തൂളിയെടുത്ത ഇരുകാലുകളും
വറചട്ടിയില്‍ നീന്താനിറങ്ങുമ്പോള്‍
വരമ്പിലേക്ക് ചെന്നുവീണ തവള
തിട്ടയിലേക്കു ചാടാനാഞ്ഞ്
അരയ്ക്കുതാഴെ പടരും
എരിവേല്‍ കിടന്ന് പൊതഞ്ഞു.
മൊരിച്ചെടുത്ത കാലുകള്‍ വെട്ടിവിഴുങ്ങി
ആ രാത്രി ഷാപ്പിറങ്ങി
വീട്ടിലേക്കു നടന്നു ഒരാള്‍.
അയാളുടെ കാലുകള്‍ക്കുമുന്നേ
പിളരും പുല്ലില്‍
വരമ്പേക്കിടന്ന തവള
മുറിച്ചെടുത്ത കാലുകള്‍ തെരഞ്ഞു.
പായല്‍മൂടിയ പാത്തി* കണ്ടയുടന്‍
മൂത്രമൊഴിക്കാന്‍മുട്ടി
കൈലിയുരിഞ്ഞ് തലേക്കെട്ടി
അയാള്‍
ചാറിത്തുടങ്ങുമ്പോള്‍
തെറിയുന്ന മഞ്ഞത്തുള്ളികള്‍
തവളയ്ക്കുമേല്‍
ചൂട് പരത്തുമ്പോള്‍
വയലിനക്കരെ പൊന്തയില്‍ നിന്ന്
തണുവിലേക്കിഴഞ്ഞിറങ്ങുന്ന
ചേനത്തണ്ടന്റെ ആയം മണ്ണിലറിഞ്ഞ്
ഊടുവഴിയിലെ പൊത്തുകള്‍ തരിച്ചു.
ആ പെയ്ത്തില്‍
തറഞ്ഞയാള്‍
വരമ്പേനില്‍ക്കുമ്പോള്‍
തവള, അരയ്ക്കുതാഴത്തെ എരിവിലേക്ക് കണ്ണുകള്‍ പായിക്കുകയും
ഊടുവഴിയുടെ പൂഴിമണത്തില്‍ ഉടല്‍പുളിച്ച ചേനത്തണ്ടന്‍ നാവ് തൊലിക്കുകയും
തോട്ടിലൂടൊഴുകും വെള്ളം പാറയെ തല്ലിയലക്കുകയും
ചെയ്തുകൊണ്ടിരുന്നു.
രാത്രിക്കുമേല്‍ ചാറിനില്‍ക്കും
അയാളെ ചുറ്റിപ്പറ്റുന്ന ആ നിമിഷം
ഒരുവേള ഭൂതകാലത്തേക്ക്
തലകുനിച്ചു.
തലേരാത്രി,
തിട്ടയിലുദിച്ച
മാന്റിലിന്റെ** മെലിഞ്ഞ സൂര്യനിലേക്ക്
തവള മുതിരാനാഞ്ഞു.
ഒരടിപോലും
ഇനി അതിന്റെ കുതിപ്പില്ല.
പെട്രോമാക്‌സില്‍നിന്ന് ചാടിയിറങ്ങിയ
പ്രകാശന്‍ എന്ന ഗുണ്ട
ഓമക്കുരുവോളം മിഴിഞ്ഞ
അതിന്റെ കണ്ണുകള്‍
അടിച്ചുപരത്തിയെടുത്തു.
വയലില്‍നിന്ന് പടര്‍ന്നുകേറി വളരുന്ന
ഊടുവഴിയറ്റത്ത്
വിളഞ്ഞുകിടക്കും വീട്ടില്‍
അയാളും അവളും;
അവിടെയുമിവിടെയും
മീട്ടിമീട്ടി കിടക്കുന്നവര്‍.
അയാളുടെ അരക്കെട്ടിലെ ഞരമ്പുകളില്‍
അസാധ്യമായ ചില തമിഴ്പാട്ടുകള്‍
അവള്‍ക്കുണ്ട്.
അവളുടെ ഞരമ്പുകളില്‍
ഒരു പാട്ടുപെട്ടിതന്നെ
അയാള്‍ക്കും.
അവളുടെ
നാവേല്‍ക്കുമ്പോള്‍
അയാളുടെ തൊണ്ടയില്‍
കിളികള്‍ ശ്വാസമെടുക്കാനിറങ്ങും
അവളുടെ
ചുണ്ടുകള്‍ പോരിനിറങ്ങുമ്പോള്‍
അയാള്‍ ആ കിളികളെ
ഉടലുലുത്തിപ്പറത്തും.
പാത്തിക്കുമേലേ
അയാളുടെ മേഘം
പെയ്തുപെയ്തുതോരാനൊരുങ്ങുമ്പോള്
ഷാപ്പിലെ പണിക്കാരന്‍
കവയ്‌ക്കെടേല്‍ കൈതിരുകി
ഉറക്കത്തിലേക്ക് മായാനൊരുങ്ങുന്നു.
കാലുകള്‍ തൂളിയെടുത്ത്
വയലിലേക്ക് വലിച്ചെറിഞ്ഞ
തവളകളുടെ കരച്ചില്‍
കട്ടിലിനെ വളഞ്ഞുനിന്ന്
നൃത്തം ചെയ്യുമ്പോള്‍
പണിക്കാരന്റെ വലതുകൈ
മുഷിഞ്ഞ കൈലിക്കുള്ളില്‍
തവളയുടെ വഴുകുന്ന ഉടല്‍ തെരഞ്ഞു.
മൂത്രമൊഴിച്ച്,
കൈലിയുരിഞ്ഞ് അരേച്ചുറ്റി
പാത്തിയും തോടും വയലും കടന്ന്
ഊടുവഴിയില്‍ വീണുകിടക്കും
വെളിച്ചത്തരികളില്‍
ചവുട്ടിച്ചവുട്ടി
അയാള്‍ നടന്നു.
തവള മുന്നോട്ട് ഒന്നമര്‍ന്നിരുന്നു.
അതിന്റെ നാവില്‍
തെല്ലകലെ, പുല്ലിലിരിക്കും
ഒരു പച്ചത്തുള്ളന്റെ ആയുസ്സ്
വെട്ടിത്തിളച്ചു
അയാളുടെ
കാല്‍വിരലില്‍ നിന്ന്
പ്രാണനിലേക്കു നീളുന്ന ഞരമ്പ്
ചേനത്തണ്ടന്റെ നാവിലും.
നനഞ്ഞ, പൂഴിമണം നിറഞ്ഞ
ഇരുണ്ട പൊത്തുകള്‍
ഞരമ്പുകളുടെ പാട്ടുകാരിയായ
ഒരുവളുടെ ത്രസിക്കും കവിളകമായി
മണ്ണിലറിയുന്ന ഇഴച്ചിലുകളിലേക്ക്
വാ തുറന്നു.
---------------------
*പാത്തി- വയലുകള്‍ക്കു സമീപത്ത് വെള്ളം കെട്ടിനിറുത്തുന്ന ചാല്‍
** മാന്റില്‍- പെട്രോമാക്‌സില്‍ വെളിച്ചം പ്രസരിപ്പിക്കുന്ന തിരി.