Thursday, July 6, 2017

ആട്ടക്കഥ


ഇനി കാണാൻ ചെല്ലരുതെന്നവൾ
എന്നിട്ടും ചെന്നു.

ഇപ്പമിറങ്ങണം, ഈ ഏരിയേൽ കണ്ടേക്കരുത്
എന്നിട്ടും അവിടെ ചുറ്റിപ്പറ്റി.

ഒരു പാട്ടിലേക്കവൾ
ടീവി ഓൺചെയ്തു

മറ്റൊരു പാട്ടിലേക്കവൾ
ചാനൽ മാറ്റി

പാട്ടിന്റെ വരിത്താളം ചവിട്ടി
അവളുടെ അച്ഛനും അമ്മയും
ജിമ്മിൽ പോകുന്ന ബ്രോയും 
ഗേറ്റുതുറന്ന് 
അവസാനവരിയിലേക്ക്
ചെരിപ്പൂരി.

ആ മുറി 
ഇടിമുറിയാകും മുന്നേ
അവളുടെ കട്ടിലിനടിയിലേക്ക് നൂഴ്ന്നു.
അവിടെ കിടന്നുറങ്ങിയ പൂച്ച  
വാലുംചുരുട്ടിയെണീറ്റുപോയി.

പകൽകെട്ടിരുട്ടുപരന്നു.

കട്ടിലിനടിയിലേക്ക്
കുനിഞ്ഞെത്തുന്നവളുടെ കണ്ണുകൾ  
ഇറുമ്മുന്നു പല്ലുകൾ
വിറയ്ക്കും ചുണ്ടിൽ
തെറികൾ ചിതറി.

എന്നെയവൾ വിളിച്ചിരുന്ന പേര്
അത്താഴം കഴിഞ്ഞയുടനെ
അവളുടെയമ്മ നീട്ടിവിളിച്ചു.
പൂച്ച വിളികേട്ടു.

ടീവിയിൽ ചർച്ച
ചർച്ചയ്ക്കുമേൽ ചർച്ച
ചർച്ചയ്ക്കുമേൽ കൊടുംചർച്ച
ഒരു പാട്ടിലേക്ക് ചാനൽ മാറുന്നു.

അപ്പോൾ കേട്ട കുത്തുപാട്ടിന്റെ താളം
അവളുടെയച്ഛനെയെടുത്തങ്ങലക്കി.
പിടഞ്ഞെണീറ്റയാൾ
കൈവിടർത്തി കാൽവീശി
അരയിളക്കിയൊരലമ്പൻ ചുവടെടുത്തു.
അതുകണ്ട ബ്രോ 
കൈമസിലുകളുരുട്ടി തുടർചുവടുകളായി.
പാത്രങ്ങൾ കയ്യിലേന്തി 
അവളുടെയമ്മയുടെ അടുക്കളച്ചുവടുകളും.

എന്റെ നേരമെത്തി-
നൂഴ്ന്നിറങ്ങി പുറത്തേക്കോടും
വഴിതെരഞ്ഞു ഞാൻ, എന്നാൽ
താളം എന്റെ കാലുകളെ ചുറ്റിവളഞ്ഞു.
നാസിക്‌ഡോളിൽ
തണ്ടെല്ലൂരി,യടിച്ചുകൊണ്ടൊരദൃശ്യസംഘം
ഞരമ്പിലൂടെ കടന്നുപോയി.

ഞാൻ ചുവടുകളായി
ആ ചുവടുകളിലവരും ചുവടുകളായി.

മുറിക്കുള്ളിൽനിന്ന്
ആടിയിറങ്ങി അവളെന്നെ ചുറ്റിപ്പടരുമ്പോൾ
അവൾക്കൊത്ത ചുവടാകുന്നു ഞാൻ
എനിക്കൊത്ത ചുവടാകുന്നവൾ.

ഞങ്ങളുടെ ആട്ടം കണ്ട് 
അവളുടെ അച്ഛനുമമ്മയും ചിരിച്ചുതുള്ളി
ബ്രോ, കൈമസിലുകൾ ഊരിയെടുത്ത്
റബ്ബർപന്താക്കി തട്ടിത്തുള്ളി.

വിയർപ്പിലുലയും ഉടലുകളെഴുതി
കലർപ്പിൻ കളി.
അക്കളിതുടരെ
പാട്ടിന്റെ വരികൾ തീർന്നുപോയി
വിതച്ചിട്ട താളം കപ്പലേറി
അവൾ മുറിക്കുള്ളിലേക്കും.

കലർപ്പിൻകളി അവസാനിച്ചതിനാൽ
അവളുടെയച്ഛൻ എന്നെ തുറിച്ചുനോക്കി. 
വെറുപ്പൊലിച്ചിറങ്ങും കണ്ണുകളിലൂടെ
ബ്രോ എന്റെ നേരേ കവാത്തുനടത്തി.
ചെകിടിലേക്ക് വന്നുവീണ കൈപ്പത്തിയിൽ
പാമ്പ് മൂളുന്ന ശബ്ദം ഞാൻ കേട്ടു.
എന്നാൽ ആ നിമിഷം
ടീവിയിൽ ഒരു കുത്തുപാട്ടിന്റെ 
ആദ്യവരി,യതിന്റെയടാറ് താളം.

പാട്ടിലാടാൻ അവളുമെത്തുമ്പോൾ
കിടുക്കിമോനേ പുതിയ ചുവടെന്നവളുടെയച്ഛൻ.
ചായക്കോപ്പ മുകളിലേക്കിട്ട്
അമ്മാനമാടുന്നവളുടെയമ്മ.
ഇരുമ്പ് മസിൽപന്ത്  
ചിരിച്ചുകൊണ്ടെനിക്ക് 
വച്ചുനീട്ടി ചങ്ക്‌ബ്രോ!

എവിടേക്കെങ്കിലും ഇറങ്ങിയോടാമെന്നവൾ.
മൂളുന്ന ചെകിടുകൾക്കും
നിനക്കും മുന്നേ
ഇറങ്ങിയോടേണ്ടിയിരുന്നുവെന്ന് ഞാൻ.

പാട്ടിന്റെ അവസാനവരിക്കുവേണ്ടി
ഞങ്ങൾ കാത്തുതുള്ളി

ഞങ്ങൾ സിറ്റൗട്ടിലിറങ്ങി ചുവടുവച്ചു
അവർ തുള്ളിത്തുള്ളി പിറകെവന്നു

ഞങ്ങൾ മുറ്റത്തിറങ്ങി ചുവടുവച്ചു
അവർ തുള്ളിത്തുള്ളി മുറ്റത്തെത്തി

ഞങ്ങൾ ഗേറ്റുകടന്ന് ആടിയുലഞ്ഞു
അവർ ഗേറ്റിനകമേ ആരവമായി.

അവസാനവരിയും അവസാനിക്കെ
പെപ്പരപെപ്പരയൂതി നിശബ്ദത കാഞ്ചിവലിച്ചു.
റോട്ടിലിറങ്ങി ഓടും ഞങ്ങൾക്കു പിറകെ
ഇരുട്ട് നിലവിളിച്ചുകൊണ്ടോടിപ്പരന്നു.

ആട്ടത്തിന്റെ ദിക്കിലേക്ക് അവളും
പാട്ടിന്റെ ദിക്കിലേക്ക് ഞാനും പാഞ്ഞുപോയി.
അവിടെ അവൾക്കൊരു പാട്ടുകാരനെ കിട്ടി
എനിക്കൊരു ആട്ടക്കാരിയെയും.

ഞങ്ങളോടിയ വഴിയിൽ
രാത്രിക്കുരാത്രി പുല്ലുമുളച്ചു
പകലിനുപകൽ പുല്ലുപൂത്തു.

അവളെ പിന്നിതുവരെ കണ്ടിട്ടില്ല.
എന്തിന് കാണണം?

*
വെട്രി കൊടികാറ്റ്, കാതലിൽ വിഴുന്തേൻ എന്നീ തമിഴ്‌സിനിമകളിലെ പാട്ടുകളാണ് കവിതയിൽ ഉപയോഗിച്ചിരിക്കുന്നത്.