ഒരാഴ്ച മുമ്പേ
ഞാനൊരു റേഡിയോ ജോക്കി ആയിരുന്നെങ്കില്‍
മൂന്നാഴ്ച മുമ്പേ
സ്‌റ്റേഷന്‍ തല്ലിപ്പൊളിക്കാന്‍
ഒരാള്‍ നഗരത്തിലേക്ക് ഇറങ്ങാനൊരുങ്ങുന്നു
രണ്ടാഴ്ച മുമ്പേ
സ്‌റ്റേഷന്‍ തല്ലിപ്പൊളിക്കാന്‍
ഒരാള്‍ക്കൂട്ടം നഗരത്തിലേക്ക് ഇറങ്ങിക്കഴിഞ്ഞു
കാരണം
എന്റെ നാവിന്റയറ്റത്തെ ആ പെടച്ചില്‍ തന്നെ!
ഒരു വാക്കിന് നാവുയര്‍ത്തി
കൊടുംനിശബ്ദതയെ വാക്കുവെച്ചുവാക്കുവെച്ച് തകര്‍ക്കാനിറങ്ങി
അന്നേരങ്ങളിലെല്ലാം അപ്പെടച്ചില്‍ നാവേല്‍ വള്ളികെട്ടി.
സൂക്ഷ്മവും ദാര്‍ശനികവും ബുദ്ധിപരവും കാവ്യാത്മകവുമായ
ചോദ്യങ്ങള്‍ക്കുമുന്നില്‍
നാവിന്റെ മുട്ടിടിച്ചു.
ആഗ്രഹങ്ങളില്ലാഞ്ഞിട്ടല്ല,
ചുണ്ടത്തു നിന്ന് വാക്കുകളെ തുരുതുരെ വീശിവിതയ്ക്കണമെന്നും
ആ വാക്കുകളുടെയറ്റത്തൊ,രാള്‍ക്കൂട്ടത്തെ തളയ്ക്കണമെന്നും
ഇടത്തേക്ക് ചൂണ്ടുമ്പോള്‍ രണ്ടുവട്ടം ഇടത്തേക്കും
വലത്തേക്ക് ചൂണ്ടുമ്പോള്‍ നാലുവട്ടം വലത്തേക്കും
തലചെരിച്ചുനോക്കി കയ്യടിക്കുന്നവരെ പടുത്തുയര്‍ത്തണമെന്നും
എന്തൊരസാദ്ധ്യ,കൊടുംഭീകര,കക്ഷിയാണു ഞാനെന്നു വിചാരപ്പെട്ട്
എന്നില്‍ നിന്നാരാധകര്‍ പിരിഞ്ഞുപോകണമെന്നും.
ചെരുപ്പുകടയില്‍ വിലപിടിച്ച ഷൂസിന്റെ പ്രൈസ് ടാഗിലേക്കും
വിണ്ടുവെടിഞ്ഞ സ്വന്തം വിരലറ്റങ്ങളിലേക്കും
മാറിയും മറിഞ്ഞും നോക്കി
ഷൂസ് തിരികെവെച്ച് ഇറങ്ങിനടക്കുന്നവരെ പോലെ,
ചില ആഗ്രഹങ്ങള്‍, ആശയങ്ങള്‍
പ്രണയങ്ങള്‍, പ്രണയങ്ങള്‍ പോലെയുള്ള വന്‍കിട പ്രസ്ഥാനങ്ങള്‍
പറ്റേ ഉള്‍ക്കൊള്ളുന്നതല്ലെന്നു തിരിച്ചറിയും നേരം
നമ്മ ഉപേക്ഷിക്കാറില്ലേ,
അതേപോല്‍,
എത്രയോ ആഴ്ചകള്‍ മുമ്പേ
അപ്പെടച്ചിലിന്റെ അടിയേടുകള്‍ തെരഞ്ഞുപോയ നാള്‍
മേല്‍ത്തരം ആഗ്രഹങ്ങളെ
ഉപേക്ഷിച്ചുകളഞ്ഞൂ ഞാന്‍.
അതായത്,
അനേകായിരത്തൊന്ന് റീലുകളുള്ള
കരച്ചില്‍ എന്ന ഒരു ചലച്ചിത്രം
നൂറ്റാണ്ടുകളായി ഇവിടെ കളിച്ചുകൊണ്ടേയിരിക്കുന്നു.
മാഞ്ഞുപോകുന്ന ഓരോ കഥാപാത്രങ്ങളുടെയും നാവില്‍
ചെതുമ്പലുകള്‍ പോലെ പെടച്ചിലുകള്‍ തിളങ്ങി നില്‍ക്കുന്നു
ആ ചലച്ചിത്രത്തിന്റെ പിറകില്‍
അനേകായിരത്തൊന്ന് നിര്‍മ്മാതാക്കള്‍
അവര്‍ക്കു പിറകില്‍
മികച്ച സംവിധായകര്‍, തിരക്കഥാകൃത്തുക്കള്‍
അവര്‍ക്കും പിറകില്‍
മുഖ്യനടന്മാര്‍, നടിമാര്‍
അവര്‍ക്കും
വളരെപിറകില്‍
പൊടുന്നനെ വെട്ടിമായാനൊരുങ്ങുന്ന
സ്വന്തം നിമിഷത്തിനായി
തിയേറ്ററിലെ ഇരുട്ടില്‍ ജാഗ്രതയോടെയിരിക്കുന്നു
അനേകായിരത്തൊന്നിലേറെ
എക്‌സ്ട്രാ നടന്മാര്‍, നടിമാര്‍.
അപ്രസക്തരില്‍ അപ്രസക്തരായ
അവരില്‍ ഒരു നടനാകുന്നു ഞാന്‍.
ഉദ്ദേശം മനസ്സിലായില്ല. എന്നാലും വായിക്കാതെ ഇരുന്നില്ല.
ReplyDelete