Tuesday, November 12, 2019

അടമുട്ടകള്‍


ടമുട്ടകളുടെ അനക്കത്തിലേക്ക്
ചെവി തുറന്നിട്ട വൈകുന്നേരം
നഗരത്തിലെ കൂട്ടുകാരന്‍
ഒരു കുറഞ്ഞ പൈന്റുമായി
വരുന്നുണ്ടെന്നറിഞ്ഞ്
വകേലുള്ള ചിറ്റപ്പനെ
വീട്ടിലേക്കു വിളിച്ചുവരുത്തി
ഞങ്ങള്‍ വഴീലിറങ്ങി നിന്നു.

വൈകുന്നേരമായാല്‍ പുലര്‍ച്ചയെന്നും
പുലര്‍ച്ചയായാല്‍ വൈകുന്നേരമെന്നും തോന്നുന്ന
ഒരു നശിഞ്ഞ കാലമായിരുന്നു
എനിക്കുചുറ്റും.

മരിച്ചവീട്ടിലെ കരച്ചിലുകണക്കെ
മഴ ഇടറി പെയ്തുകൊണ്ടിരുന്നിട്ടും
ദൂരത്തവനെ കണ്ടയുടന്‍ ചിറ്റപ്പന്‍
അനിയാ എന്നു നീട്ടിവിളിച്ചു.
ജേഷ്ഠാ എന്നവനും വിളിച്ച്
ഉറുമ്പടക്കം കെട്ടിപ്പിടിച്ചതോടെ
അവന്റരേലിരുന്ന കുപ്പിയും
ചിറ്റപ്പന്റരേലിരുന്ന ഗഌസും
ചിയേഴ്‌സടിച്ചു.

അങ്ങേരുടെ മൂന്നുബാറ്ററി തെളിച്ചവഴിയേ
വരമ്പുകടന്ന് ചായന്തെങ്ങുകളുടെ
പണയില്‍ ചെന്നിരുന്ന്
ഞങ്ങള്‍ ഓരോന്നൊഴിച്ചു.

തൊണ്ടേലേക്ക് ഗഌസുകമഴ്ത്തി
എളിയില്‍ നിന്നൊരു പൊതിയഴിച്ച്
തെങ്ങേലൊന്നു തട്ടി
വായിലേക്കു ചിതറിച്ച മുട്ടയില്‍
ജീവന്റെ തിടുക്കം കണ്ട്
വയലിലേക്കതു വലിച്ചെറിഞ്ഞ്
ചിറ്റപ്പന്‍ നിലവിളി തുടങ്ങി.

ചിറ്റപ്പന് കുട്ടികള്‍ ഇല്ലായിരുന്നു.
പെറാത്ത കെട്ടിയോളെ അയാളുപേക്ഷിച്ചു.
അവരാണയാളെ ആദ്യമുപേക്ഷിച്ചത്.
അവര്‍ക്ക് പിറക്കാനിരുന്ന
കുട്ടികള്‍ മുളയിലേ വാടിപ്പോയി.
എന്നിരുന്നാലും അതുങ്ങള്‍ക്കിടാനുള്ള പേരുകള്‍
ചിറ്റപ്പന്‍ കണ്ടുവച്ചിരുന്നു.

ചിറ്റ മടങ്ങിപ്പോയ ദിവസം
ഇറയത്തെ ചെടികളിലേക്ക്
ചിറ്റപ്പന്‍ ആ പേരുകളെടുത്തെറിഞ്ഞു.
വര്‍ഷകാലം വന്നുമടങ്ങുമ്പോള്‍
ആ ചെടികള്‍ വളര്‍ന്ന്
ചാര്‍ത്തിലേക്ക് പൂക്കള്‍ നീട്ടി.
അവിടെക്കിടന്ന്
ഒരു വാടാമല്ലിയിലേക്ക് ചിറ്റപ്പന്‍ വിരല്‍നീട്ടി.

കൈമാറിയെത്തിയ ഒരു  ഗ്‌ളാസില്‍
ചിറ്റപ്പന്‍ നിലവിളിനിര്‍ത്തി
വയലില്‍ തലയാട്ടും കതിരുകളെ
മക്കടെ പേരുകളോരോന്നായി വിളിച്ചു.
മഴതോര്‍ന്ന ആകാശം നോക്കി
ആ കതിരുകള്‍ നിറഞ്ഞൊന്നാടി.

വയലിനക്കരെ
വിളക്കുപഴുത്ത് വെളിച്ചം തുപ്പും വീടുകള്‍
ആ വീടുകളെ തറഞ്ഞു നില്‍ക്കും തിട്ടകള്‍
നിര്‍ത്തെടാ എരപ്പേ...
നിന്റെ നിലവിളിയെന്നലറി.

നഗരത്തിലെ ജീവിതം
തേഞ്ഞുപോയതിന്റെ വിങ്ങല്‍
എന്റെ തൊണ്ടയില്‍ വന്നുനിറഞ്ഞു.
കൂട്ടുകാരന്‍ ഒഴിഞ്ഞ കുപ്പിയുടെ ചുണ്ടത്തൂതി
ആ നിമിഷത്തിന് ഒരു താളമുണ്ടാക്കി.

അപ്പോഴേക്കും
ചിറ്റപ്പന്‍ കിളിയായി പറക്കാനൊരുങ്ങി
ചിറകൊടിഞ്ഞു.

ചിറ്റപ്പാ, ഇനിയുള്ള കാലം
നീയീതെങ്ങിനുവളമായിവിടെ
കിടക്കണമെന്നു പറഞ്ഞ്
വയലിനും തോടിനും നടുവിലെ
ഒറ്റയടിപ്പാതയിലൂടെ
ഷാപ്പടയ്ക്കും മുന്‍പേ
ഞങ്ങളങ്ങോട്ടു പാഞ്ഞു.

ആ പോക്കില്‍
ഇരുകരകളിലെ
ഇരുട്ടുവിഴുങ്ങി തളര്‍ന്നുറങ്ങും കുടിലുകള്‍
പിടഞ്ഞെണീറ്റ്
ആ വഴിക്കപരിചിതരായ ഞങ്ങളുടെ നേരെ
കണ്ണുതിരുമ്മി.

തോട് ഒച്ചവച്ചൊഴുകിപ്പരന്ന് നിശബ്ദമാകുന്നയിടം
ഞങ്ങളുടെ കാലുകള്‍ നിശ്ചലമായി.
മുളങ്കാടുകള്‍ക്കിടയ്ക്ക്
ഒറ്റയ്ക്കുനില്‍ക്കുന്ന വീടിന്റെ
വാതില്‍പ്പാളിക്കിടയിലൂടെ
പാതയിലേക്കൊലിച്ചിറങ്ങുന്നു
സ്വര്‍ണംപോലുള്ള വെളിച്ചം.
ആ വെളിച്ചം കണ്ണിലടിച്ചതോടെ
ഈയാംപാറ്റകളായി മാറി
രശ്മികള്‍ മൊത്തിക്കുടിക്കാന്‍
ഞങ്ങള്‍ വാതില്‍ക്കലേക്കു പാറി.

അകത്ത് ചാണകം മെഴുകിയ തറയില്‍
മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍
അങ്കംകഴിഞ്ഞ് പിറന്നപടി
നേര്‍ക്കുനേരേയിരിക്കുന്നു
ഒരുവനും ഒരുവളും.
താളം, കിതപ്പിന്റെ താളം
അവരുടെ ഉടലേല്‍ തിളങ്ങി.

അതേയിരിപ്പില്‍ പിന്നിലേക്ക് കൈപരതി
ഒരു വാക്കത്തിയെടുത്തയാള്‍ വീശുമ്പോള്‍
ഒരു പഴുത്ത ചക്ക
അവളുരുട്ടി മുന്നിലേക്കിട്ടു.
പിളരും ചക്ക
പരത്തുന്നു മുറിയില്‍ മണം
മഞ്ഞവെളിച്ചം.

ഒരു ചുളയെടുത്ത് വായിലിട്ട്
കുരുവയാള്‍ നാവുകൊണ്ടിലിഞ്ഞു തുപ്പുംനേരം
കുരുകളഞ്ഞിട്ടവളും ചുള നുണയുന്നു.

തോപ്പംതോപ്പം
ചുള ഇലിഞ്ഞു തിന്നുന്നവരുടെ വിരലുകളിലൂടെ
കൂഴച്ചക്കതേനൊലിച്ചിറങ്ങി
മുറിയെ മത്തുപിടിപ്പിച്ചു.

മത്തടിച്ചുമത്തടിച്ചുമത്തടിച്ച്
രണ്ടു കരിവണ്ടുകളായി മാറിയതിനാല്‍
ഞങ്ങളുടനെ തിരികെ പറക്കാനിറങ്ങി.

അടച്ചഷാപ്പിന്റെ മുന്നില്‍
ഒരു ബൈക്കിന് കൈകാണിച്ച്
കൂട്ടുകാരന്‍ നഗരത്തിലേക്ക് പോയി.

രാത്രി മുറിച്ചുകടന്ന്
വീട്ടിലെത്തുമ്പോള്‍
കൊലപ്പാതിരയായെങ്കിലും
എനിക്കാനേരം
പുലര്‍ക്കാലമായി.

അടമുട്ടകള്‍ പൊട്ടിവിരിഞ്ഞ്
കുഞ്ഞുങ്ങള്‍ പുറത്തെത്തിയതിന്റെ
അനക്കം അകത്തുനിന്നും കേട്ടു.
കാല്‍പ്പെരുമാറ്റം അറിഞ്ഞിട്ടാകാം
കുഞ്ഞുങ്ങളെ ചിറകിലൊതുക്കി
എന്തോതിരയുംപോലെ
തള്ളക്കോഴി ചുറ്റും നോക്കി.

എനിക്കാനേരം
ചിറ്റപ്പനെ
കാണാന്‍ തോന്നി.