Friday, May 17, 2019

ചങ്ക്

ഞാനും ചങ്കും
അരുവിയിലിറങ്ങി
ഒഴുക്കിനെതിരെ നടന്ന്
മണ്ടകത്തിയ തെങ്ങിൻചോട്ടിലെത്തി
മേലേക്ക് കണ്ണുപായിച്ചു.

തെങ്ങിൻപൊത്തിനു പുറത്തേക്ക്
ഒരു മാടത്ത പറന്നു.
മഞ്ഞപ്പകലായി.

ചങ്ക് അരേച്ചുറ്റിയ തോർത്തഴിച്ച്
ത്‌ളായിപ്പുണ്ടാക്കി  കാലുകളിൽ ചുറ്റി
തെങ്ങിലേക്കു ചാടി
രണ്ടടി മേലോട്ടും ഒരടി താഴോട്ടും
ഒരടി മേലോട്ടും രണ്ടടി താഴോട്ടും.

പൊത്തുവരെകേറി
തടിമേൽ തുടകളിറുക്കി
ഒരു കൈ ചുറ്റിക്കെട്ടി
മറുകൈ പൊത്തിലിറക്കി.

വിരലുകളിൽ ഒരു കിളിമുട്ട തടഞ്ഞു.

മുട്ടമാതിരി കയ്യുരുട്ടി 
ചങ്ക് താഴേക്കും
കൈകൾ കുമ്പിൾകുത്തി
ഞാൻ മേലോട്ടും നോക്കി.

ചങ്ക് സ്‌ളോമോഷനിലെറിഞ്ഞ മുട്ട  
കുമ്പിളിലുടഞ്ഞു.

ചങ്ക് ഒരു മാടത്തക്കുഞ്ഞുമായി
ഊർന്നിറങ്ങി.

കൊയ്ത്തുകഴിഞ്ഞ കണ്ടംമുറിച്ച് 
ഞങ്ങൾ മടങ്ങുംവഴി
ഒരു പച്ചവിട്ടിലിനെ 
പൊത്തി കാലടർത്തി
കോഴിക്കാലുതിന്നെന്റെ 
കൊച്ചുരാമാന്നു പാടി
മാടത്തയുടെ വായിൽ തള്ളി.

ഞങ്ങടെ വീടുകളിലേക്കുള്ള 
വഴിയുടെ തിരിവിൽ
ചങ്ക് തരില്ലെന്നറിഞ്ഞിട്ടും
മാടത്തയെ
ഞാൻ പിടുത്തമിട്ടു.

ഒന്നു പറഞ്ഞ്
രണ്ടു പറഞ്ഞ്
അടിയായി
പിടിയായി.

ഞാനന്ന് ചൈനീസ് കുങ്ഫൂ പഠിക്കും കാലം
ചങ്ക് കളരിയും.

കുങ്ഫൂവും കളരിയും
പെരുവഴിയിൽ കട്ടയ്ക്ക് നിന്നു.
പഠിച്ച മുറകളോരോന്നും
ദേഹത്തേശാതെ 
ഞങ്ങളങ്ങിറങ്ങി പൂശി.
വാഹ്, ഊഹ്, ബാഷ്, ബൂഷ്, ഹൂഷ്
ശബ്ദങ്ങൾ വായുവിൽ ഏറ്റുമുട്ടി.

കളരിമുറ പ്രകാരം 
മൂന്നടിയും ഒരു ചവിട്ടും
എനിക്ക് കിട്ടിയെന്ന് ചങ്കും
ചൈനീസ് ശൈലിയിൽ
പറന്നടിച്ചെന്നു ഞാനും
ഉറപ്പിച്ചു.

ഞങ്ങൾ പുല്ലിൽ വിശ്രമിച്ചു.

ചങ്ക് ഒരു തെറിയിൽ പൊതിഞ്ഞ് 
മാടത്തയെ എടുത്തോണ്ടോടി.

ഞാനതിന്റെ കലിപ്പിൽ
കണ്ടംവഴിയോടി 
തെങ്ങിൻചോട്ടിലെത്തി
കാട്ടുവള്ളികൾ പിരിച്ച് ത്‌ളായിപ്പുണ്ടാക്കി
തെങ്ങിലേക്കു ചാടി
ഒരടി മേലോട്ടും രണ്ടടി താഴോട്ടും
രണ്ടടി മേലോട്ടും ഒരടി താഴോട്ടും.

മഞ്ഞപ്പകൽ
ചിതറിയ കിളിമുട്ടയിലെ
കടുംമഞ്ഞ നേരമായി.

പൊത്തിലെ ശൂന്യതയ്ക്ക് മീതെ
ചിതറിയ തൂവലുകളിൽ
കൈ പരതുമ്പോൾ
പശിമയുള്ള ചുരുളനുടലിൽ
വിരൽ വഴുതി.
കൈവലിക്കും മുമ്പ്
ചൂണ്ടുവിരൽത്തുമ്പത്ത് കൊത്തേറ്റു.
തെങ്ങിൽ നിന്ന് ഇലിഞ്ഞിറങ്ങി
വിരലിൽ തറഞ്ഞുനീറ്റും ആര്
ഊരിയെറിയും മട്ടിൽ
അരുവിയിൽ വിരൽ കഴുകി
കൂസലില്ലാതെ മടങ്ങി.

എന്റെ ചൂണ്ടുവിരലിന്റെ അറ്റം
ഒരു പാമ്പിന്റെ നാവാണെന്ന്
എന്നെ പിരിഞ്ഞുപോയ ഒരുവൾ 
മറ്റൊരുവളോട് പറഞ്ഞത്
ഇന്ന് വൈകുന്നേരം
എന്റെ ചെവീലെത്തി.

ഞാനത് ചിരിച്ചു തള്ളി.

1 comment:

  1. ചിരിച്ചു തള്ളേണ്ടി വരുമോ ആവോ????

    ReplyDelete