രാത്രി
പായ്‌വഞ്ചിയിൽ
അറബിക്കടലിൽ ചുറ്റിത്തിരിഞ്ഞു.
കണ്ടപടി കായൽ പിടിച്ചു കരയ്‌ക്കെറിഞ്ഞു.
പിടഞ്ഞെണീറ്റ്
റോഡ് മുറിച്ചുകടന്നു.
വെണ്ടുരുത്തിപാലവും കപ്പൽശാലയും ഫ്‌ളാറ്റുകളും
കൈകൾ വീശിയടിച്ചു.
മുഖമടിച്ചുവീണ് നിരത്തിലൊഴുകിപ്പരന്ന്
ഇരുൾ വാരിച്ചുറ്റി
തെരുവിൽ കിടന്നുറങ്ങുന്നവരിലൊട്ടി.
തണുത്തുവിറച്ചവർ ചുളിഞ്ഞുറങ്ങുമ്പോൾ
ഭിത്തികളിലൂടെ ഷട്ടറുകളിലൂടെ
പടർന്നുകേറി.
അങ്ങനെ
ഇവിടെയെത്തി,
ഈ ജനാലവക്കിൽ.
ഈ ജനാലയുടെ
പൊളിഞ്ഞ തകരച്ചീളിൽ
ചുണ്ടുടക്കി വെറുങ്ങലിച്ച ശബ്ദത്തിൽ
പാടുന്നൂ കാറ്റ്
പടിഞ്ഞാറൻ കാറ്റ്.
ഉറക്കമില്ലാതെ കിടക്കുമ്പോൾ
മരിച്ചവരെത്തുന്നോർമ്മയിൽ
നിന്നനിൽപ്പിൽ മാഞ്ഞുപോയൊരാളുടെ
അവ്യക്തസംസാരം കേൾക്കുന്നു.
അപ്പറഞ്ഞ അപൂർണ വാചകം
എങ്ങനെ പൂരിപ്പിക്കുമെന്നറിയാതെ
തിരിഞ്ഞും മറിഞ്ഞും
ചടച്ചുകിടക്കും രാത്രി
തകരത്തേലടിച്ചുകളിക്കും കാറ്റേ
പടിഞ്ഞാറൻ കാറ്റേ
കടൽ കടന്നുവന്ന കാറ്റേ
കടക്കൂ പുറത്ത്!
ഉടലിൽ തീപ്പുള്ളി തിളക്കും
കരിമ്പുഴു കണക്കിഴയുന്നു
പാതയിലൂടെ
തീവണ്ടികൾ
പടിഞ്ഞാറൻ കാറ്റേ,
കടന്നുപോ കാറ്റേ
ആ വണ്ടിയിൽ കേറി
ആലപ്പുഴയ്‌ക്കോ
ആലുവയ്‌ക്കോ
അങ്കമാലിക്കോ
പോയ്‌വരൂ...
അല്ലെങ്കില്,
തലവെച്ചുകിടക്കാപാതയില്
നിന്നനിൽപ്പിൽ
മാഞ്ഞുപോയൊരാളുടെ
ശബ്ദത്തിൽ
ഇങ്ങനെ പിറുപിറുക്കാതെ...
No comments:
Post a Comment