി
ആണുങ്ങള്‍ മുറ്റത്തിരിക്കുമ്പോള്‍
പെണ്ണുങ്ങള്‍ കറിക്കരിഞ്ഞ്
അരപ്പുചേര്‍ക്കുന്നടുപ്പത്ത്.

പെട്ടെന്നൊരുഗ്രാമം പണിഞ്ഞിട്ട്
പെട്ടെന്നതു പിളര്‍ത്തിക്കളഞ്ഞ്
പെട്ടെന്നവര്‍ പിരിഞ്ഞു
അത്താഴം കഴിഞ്ഞ്.

രാത്രിയേറെ വൈകി
മുറിക്കുള്ളില്‍
അവനും അവളും
കിളികളായ്
പറന്ന്
പറന്ന് പറന്ന് പറന്ന്
തുടങ്ങുമ്പോള്‍
ഏറെനേരമായ് ജനവാതുക്കല്‍തന്നെ
പതുങ്ങിനില്‍ക്കുന്ന
എന്റെ അതീവശ്രദ്ധയുടെ കാതിലേക്ക്
ഭാരം വലിച്ചുവലിച്ച്
തെരുവിലൂടെ
കാലുകള്‍ വലിച്ചുവലിച്ച് നടന്നകലും
തീരേദുര്‍ബലരായ മനുഷ്യരുടേതെന്നു തോന്നിപ്പിക്കുന്ന
അവിഞ്ഞ കിതപ്പുകള്‍ വന്നുനിറഞ്ഞു.
പൊടുന്നനെ
ആ കിതപ്പുകളില്‍ ഒളിച്ചുപാര്‍ത്ത
ഒരു ചോദ്യം
എന്റെ നേരെ
തികട്ടി.

വംഗദേശത്തെക്കുറിച്ച്
നിനക്കെന്തറിയാം?

ഇരുട്ടുപിടിച്ച
നഗരത്തിലെ
പലേ കുടുസ്സുമുറികളിലേക്ക്
അവിടെനിന്നുമിറങ്ങി
നടന്നുപോയവരുടെ
ഇടറിയ ശ്വാസത്തിന്റെ ധ്വനിയില്‍
ഈ ചോദ്യത്തിന്
എനിക്കൊരു ഉത്തരമുണ്ട്.
((മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

Tuesday, June 12, 2012

ഈ തീവണ്ടിയിലെ യാത്രക്കാരേ...

നൂറുവര്‍ഷം കഴിയുമ്പോള്‍
ഞാനുണ്ടാകില്ല.

ഞാന്‍ യാത്രചെയ്തുകൊണ്ടിരിക്കുന്ന ഈ തീവണ്ടിയില്‍
എതിര്‍വശത്തിരുന്ന്
എന്നെ തീരെ ശ്രദ്ധിക്കാതെ
പാട്ടുകേട്ടിരിക്കുന്ന പെണ്‍കുട്ടീ
നീയുമുണ്ടാകില്ല.

നിന്റെ ചെവിയില്‍ തുള്ളിച്ചാടുന്ന ആ പാട്ടുകാരനും.

നീയിപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്ന ആ പാട്ട്
അന്ന്
ആര് കേള്‍ക്കും?

തീവണ്ടിയുടെ വാതുക്കലേക്ക് പോയാല്‍
പിടിവിട്ട് വീണുമരിക്കുമെന്ന്
ആ കൊച്ചുകുഞ്ഞിനോട് ഒച്ചയിടുന്ന
ചേട്ടന്‍ അറിയുന്നുണ്ടോ
വര്‍ഷങ്ങള്‍ കടക്കാന്‍
ജീവനില്ലാത്ത തന്റെ വാക്കുകളെക്കുറിച്ച്.


ഈ തീവണ്ടിയിലുള്ളവരെല്ലാം മരിക്കും.
വണ്ടിയുടെ ഹൃദയമിടിപ്പിന്റെ കാവല്‍ക്കാരായ
ലോക്കോ പൈലറ്റിനും ഗാര്‍ഡിനും നേരേ
വളരെമുമ്പേ
ഇവിടെനിന്ന് കടന്നുപോകാനുള്ള
കറുത്തകൊടി പാറിക്കഴിഞ്ഞിരിക്കും.

പാന്‍ട്രികാറില്‍ നിന്ന്
ചായയുമായി വരുന്ന പയ്യന്‍
എക്കാലവും കുപ്പയിലേക്കുപേക്ഷിക്കപ്പെടുന്ന
കോപ്പപോലെ
മരണത്തിലേക്ക് എറിഞ്ഞുടയും.

വണ്ടി ക്രോസിംഗിനായി പിടിച്ചിട്ടിരിക്കുന്ന
ഈ സ്റ്റേഷനില്‍
പെട്ടിയും പ്രമാണങ്ങളുമായി
സഗൗരവം നില്‍ക്കുന്നവരേ
ഇന്നത്തെപ്പോലെ
ബലിഷ്ഠരായ
ധനാഢ്യരായ
നിശ്ചലശില്പങ്ങളായി
അന്നും നിങ്ങള്‍ക്ക് നില്‍ക്കാനാകുമോ?

കൂടുതല്‍ പറയേണ്ടതില്ല;
ഈ തീവണ്ടിതന്നെ മരിക്കും.
ഇന്നുള്ള റൂട്ടുകളെല്ലാംതന്നെ റദ്ദുചെയ്യപ്പെടാം.

മണ്ണില്‍ പുതഞ്ഞുകിടക്കുന്ന
ഇരുമ്പുവടംകണക്കുള്ള പാളങ്ങള്‍
ആക്രിക്കച്ചോടക്കാര്‍
ഒരുമിച്ചെത്തി
വലിച്ചൂര്‍ത്തെടുത്തുകൊണ്ടുപോയി
മുറിച്ചെടുക്കും.

പാളങ്ങള്‍ പതിച്ചിട്ടുപോയ
മണ്‍ചാലിലൂടെ
നൂറുവര്‍ഷത്തിനുശേഷം പായുന്ന
തീവണ്ടിയില്‍
യാത്ര ചെയ്യാന്‍ വരുന്നോ

നൂറുവര്‍ഷം പിമ്പേപായുന്ന
തീവണ്ടിയിലെ യാത്രക്കാരേ...
(മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്) 

Wednesday, March 7, 2012

വരകള്‍

ഗര്‍ഭിണിപ്പെണ്ണിന്നുള്ളില്‍
കിടക്കും കുഞ്ഞന്‍
ചെല്ലവിരല്‍ത്തുമ്പാല്‍
ഉള്‍സ്തരഭിത്തിമേല്‍ കോറിയത്
വയറിന്‍ പുറംതോലില്‍
പുലിത്തോല്‍ വരകളായ്
ചെറുകെ തെളിഞ്ഞത്
ഒരിക്കെ,
കുഞ്ഞന്‍ പുറത്തെത്തി
വളരും വേളയില്‍
കുളിച്ചവള്‍ വരുന്നേരം
ചെറുകണ്ണ് മിഴിച്ച്
വരച്ചതാരാണമ്മേടെ
വയറ്റില്‍ തുരുതുരെ-
യെന്നാശങ്കപ്പെട്ട്
ചെല്ലവിരല്‍ത്തുമ്പാല്‍
പുലിത്തോലില്‍ വിരല്‍കോറി
പൂച്ചക്കുട്ടിയെന്നു ചിണുങ്ങി
പുലിപ്പാല്‍ കുടിക്കാന്‍
പൂച്ചക്കുട്ടി വാതുറന്നു.