Monday, August 4, 2014

കരച്ചില്‍ എന്ന ചലച്ചിത്രം

ഒരാഴ്ച മുമ്പേ
ഞാനൊരു റേഡിയോ ജോക്കി ആയിരുന്നെങ്കില്‍
മൂന്നാഴ്ച മുമ്പേ
സ്‌റ്റേഷന്‍ തല്ലിപ്പൊളിക്കാന്‍ 
ഒരാള്‍ നഗരത്തിലേക്ക് ഇറങ്ങാനൊരുങ്ങുന്നു

രണ്ടാഴ്ച മുമ്പേ
സ്‌റ്റേഷന്‍ തല്ലിപ്പൊളിക്കാന്‍ 
ഒരാള്‍ക്കൂട്ടം നഗരത്തിലേക്ക് ഇറങ്ങിക്കഴിഞ്ഞു

കാരണം
എന്റെ നാവിന്റയറ്റത്തെ ആ പെടച്ചില്‍ തന്നെ!

ഒരു വാക്കിന് നാവുയര്‍ത്തി
കൊടുംനിശബ്ദതയെ വാക്കുവെച്ചുവാക്കുവെച്ച് തകര്‍ക്കാനിറങ്ങി
അന്നേരങ്ങളിലെല്ലാം അപ്പെടച്ചില്‍ നാവേല്‍ വള്ളികെട്ടി.

സൂക്ഷ്മവും ദാര്‍ശനികവും ബുദ്ധിപരവും കാവ്യാത്മകവുമായ 
ചോദ്യങ്ങള്‍ക്കുമുന്നില്‍
നാവിന്റെ മുട്ടിടിച്ചു.

ആഗ്രഹങ്ങളില്ലാഞ്ഞിട്ടല്ല,

ചുണ്ടത്തു നിന്ന് വാക്കുകളെ തുരുതുരെ വീശിവിതയ്ക്കണമെന്നും
ആ വാക്കുകളുടെയറ്റത്തൊ,രാള്‍ക്കൂട്ടത്തെ തളയ്ക്കണമെന്നും
ഇടത്തേക്ക് ചൂണ്ടുമ്പോള്‍ രണ്ടുവട്ടം ഇടത്തേക്കും
വലത്തേക്ക് ചൂണ്ടുമ്പോള്‍ നാലുവട്ടം വലത്തേക്കും
തലചെരിച്ചുനോക്കി കയ്യടിക്കുന്നവരെ പടുത്തുയര്‍ത്തണമെന്നും
എന്തൊരസാദ്ധ്യ,കൊടുംഭീകര,കക്ഷിയാണു ഞാനെന്നു വിചാരപ്പെട്ട്
എന്നില്‍ നിന്നാരാധകര്‍ പിരിഞ്ഞുപോകണമെന്നും.

ചെരുപ്പുകടയില്‍ വിലപിടിച്ച ഷൂസിന്റെ പ്രൈസ് ടാഗിലേക്കും 
വിണ്ടുവെടിഞ്ഞ സ്വന്തം വിരലറ്റങ്ങളിലേക്കും
മാറിയും മറിഞ്ഞും നോക്കി
ഷൂസ് തിരികെവെച്ച് ഇറങ്ങിനടക്കുന്നവരെ പോലെ,
ചില ആഗ്രഹങ്ങള്‍, ആശയങ്ങള്‍
പ്രണയങ്ങള്‍, പ്രണയങ്ങള്‍ പോലെയുള്ള വന്‍കിട പ്രസ്ഥാനങ്ങള്‍
പറ്റേ ഉള്‍ക്കൊള്ളുന്നതല്ലെന്നു തിരിച്ചറിയും നേരം
നമ്മ ഉപേക്ഷിക്കാറില്ലേ,

അതേപോല്‍,
എത്രയോ ആഴ്ചകള്‍ മുമ്പേ
അപ്പെടച്ചിലിന്റെ അടിയേടുകള്‍ തെരഞ്ഞുപോയ നാള്‍
മേല്‍ത്തരം ആഗ്രഹങ്ങളെ
ഉപേക്ഷിച്ചുകളഞ്ഞൂ ഞാന്‍.

അതായത്, 
അനേകായിരത്തൊന്ന് റീലുകളുള്ള
കരച്ചില്‍ എന്ന ഒരു ചലച്ചിത്രം
നൂറ്റാണ്ടുകളായി ഇവിടെ കളിച്ചുകൊണ്ടേയിരിക്കുന്നു.
മാഞ്ഞുപോകുന്ന ഓരോ കഥാപാത്രങ്ങളുടെയും നാവില്‍
ചെതുമ്പലുകള്‍ പോലെ പെടച്ചിലുകള്‍ തിളങ്ങി നില്‍ക്കുന്നു

ആ ചലച്ചിത്രത്തിന്റെ പിറകില്‍
അനേകായിരത്തൊന്ന് നിര്‍മ്മാതാക്കള്‍

അവര്‍ക്കു പിറകില്‍
മികച്ച സംവിധായകര്‍, തിരക്കഥാകൃത്തുക്കള്‍

അവര്‍ക്കും പിറകില്‍ 
മുഖ്യനടന്മാര്‍, നടിമാര്‍             

അവര്‍ക്കും
വളരെപിറകില്‍
പൊടുന്നനെ വെട്ടിമായാനൊരുങ്ങുന്ന
സ്വന്തം നിമിഷത്തിനായി 
തിയേറ്ററിലെ ഇരുട്ടില്‍ ജാഗ്രതയോടെയിരിക്കുന്നു
അനേകായിരത്തൊന്നിലേറെ
എക്‌സ്ട്രാ നടന്മാര്‍, നടിമാര്‍.

അപ്രസക്തരില്‍ അപ്രസക്തരായ
അവരില്‍ ഒരു നടനാകുന്നു ഞാന്‍.

Thursday, June 12, 2014

രാത്രിസമരം

എട്ടുനില വന്നു.
എട്ടുനിലകളില്‍ പണിയെടുക്കുന്നവര്‍ക്ക് പാര്‍ക്കാന്‍
നാലുനിലയും

നാലുനിലകളില്‍ പാര്‍ക്കുന്നവര്‍ക്ക് കുളിക്കാന്‍
നീന്തല്‍ക്കുളം വന്നു.
വെള്ളത്തില്‍ പരിചയമില്ലാത്തവര്‍ക്ക്
വായുവില്‍ നീരാടാന്‍ ജിംനേഷ്യവും

ഉന്നതനിലയില്‍ ജൈവകൃഷിത്തോട്ടം വന്നു
വിസര്‍ജ്യങ്ങള്‍ക്ക് രഹസ്യക്കുഴലുകളും

പുല്ലുകള്‍ക്കിടയ്ക്ക് തുറസിന്റെ നട്ടെല്ലുപോലെ
കടന്നുപോകും വന്‍കുഴലിന്നുള്ളില്‍ പിടയ്ക്കും ഏമ്പക്കങ്ങള്‍
പുല്ലുകള്‍ക്കിടയ്ക്ക് വീടുള്ള കുട്ടികള്‍
കുഴലോരത്ത് ചെവിചേര്‍ത്തു പിടിച്ചെടുക്കും
പുതിയൊരു കളി കണ്ടുപിടിച്ചിട്ടുണ്ട്

എട്ടുനില ഞെളിഞ്ഞുനില്‍ക്കുന്ന,യിടത്തുനിന്ന്
ഒഴിഞ്ഞുപോയവരില്‍ ഒരാള്‍
ആണ്ടുകള്‍ക്കുശേഷം
തൊട്ടടുത്ത ഒരു ലോഡ്ജില്‍ മുറിയെടുത്തു

ഉയരങ്ങളിലേക്കു കഴുത്ത് ചെരിച്ചുയര്‍ത്തുമ്പോള്‍
വലിഞ്ഞുകെട്ടുന്ന ഞരമ്പുകള്‍
തുറുപ്പിക്കും കണ്ണുകളോടെ
മുറിയുടെ ജനല്‍ തുറന്ന്
വെളിച്ചപ്പൊട്ടുകളായ എടുപ്പുകളിലേക്ക്
അയാള്‍ ഓര്‍മയെ കൂര്‍പ്പിച്ചുവിട്ടു

ഒരു ഫോട്ടോയെടുക്കാന്‍ തോന്നി; മൊബൈലെടുത്തു.
മെമ്മറികാര്‍ഡില്‍ തെല്ലിടമില്ല.
പഴയവ തുടച്ചുമാറ്റി
പുതിയവ പകര്‍ത്തി

പുതിയവര്‍ക്ക് ഇടമൊരുക്കാന്‍
പഴയവരെല്ലാം ഒഴിഞ്ഞുപോകണമെന്നും
ഇനിയെങ്ങാനം ഒഴിഞ്ഞുപോയില്ലെങ്കില്‍
പറിച്ചെടുത്ത് ഒഴിഞ്ഞോരിടത്തേക്ക് പതിപ്പിക്കുമെന്നും
നിയമമുണ്ട്

ഞാന്‍ താമസിക്കുന്ന ഈ മുറിതന്നെ
വൈകാതെ ഒഴിഞ്ഞ് കൊടുക്കണം

എന്റെ കൈയില്‍
കുറേക്കൂടി പണമുണ്ടായിരുന്നെങ്കില്‍
ഒരു ദിവസംകൂടി ഈ മുറിയില്‍ അടിഞ്ഞുകൂടാമായിരുന്നു

കുറേക്കൂടി കുറേക്കൂടി പണമുണ്ടായിരുന്നെങ്കില്‍
പഴയ ഒരു കൂട്ടുകാരിയെക്കൂടി
കൂടെക്കൂട്ടാമായിരുന്നു

കുറേക്കൂടി കുറേക്കൂടി കുറേക്കൂടി പണമുണ്ടായിരുന്നെങ്കില്‍
ഇവിടെനിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെയെല്ലാം
തെരഞ്ഞുകൊണ്ടുവന്ന് ചെല്ലുംചെലവും കൊടുത്ത്
ഈ ലോഡ്ജ്മുറികളില്‍
ഒരു രാപകലെങ്കിലും പാര്‍പ്പിക്കാമായിരുന്നു

പക്ഷേ,
ഒഴിഞ്ഞ ഒരു പോക്കറ്റാണ് ഞാന്‍

ലോഡ്ജ് ഉടമ
രജിസ്റ്റര്‍ ബുക്കില്‍ നോക്കി
ഒഴിഞ്ഞുപോകേണ്ടവരെ
ചുവന്ന മഷിയില്‍ തിട്ടപ്പെടുത്തിയിട്ടുണ്ട്
എന്നാല്‍
എനിക്ക് ഒഴിഞ്ഞുപോകാന്‍ മനസ്സില്ലെന്നും
പലമുറികളുടെയും വിണ്ടകന്ന ഭിത്തിയുടെ ഉള്ളറകളില്‍
തുറിച്ച കണ്ണുകളോടെ
ആണ്ടുകളായി ജീവനുകള്‍
ഒഴിഞ്ഞുപോകാ,തൊളിച്ചിരിപ്പുണ്ടെന്നും
അയാളറിയുന്നില്ല

ഇടങ്ങള്‍ നഷ്ടപ്പെട്ടവരുടെ
രാത്രിസമരത്തിന്റെ പിന്നണിയില്‍ നില്‍ക്കാന്‍
ഞാന്‍ എങ്ങനെയോ
ഇവിടെ എത്തിച്ചേരുകയായിരുന്നു
വംശഹത്യയില്‍നിന്നോടിത്തോറ്റ്
ഒടുവിലത്തെ ഇരയെന്നു തിരിച്ചറിയുംനേരം
സമരജീവികള്‍ കണ്‍മാറുന്ന
ഒടുക്കത്തെ ഒരു നോട്ടമില്ലേ,
ആ നോട്ടമാണ്
ഈ രാത്രിയുടെ ഏകമുദ്രാവാക്യം

ഇറങ്ങിപ്പോടാ വരത്തങ്കഴുവേറീയെന്ന തെറിയും
ആ തെറിയില്‍നിന്ന് പൊതിരെ ചലിച്ചുതുടങ്ങുന്ന
പെരുത്ത കൈകളും കാല്‍മടമ്പുകളും
ഈ മുറിക്കു പുറത്തുണ്ടെന്നറിയാം.

പക്ഷേ,
പുറത്തടിയേല്‍ക്കുമ്പോള്‍
എട്ടുകാലികള്‍ നെഞ്ഞില്‍നിന്നു പറിച്ചെടുത്ത്
വിതയ്ക്കും കുഞ്ഞുങ്ങള്‍
ഉലഞ്ഞകാലുകള്‍ പതിച്ചിട്ട്
പലേവഴി ചിതറിയോടുമ്പോള്‍
അടിയാവര്‍ത്തനത്തിന്
ഒരു കൈ തികയില്ല.

Thursday, March 27, 2014

)''(

പാടത്തിന്റാകാശത്ത് പറക്കും കിളിയുടെ
വീഴുന്ന നിഴലുകള്‍ പെറുക്കീനടക്കുമ്പോള്‍
ചിറകുംവീശിക്കൊണ്ടവപറന്നങ്ങുമറയുന്നു
വെറുംകൈ മണ്ണില്‍തൊട്ടുതിരികെ,യെടുക്കുന്നു