Friday, October 26, 2012

വംഗദേശത്തെക്കുറിച്ച് നിനക്കെന്തറിയാം?


വംഗദേശത്തുനിന്ന് തീവണ്ടിയില്‍ വന്നിറങ്ങിയ
ഒരു പെണ്ണും ചെക്കനും
താമസിച്ചുവരുന്ന
നഗരത്തിലെ ഒരു കുടുസുമുറിയുടെ
തൊട്ടയല്‍വീടിന്റെ
ജനവാതില്‍ തുറന്നിട്ട്
തുറുകണ്ണുമായി നില്‍ക്കുന്ന
ഒരുവനാണ് ഞാന്‍.

പകല്‍പിരിയുമ്പോള്‍
പണിഞ്ഞെടുത്ത ഉയരങ്ങളെ
ആകാശം വിരിച്ചിട്ടുറക്കി
അവരവിടെ രാപ്പാര്‍ക്കാനെത്തുന്നതിനുപിറകാലേ
അവരുടെ കൂട്ടുകാരും
കൂട്ടുകാരുടെ കൂട്ടുകാരികളും
അവിടേക്ക് നടന്നെത്തി.

ഒന്നുംരണ്ടും പറഞ്ഞ്
മുറിയുടെ ചെറുമുറ്റത്തവര്‍ ഇരിക്കെ
ഒരുവന്റെ പുകഞ്ഞചുണ്ടില്‍നിന്നും
ഒരു പാട്ട്
പൊട്ടിപ്പുറപ്പെട്ടു.

പാട്ടെന്നാല്‍
പനിയുളള കുട്ടികളുടെ ശ്വാസംപോല്‍
കുറുകിയും ഇടറിയും
പനിയുള്ള കുട്ടികളുടെ കിതപ്പുപോല്‍
വിങ്ങിയും വിറച്ചും
സ്വരഭേദങ്ങള്‍ നിറഞ്ഞത്.

വംഗദേശത്തുനിന്നും കൊണ്ടുവന്ന വിത്തുകള്‍
വിതഞ്ഞുപൂത്ത മുറ്റത്തെ ചെടികള്‍ക്കുചുറ്റും
പാട്ടിന്റെ വരികളില്‍ നിന്ന്
കിളികളേറെക്കിളികള്‍ പറക്കാനെത്തി.

കള്ളിന്റെ വള്ളികളില്‍ കെണിഞ്ഞ്
പിണങ്ങിപ്പോകേണ്ടവരുടെയും
ഇണങ്ങിവരേണ്ടവരുടെയും
ഇനി മടങ്ങിവരാനിടയില്ലാത്തവരുടെയും
ചെറുസഞ്ചയമായി
ആണുങ്ങള്‍ മുറ്റത്തിരിക്കുമ്പോള്‍
പെണ്ണുങ്ങള്‍ കറിക്കരിഞ്ഞ്
അരപ്പുചേര്‍ക്കുന്നടുപ്പത്ത്.

പെട്ടെന്നൊരുഗ്രാമം പണിഞ്ഞിട്ട്
പെട്ടെന്നതു പിളര്‍ത്തിക്കളഞ്ഞ്
പെട്ടെന്നവര്‍ പിരിഞ്ഞു
അത്താഴം കഴിഞ്ഞ്.

രാത്രിയേറെ വൈകി
മുറിക്കുള്ളില്‍
അവനും അവളും
കിളികളായ്
പറന്ന്
പറന്ന് പറന്ന് പറന്ന്
തുടങ്ങുമ്പോള്‍
ഏറെനേരമായ് ജനവാതുക്കല്‍തന്നെ
പതുങ്ങിനില്‍ക്കുന്ന
എന്റെ അതീവശ്രദ്ധയുടെ കാതിലേക്ക്
ഭാരം വലിച്ചുവലിച്ച്
തെരുവിലൂടെ
കാലുകള്‍ വലിച്ചുവലിച്ച് നടന്നകലും
തീരേദുര്‍ബലരായ മനുഷ്യരുടേതെന്നു തോന്നിപ്പിക്കുന്ന
അവിഞ്ഞ കിതപ്പുകള്‍ വന്നുനിറഞ്ഞു.
പൊടുന്നനെ
ആ കിതപ്പുകളില്‍ ഒളിച്ചുപാര്‍ത്ത
ഒരു ചോദ്യം
എന്റെ നേരെ
തികട്ടി.

വംഗദേശത്തെക്കുറിച്ച്
നിനക്കെന്തറിയാം?

ഇരുട്ടുപിടിച്ച
നഗരത്തിലെ
പലേ കുടുസ്സുമുറികളിലേക്ക്
അവിടെനിന്നുമിറങ്ങി
നടന്നുപോയവരുടെ
ഇടറിയ ശ്വാസത്തിന്റെ ധ്വനിയില്‍
ഈ ചോദ്യത്തിന്
എനിക്കൊരു ഉത്തരമുണ്ട്.
((മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

5 comments:

  1. നഗരത്തിലെ മനുഷ്യര്‍ നഗരത്തിലെ മനുഷ്യരെ കാണുമ്പോഴൊക്കെ ഈ ചോദ്യം മുന്നില്‍ വന്നു നില്‍ക്കും..ചിലപ്പോള്‍ ആ ചോദ്യം ഏതൊക്കെയോ കുടുസ്സുമുറികളിലേക്ക് ചെന്നുകയറും..എന്തൊക്കെയോ, ഏതൊക്കെയോ കാരണങ്ങളാല്‍ കവിത ഇഷ്ടപ്പെട്ടു എന്ന് അറിയിക്കാന്‍..അഭിവാദ്യങ്ങളോടെ

    ReplyDelete
  2. :) ഇഷ്ടപെട്ടു

    ReplyDelete
  3. പ്രിയ സ്നേഹിതാ
    ഏറെ ഇഷ്ട്ടമായി കവിത
    എഴുത്തിന്റെ പുതു വഴികള്‍ ഇനിയും തുറക്കൂ.

    ReplyDelete
  4. kalesh....you should write more...your selection of words are great...wonderful style of writing...your mind reaching unnoticed placs...and you are searching life everywhere..good..write more kalesh...allthe best..

    ReplyDelete