Friday, October 26, 2012

വംഗദേശത്തെക്കുറിച്ച് നിനക്കെന്തറിയാം?


വംഗദേശത്തുനിന്ന് തീവണ്ടിയില്‍ വന്നിറങ്ങിയ
ഒരു പെണ്ണും ചെക്കനും
താമസിച്ചുവരുന്ന
നഗരത്തിലെ ഒരു കുടുസുമുറിയുടെ
തൊട്ടയല്‍വീടിന്റെ
ജനവാതില്‍ തുറന്നിട്ട്
തുറുകണ്ണുമായി നില്‍ക്കുന്ന
ഒരുവനാണ് ഞാന്‍.

പകല്‍പിരിയുമ്പോള്‍
പണിഞ്ഞെടുത്ത ഉയരങ്ങളെ
ആകാശം വിരിച്ചിട്ടുറക്കി
അവരവിടെ രാപ്പാര്‍ക്കാനെത്തുന്നതിനുപിറകാലേ
അവരുടെ കൂട്ടുകാരും
കൂട്ടുകാരുടെ കൂട്ടുകാരികളും
അവിടേക്ക് നടന്നെത്തി.

ഒന്നുംരണ്ടും പറഞ്ഞ്
മുറിയുടെ ചെറുമുറ്റത്തവര്‍ ഇരിക്കെ
ഒരുവന്റെ പുകഞ്ഞചുണ്ടില്‍നിന്നും
ഒരു പാട്ട്
പൊട്ടിപ്പുറപ്പെട്ടു.

പാട്ടെന്നാല്‍
പനിയുളള കുട്ടികളുടെ ശ്വാസംപോല്‍
കുറുകിയും ഇടറിയും
പനിയുള്ള കുട്ടികളുടെ കിതപ്പുപോല്‍
വിങ്ങിയും വിറച്ചും
സ്വരഭേദങ്ങള്‍ നിറഞ്ഞത്.

വംഗദേശത്തുനിന്നും കൊണ്ടുവന്ന വിത്തുകള്‍
വിതഞ്ഞുപൂത്ത മുറ്റത്തെ ചെടികള്‍ക്കുചുറ്റും
പാട്ടിന്റെ വരികളില്‍ നിന്ന്
കിളികളേറെക്കിളികള്‍ പറക്കാനെത്തി.

കള്ളിന്റെ വള്ളികളില്‍ കെണിഞ്ഞ്
പിണങ്ങിപ്പോകേണ്ടവരുടെയും
ഇണങ്ങിവരേണ്ടവരുടെയും
ഇനി മടങ്ങിവരാനിടയില്ലാത്തവരുടെയും
ചെറുസഞ്ചയമായി
ആണുങ്ങള്‍ മുറ്റത്തിരിക്കുമ്പോള്‍
പെണ്ണുങ്ങള്‍ കറിക്കരിഞ്ഞ്
അരപ്പുചേര്‍ക്കുന്നടുപ്പത്ത്.

പെട്ടെന്നൊരുഗ്രാമം പണിഞ്ഞിട്ട്
പെട്ടെന്നതു പിളര്‍ത്തിക്കളഞ്ഞ്
പെട്ടെന്നവര്‍ പിരിഞ്ഞു
അത്താഴം കഴിഞ്ഞ്.

രാത്രിയേറെ വൈകി
മുറിക്കുള്ളില്‍
അവനും അവളും
കിളികളായ്
പറന്ന്
പറന്ന് പറന്ന് പറന്ന്
തുടങ്ങുമ്പോള്‍
ഏറെനേരമായ് ജനവാതുക്കല്‍തന്നെ
പതുങ്ങിനില്‍ക്കുന്ന
എന്റെ അതീവശ്രദ്ധയുടെ കാതിലേക്ക്
ഭാരം വലിച്ചുവലിച്ച്
തെരുവിലൂടെ
കാലുകള്‍ വലിച്ചുവലിച്ച് നടന്നകലും
തീരേദുര്‍ബലരായ മനുഷ്യരുടേതെന്നു തോന്നിപ്പിക്കുന്ന
അവിഞ്ഞ കിതപ്പുകള്‍ വന്നുനിറഞ്ഞു.
പൊടുന്നനെ
ആ കിതപ്പുകളില്‍ ഒളിച്ചുപാര്‍ത്ത
ഒരു ചോദ്യം
എന്റെ നേരെ
തികട്ടി.

വംഗദേശത്തെക്കുറിച്ച്
നിനക്കെന്തറിയാം?

ഇരുട്ടുപിടിച്ച
നഗരത്തിലെ
പലേ കുടുസ്സുമുറികളിലേക്ക്
അവിടെനിന്നുമിറങ്ങി
നടന്നുപോയവരുടെ
ഇടറിയ ശ്വാസത്തിന്റെ ധ്വനിയില്‍
ഈ ചോദ്യത്തിന്
എനിക്കൊരു ഉത്തരമുണ്ട്.
((മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

Tuesday, June 12, 2012

ഈ തീവണ്ടിയിലെ യാത്രക്കാരേ...

നൂറുവര്‍ഷം കഴിയുമ്പോള്‍
ഞാനുണ്ടാകില്ല.

ഞാന്‍ യാത്രചെയ്തുകൊണ്ടിരിക്കുന്ന ഈ തീവണ്ടിയില്‍
എതിര്‍വശത്തിരുന്ന്
എന്നെ തീരെ ശ്രദ്ധിക്കാതെ
പാട്ടുകേട്ടിരിക്കുന്ന പെണ്‍കുട്ടീ
നീയുമുണ്ടാകില്ല.

നിന്റെ ചെവിയില്‍ തുള്ളിച്ചാടുന്ന ആ പാട്ടുകാരനും.

നീയിപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്ന ആ പാട്ട്
അന്ന്
ആര് കേള്‍ക്കും?

തീവണ്ടിയുടെ വാതുക്കലേക്ക് പോയാല്‍
പിടിവിട്ട് വീണുമരിക്കുമെന്ന്
ആ കൊച്ചുകുഞ്ഞിനോട് ഒച്ചയിടുന്ന
ചേട്ടന്‍ അറിയുന്നുണ്ടോ
വര്‍ഷങ്ങള്‍ കടക്കാന്‍
ജീവനില്ലാത്ത തന്റെ വാക്കുകളെക്കുറിച്ച്.


ഈ തീവണ്ടിയിലുള്ളവരെല്ലാം മരിക്കും.
വണ്ടിയുടെ ഹൃദയമിടിപ്പിന്റെ കാവല്‍ക്കാരായ
ലോക്കോ പൈലറ്റിനും ഗാര്‍ഡിനും നേരേ
വളരെമുമ്പേ
ഇവിടെനിന്ന് കടന്നുപോകാനുള്ള
കറുത്തകൊടി പാറിക്കഴിഞ്ഞിരിക്കും.

പാന്‍ട്രികാറില്‍ നിന്ന്
ചായയുമായി വരുന്ന പയ്യന്‍
എക്കാലവും കുപ്പയിലേക്കുപേക്ഷിക്കപ്പെടുന്ന
കോപ്പപോലെ
മരണത്തിലേക്ക് എറിഞ്ഞുടയും.

വണ്ടി ക്രോസിംഗിനായി പിടിച്ചിട്ടിരിക്കുന്ന
ഈ സ്റ്റേഷനില്‍
പെട്ടിയും പ്രമാണങ്ങളുമായി
സഗൗരവം നില്‍ക്കുന്നവരേ
ഇന്നത്തെപ്പോലെ
ബലിഷ്ഠരായ
ധനാഢ്യരായ
നിശ്ചലശില്പങ്ങളായി
അന്നും നിങ്ങള്‍ക്ക് നില്‍ക്കാനാകുമോ?

കൂടുതല്‍ പറയേണ്ടതില്ല;
ഈ തീവണ്ടിതന്നെ മരിക്കും.
ഇന്നുള്ള റൂട്ടുകളെല്ലാംതന്നെ റദ്ദുചെയ്യപ്പെടാം.

മണ്ണില്‍ പുതഞ്ഞുകിടക്കുന്ന
ഇരുമ്പുവടംകണക്കുള്ള പാളങ്ങള്‍
ആക്രിക്കച്ചോടക്കാര്‍
ഒരുമിച്ചെത്തി
വലിച്ചൂര്‍ത്തെടുത്തുകൊണ്ടുപോയി
മുറിച്ചെടുക്കും.

പാളങ്ങള്‍ പതിച്ചിട്ടുപോയ
മണ്‍ചാലിലൂടെ
നൂറുവര്‍ഷത്തിനുശേഷം പായുന്ന
തീവണ്ടിയില്‍
യാത്ര ചെയ്യാന്‍ വരുന്നോ

നൂറുവര്‍ഷം പിമ്പേപായുന്ന
തീവണ്ടിയിലെ യാത്രക്കാരേ...
(മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്) 

Wednesday, March 7, 2012

വരകള്‍

ഗര്‍ഭിണിപ്പെണ്ണിന്നുള്ളില്‍
കിടക്കും കുഞ്ഞന്‍
ചെല്ലവിരല്‍ത്തുമ്പാല്‍
ഉള്‍സ്തരഭിത്തിമേല്‍ കോറിയത്
വയറിന്‍ പുറംതോലില്‍
പുലിത്തോല്‍ വരകളായ്
ചെറുകെ തെളിഞ്ഞത്
ഒരിക്കെ,
കുഞ്ഞന്‍ പുറത്തെത്തി
വളരും വേളയില്‍
കുളിച്ചവള്‍ വരുന്നേരം
ചെറുകണ്ണ് മിഴിച്ച്
വരച്ചതാരാണമ്മേടെ
വയറ്റില്‍ തുരുതുരെ-
യെന്നാശങ്കപ്പെട്ട്
ചെല്ലവിരല്‍ത്തുമ്പാല്‍
പുലിത്തോലില്‍ വിരല്‍കോറി
പൂച്ചക്കുട്ടിയെന്നു ചിണുങ്ങി
പുലിപ്പാല്‍ കുടിക്കാന്‍
പൂച്ചക്കുട്ടി വാതുറന്നു.

Friday, March 4, 2011

അങ്ങനെയിരിക്കെ മരിച്ചുപോയ്‌ ഞാന്‍/നീ



അങ്ങനെയിരിക്കെ
വര്‍ഷങ്ങള്‍ക്കുശേഷം
പെട്ടെന്ന്‌ പൊലിഞ്ഞുപോകും ഞാന്‍.

അതുവരെ ചുറ്റിപ്പിടിച്ച ബന്ധങ്ങളെല്ലാം
പുഞ്ചിരിയോടെ അഴിച്ചുവച്ച്‌
മരണക്കിടക്കയില്‍ നിന്നെഴുന്നേറ്റ്‌
വെക്കം നിന്റെ വീട്ടിലേക്ക്‌
കണ്ണിക്കണ്ടവഴിയേ
അപ്പോള്‍ ഞാനൊരോട്ടമുണ്ട്‌.

ഇന്നത്തെപ്പോലെ
ഓട്ടോയ്‌ക്ക്‌ കൊടുക്കാന്‍ പോക്കറ്റില്‍
അന്നും ചില്ലിക്കാശില്ലാത്തതിനാല്‍
വഴിവക്കിലെ മരങ്ങളിലേക്കു ഞാന്നുകയറി
കവരങ്ങളില്‍ നിന്നു കവരങ്ങളിലേക്ക്‌ എത്തിപ്പിടിച്ച്‌
നിന്റെ വീടിനു മുന്നിലെ
മതിലിലേക്ക്‌ ചാഞ്ഞ
ചാമ്പമരചില്ലവരെയെത്തി
മുറ്റത്തേക്ക്‌ വലിഞ്ഞിറങ്ങുന്നതിനിടെ
പൊത്തോയെന്ന്‌ താഴെവീണ്‌ മണ്ണുപറ്റും.

ഉടന്‍ പിടഞ്ഞെണീറ്റ്‌
മുറ്റത്ത്‌ കരഞ്ഞുകൊണ്ടിരിക്കുന്ന
നിന്റെ കെട്ടിയോനെ
ഇത്രകാലം കൂടെക്കഴിഞ്ഞില്ലേ
എന്തിനിത്രകരയാനിരിക്കുന്നുവെന്ന്‌ നോക്കിച്ചിരിച്ച്‌
അകത്തെ മുറിയില്‍
ആള്‍വട്ടങ്ങള്‍ക്ക്‌ നടുവിലെ കിടക്കയില്‍
തളര്‍ന്നുകിടക്കുന്ന നിന്റെയടുത്തെത്തും.


അബോധത്തിലാണ്ടുപോയ നിന്നെ
മരണം എനിക്ക്‌ പണിഞ്ഞുതന്ന
സുതാര്യമായ ചില്ലുവിരല്‍കൊണ്ട്‌
ഞാന്‍ തൊട്ടുവിളിക്കും.

കണ്ണുതുറക്കാതെ തന്നെ
നിന്റെ ഉരുണ്ടകണ്ണുകളില്‍ നിന്ന്‌ രശ്‌മികള്‍
പൊടുന്നനെ എന്നിലേക്ക്‌ പുറപ്പെടും.

പണ്ടേറെ പാതിരാവുകളില്‍
നീയൂറിയൂറിച്ചുവപ്പിച്ചൊരെന്‍ ചുണ്ടുകളെ
മരണം കൈതൊട്ടു കരിവാളിപ്പിച്ചതു
കണ്ടാകും നിന്‍ കോട്ടിച്ചിരി.

നീ വിളിച്ചുപോന്ന എന്‍പേര്‌
നിന്റെ നാവിന്നടിയില്‍
അപ്പോള്‍ പിടയ്‌ക്കും മീനാകും.

മീനിന്‍ പിടപ്പുകണ്ട്‌
നിന്റെ മക്കളുടെ മക്കള്‍
നീ മരണത്തിലേക്ക്‌ തുഴയുകയാണെന്നു കരുതി
നാവ്‌ നനച്ചുതരും.





















വായില്‍ ഉറവകൊള്ളും ഈര്‍പ്പം കമട്ടിക്കളഞ്ഞ്‌
നമ്മള്‍ ആദ്യമായി ചുണ്ടുകോര്‍ത്ത്‌
നിന്നതിന്റെ തുടര്‍ചുംബനംപോലെ
തെല്ലുമാറിനിന്നലിവോടെ
കണ്ണുനിറഞ്ഞ്‌
എന്നെ നോക്കിയ
ഒരു നോട്ടമില്ലേ,
അതേ നോട്ടമോടെ
ഒരേകിടപ്പാകും നീ.

പൊടുന്നനെ നീ കൈപൊക്കുന്നത്‌
എന്നെ തൊട്ടതാകുന്നു.

നെഞ്ചിലേക്ക്‌ നീ കൈതാഴ്‌ത്തുന്നത്‌
എന്നെ വലിച്ചടുപ്പിച്ചതാകുന്നു.

ശ്വാസംമുറുകി നീ കുറുകുന്നത്‌
മുഖതാവില്‍
സംസാരിച്ചതാകുന്നുവെന്നും
എനിക്കു മാത്രമേ അറിയൂ.


എനിക്കിനിയാരാണോയുള്ളതെന്ന
പൊട്ടിക്കരച്ചില്‍
നിന്റെ കെട്ടിയോന്‍
മുറ്റത്തുനിന്ന്‌ മുഴക്കാനായി
ഖേദപൂര്‍വ്വം തൊണ്ട കനപ്പിച്ചുതുടങ്ങുന്നതോടെ
നീ എഴുന്നേറ്റ്‌
കട്ടിലിനടിയില്‍
ചില്ലുവള്ളികളുള്ള
സുതാര്യമായ ചെരുപ്പ്‌ തപ്പിത്തുടങ്ങും.

മക്കള്‍ സോപ്പുതേച്ച്‌
നിന്റെ കൈവളകള്‍ അഴിച്ചും
മാല കൊളുത്തകത്തിയും എടുത്തുമാറ്റും.

വളകളുടെ വഴുക്കല്‍കണക്കെ
മാലയുടെ കൊളുത്തുകണക്കെ
ഒരുനാള്‍ നീ കൊണ്ടുനടന്ന തീരാബന്ധങ്ങളെല്ലാം
ഊര്‍ന്നകലുന്നത്‌
അന്നേരം
നിന്നെ ഞാന്‍ ചൂണ്ടിക്കാണിക്കുമല്ലോ...

വീട്‌, അച്ച, അമ്മ, അമ്മാവന്മാര്‍
കറുപ്പ്‌, വെളുപ്പ്‌, ജാതി, പണം
ഇതൊന്നും എന്നേം നിന്നേം
ഇനിയങ്ങോട്ട്‌ തൊടാനാകില്ലല്ലോ...

തുടരെ
നമ്മള്‍ ബസ്‌സ്റ്റാന്‍ഡിലേക്ക്‌ നടക്കും.
വഴിവക്കുകളില്‍ അലസം നില്‌ക്കും.
ബസ്‌സ്റ്റോപ്പുകളില്‍ കാത്തുനിന്ന പഴങ്കഥ വീണ്ടും കേള്‍ക്കും.
അവസാനമായി കണ്ടുപിരിഞ്ഞയിടത്തെ മാറ്റങ്ങളെല്ലാം
മത്സരിച്ച്‌ കണ്ടുപിടിക്കും.
മക്കള്‍ പഠിച്ച കലാശാലകളിലേക്ക്‌ ചൂണ്ടും.
മക്കളുടെ മക്കള്‍ പഠിച്ച പ്‌ളേസ്‌കൂള്‍ പടിക്കല്‍
മക്കളുടെ മക്കളേപ്പോലെതന്നെ
എന്നോടു ചിണുങ്ങുമല്ലോ നീ.

ഇങ്ങനെ
ഏറെവര്‍ഷപ്പഴക്കങ്ങളെല്ലാം
നമ്മള്‍
മാറിമാറി പുതുക്കിപ്പണിയും.

വീട്ടില്‍
എന്റെ ശവമടക്കു കഴിഞ്ഞിട്ടുണ്ട്‌.

ഞാന്‍ ചെയ്‌തുപോയ പൊള്ളയും ശൂന്യവുമായ
ഒത്തിരിയൊത്തിരി കാര്യങ്ങള്‍ സംസാരിച്ച്‌
ആരൊക്കെയോ
എന്റെ വീട്ടുമുറ്റത്തുണ്ട്‌.

നിന്റെ സംസ്‌ക്കാരം ഇതാ, തുടങ്ങി.

എന്റെമാത്രമെന്റെമാത്രമെന്നു-
ഞാനെത്രവട്ടം പറഞ്ഞ
നിന്റെ ദേഹം
ശവക്കുഴിക്കുള്ളിലേക്ക്‌
ഒറ്റയ്‌ക്കുപോണപോക്കുകണ്ട്‌
ഞാനും അലറിവിളിക്കും

ഞാന്‍ മരിച്ചടക്കപ്പെട്ടെങ്കിലും
നിന്റെ മരിച്ചടക്കം
എങ്ങനെ സഹിക്കും ഞാന്‍.

പിന്നെപ്പിന്നെ
കാലങ്ങള്‍ പോകുന്നത്‌
നമ്മള്‍ അറിയാതാകും.

ഇടയ്‌ക്കിടെ
നാട്ടില്‍ പോയി
തിരിച്ച്‌
മണ്ണിനടിയിലൂടെ ഞാന്‍
നിന്റെ കുഴിമുറിയിലേക്ക്‌ നീന്തിത്തുടിക്കും.

മഴ പിളര്‍ന്നുപെയ്യുകയാണ്‌
പുല്ലുകള്‍ വളര്‍ന്നുപുളയുകയാണ്‌
നമ്മുടെ ഒടുക്കത്തെ കിടപ്പിനുമേല്‍.

വിജനമായ ഒഴിവിടങ്ങളില്‍
അമരുകയും
കെട്ടിപ്പുണരുകയും
കടന്നുപിടിക്കയും
ചെയ്യുന്നു
പുല്‍നാമ്പുകള്‍.

കുഞ്ഞുങ്ങളേ,
നിങ്ങളെന്തിനിങ്ങനെ
മിഴിച്ചുനോക്കുന്നു
ഞങ്ങളെ?























ലവ്‌ ഇന്‍ ദ ടൈം ഓഫ്‌ കോളറയുടെയും അപ്പാര്‍ട്ട്‌ ടുഗെദര്‍ എന്ന സിനിമയുടെയും
വിദൂരപ്രതലങ്ങള്‍ ഓര്‍ക്കുന്നു.
ചിത്രങ്ങള്‍: സുധീഷ്‌ കോട്ടേമ്പ്രം

Tuesday, December 28, 2010

മുലൈകള്‍ പാട്ട്‌





















ചിത്രം: പി. ജി. ദിനേശ്‌
കണ്‍സെപ്‌ട്‌: സുധീഷ്‌ കോട്ടേമ്പ്രം



ഞാന്‍ പറയട്ടെ
പെണ്ണുങ്ങള്‍ക്ക്‌ രണ്ടിലേറെ മുലകളുണ്ട്‌

ഹുക്കുകളില്‍ ഒതുങ്ങിക്കിടക്കുന്ന രണ്ടു മുലകള്‍
അവിടെ അടങ്ങിയൊതുങ്ങിക്കഴിഞ്ഞുകൊള്ളട്ടെ.

വെളിപ്പെടാതെ
ഞാനുണ്ട്‌ എന്നതിന്റെ തെറിച്ചതെളിവുകളുമായി
കഴിയുന്ന അവരെ
പാവം ആണുങ്ങള്‍ മുറിയടച്ച്‌
ജനലടച്ചുവെന്ന്‌ രണ്ടുവട്ടം ഉറപ്പുവരുത്തി
എടുത്തുപെരുമാറിക്കൊള്ളട്ടെ.

ഞാന്‍ പറയുന്നത്‌
പെണ്ണുങ്ങളുടെ മുഖമെന്നു പേരുള്ള ഭാഗത്തെ
ഇരുകവിളുകളെക്കുറിച്ചാണ്‌.

കവിളുകള്‍ തുടിക്കുമ്പോള്‍
ഇരുമുലകളാകുന്നു.

പിന്നെ നുണക്കുഴി.
നുണപറഞ്ഞ്‌
കുഴിയെന്നു വിശ്വസിപ്പിച്ച്‌
കാലങ്ങളായി പറ്റിച്ചിരുന്നത്‌
ഞാന്‍ കണ്ടുപിടിച്ചു.

ചിരിക്കുമ്പോള്‍
അകത്തേക്ക്‌ വളരുന്ന മുലക്കണ്ണുകളാണത്‌.

പത്തു കൈവിരലുകളുടെ അറ്റത്തെ തുടുത്തവട്ടങ്ങള്‍
രണ്ട്‌ തള്ളമുലകളും
എട്ട്‌ കുഞ്ഞുമുലകളുമാണ്‌.

തള്ളവിരല്‍കൊണ്ട്‌ കണക്കുക്കൂട്ടുന്ന പെണ്ണുങ്ങളെ കണ്ടിട്ടില്ലേ
കുഞ്ഞുങ്ങള്‍ക്ക്‌ മാറിമാറി പാലു കൊടുക്കയാണത്‌.

താഴേക്കു പോകാം
രണ്ട്‌ കാല്‍മുട്ടുകള്‍
രണ്ട്‌ കല്ലന്‍ മുലകള്‍ തന്നെ
എല്ലുകളുടെ കരുത്തുള്ള
കല്ലന്‍തുടിപ്പുകളാണതിന്റെ
ഉള്‍ത്തുടിപ്പുകള്‍.

താഴേക്കുതാഴേക്കുപോകാം
അലഞ്ഞുനടക്കും
കാല്‍വിരലുകളുടെ അറ്റത്തെ
ചെളിപുരണ്ട പത്തു തവിട്ടുവട്ടങ്ങള്‍.
രണ്ട്‌ അലഞ്ഞോടിയ മുലകളും
എട്ട്‌ ചെറുമുലകളും തന്നെ.

ഒരുവന്‍
വലിച്ചടച്ച കതകിന്റെ പല്ലുകളിറുമ്മിയ പാടുകളും
ചെരിപ്പില്ലാതെ മണ്ണില്‍ അള്ളിനടന്നതിന്റെ നീലമുറിവുകളും
പുല്ലെരിയാന്‍ പോയവഴി തറഞ്ഞ കാരമുള്ളുകളും
കല്ലില്‍തട്ടി കറുത്തചോരപ്പുള്ളികളും
പലനിറക്കണ്ണുകള്‍ തീര്‍ക്കുന്നുണ്ടിതില്‍

ആ കണ്ണുകളില്‍ ഞാനെന്റെ ചുണ്ടുചേര്‍ത്തുവയ്‌ക്കട്ടെ.

Friday, November 12, 2010

ഒറ്റ
ബൈക്കപകടത്തില്‍ തകര്‍ന്ന വലതുകാല്‍
ആശുപത്രിയിലുപേക്ഷിച്ച്
അവന്‍
വീട്ടിലെത്തി
കറങ്ങുന്ന ഫാനില്‍ നോക്കി
മലര്‍ന്നു കിടന്നു.

ആ കിടപ്പില്‍
പത്തി കിടക്കയുടെ നിരപ്പിലുറപ്പിച്ച്
ഒറ്റക്കാല്‍ മുട്ടില്‍വച്ച് മേലോട്ടുപിണച്ച്
മുകളിലേക്ക് മടക്കിവച്ചപ്പോള്‍
വലതുകാലുള്ള ഇന്നലെകളില്‍
മറഞ്ഞിരുന്ന ഒരു ലോകം
പൊടുന്നനെ തുറന്നുകിട്ടി.

ജനാലയിലേക്ക് അവന്റെ കണ്ണുകള്‍
കണ്‍പീലിക്കാലുകളോടെ അള്ളിപ്പടര്‍ന്ന്
പാളികള്‍ കൊളുത്തോടെ കൊട്ടിത്തുറന്ന്
പുറത്തേക്ക് പാഞ്ഞുപോയി.

ലോറിച്ചാടിലേക്ക് അമരാനുള്ള ഒടുക്കത്തെ പോക്ക്
ബൈക്കിന്റെ കിക്കറില്‍ മര്‍ദ്ദിക്കുമ്പോഴത്തെ മസില്‍ത്തിളപ്പ്
കുളിച്ചപ്പോള്‍ അലക്കുകല്ലിലേക്കെടുത്തുവച്ചുള്ള സോപ്പുതേപ്പ്
രാത്രി ഇണയുടെ നെഞ്ചിലേക്ക് മുട്ടില്‍ നിന്നുള്ള കുതിപ്പ്
തോടുകള്‍ ചാടിക്കടക്കുന്ന ആയം
ഫുട്പാത്തില്‍ കാലുറപ്പിച്ച നിശ്ചലമായ യാത്രകള്‍
ഒഴിഞ്ഞ പോസ്റിലേക്ക് ബോള്‍ പാറിച്ചുവിട്ട കിക്ക്
സൈക്കിള്‍ പെഡലില്‍ ഇറക്കങ്ങളിലറിഞ്ഞ വിശ്രമം
മരത്തിലേക്ക് പറ്റിപ്പിടിച്ച് കയറുമ്പോഴത്തെ വഴുക്കല്‍
കട്ടിളപ്പടിയില്‍ ആഞ്ഞുതട്ടിയതിന്റെ കടച്ചില്‍
കബഡിക്ക് വരയില്‍ തൊട്ടെടുത്ത വിജയം
കിളരങ്ങളിലേക്ക് കയറ്റിവച്ചുള്ള ഇരിപ്പ്
നടക്കാന്‍ പഠിച്ചനാള്‍ കുപ്പിച്ചില്ല് പരത്തിവരച്ച മുറിവ്.

ഇങ്ങനെ
കണ്ടെടുത്ത പഴേചിത്രങ്ങളെല്ലാം
ണ്ണുകള്‍ കൊണ്ടുവന്നു നിരത്തിയിട്ടന്നേരം.

അവന്റെ കാലിന്റെ ചൂടുംചൂരും പുരണ്ട
ചാടുമായി
തമിഴ്ലോറിയിപ്പോഴും
ഏതുവഴിയോ പാഞ്ഞുകൊണ്ടിരിക്കുന്ന
രാത്രിയാണിത്.

വഴിയോരത്ത്
കണ്ണുതുറന്നിരിക്കുന്ന
ഒരു തട്ടുകടയില്‍ കാപ്പികുടിക്കാനിറങ്ങിയിട്ട്
പഴനിയെന്നോ മുരുകനെന്നോയൊക്കെ
പേരുള്ള ഡ്രൈവര്‍
ആ ചാടിനിട്ട്
ഒരു തൊഴി കൊടുത്തിട്ടുണ്ടെന്നുറപ്പ്.

അപ്പോള്‍
ദൂരങ്ങള്‍ക്കിപ്പുറം
കറങ്ങുന്ന ഫാനിനുതാഴെ കിടന്നുറങ്ങുന്ന
അവന്റെ വലതുകാല്‍പത്തിയില്‍
ഒരു തുടിപ്പുണ്ടായിട്ടുണ്ടെന്നുമുറപ്പ്.

ഇടതുകാല്‍പ്പത്തി
മെല്ലെയനക്കി
ആ തുടിപ്പില്‍ തൊടാനാഞ്ഞ്
കിടക്കയില്‍
അവന്‍ വരയ്ക്കുന്ന
ചിത്രം നോക്കിയിരിക്കയാണ്
ഞാന്‍.

Monday, August 30, 2010

















പെങ്ങളുടെ ഒക്കത്തിരുന്ന് കുഞ്ഞ്
അവളെ സ്വന്തം കുഞ്ഞെന്ന മട്ടില്‍
കൊഞ്ചിക്കുന്നു.

കുഞ്ഞിക്കൈ കൊണ്ട്
കണ്ണില്‍ തൊട്ട് കന്നൊന്ന് തുരന്നേയെന്നു ചിമ്മിപ്പറഞ്ഞ്
ചുണ്ടില്‍ തൊട്ട് വായൊന്നു തുരന്നേയെന്നു കരഞ്ഞുപറഞ്ഞ്
ഇടയ്ക്കൊരുമ്മയും കൊടുത്ത്
അവന്റിരിപ്പ് കണ്ടാല്‍
പെങ്ങളെ പെറ്റ്
ഇത്രയും നാള്‍ പോറ്റിവളര്‍ത്തിയത്
അവനെന്നു തോന്നും.
ഇത്രയും ഉയരമുള്ള അവളെ
കഷ്ടപ്പെട്ട് ഒക്കത്തെടുത്ത്
നില്‍ക്കുന്നത്
അവനെന്ന് തോന്നും.

ഒറ്റയ്ക്ക് കടയില്‍ സാധനം വാങ്ങാനോ
കുളിക്കാനോ
അലക്കിയ തുണിയെടുക്കാനോ
പോകാനുള്ള അവളുടെ ചെറിയ നീക്കങ്ങളെ
അവന്‍ കരച്ചില്‍ കൊണ്ട് തിരുത്തുന്നു.
ചൊടിയില്‍ ഒരു തലോടല്‍ കൊണ്ട് പൊറുക്കുന്നു.

അവനുണ്ടായതറിഞ്ഞാണ്
പിണങ്ങിപ്പോയ അമ്മാവനും അമ്മായിയും
അതിരിലെത്തുമ്പോളേ
മരിച്ചുപോയ അപ്പൂപ്പന്റെ പേരുവിളിച്ചുവിളിച്ച്
തിരികെ വന്നത്.
നടത്തം ശീലിച്ചപ്പോള്‍ ഓടിവീണത്
നാളുകളായി പിണങ്ങിയിരുന്ന
അയല്‍ക്കാരന്റെ മുന്നില്‍.
ആ പിണക്കം പോലും
അവനുമുന്നില്‍ വീണുടഞ്ഞു.
സ്നേഹത്തിന്റെ ചെറിയ പിഴവുകള്‍ പോലും
അവന്‍ അങ്ങനെ തിരുത്താന്‍ ശ്രമിക്കുന്നു.

അവനില്‍ വാക്കുകള്‍ മുളച്ചുതുടങ്ങുകയാണ്.
വീട്ടിലേക്ക് കയറിവന്ന കോഴിയെ
കോഴിയമ്മേയെന്നു വിളിച്ച്
മരച്ചുവട്ടിലെ പട്ടിയെ ബൌബൌന്ന് കുരച്ച്
അകലെ മേയുന്ന പശുവിനെ പശുമാമയെന്നു ചൂണ്ടി
തിണ്ണയിലും മുറ്റത്തും
അവനെ ചുറ്റിപ്പറ്റി നടക്കുന്ന
എല്ലാവരുടെയും മനസില്‍
നിഷ്കളങ്കമായ കൃത്യതയോടെ
പുതിയൊരു കവിതപോലെ
എഴുതുകയാണവന്‍
ഈ വാക്കുകള്‍.

കുഞ്ഞുങ്ങളില്ലാതിരുന്ന എന്റെ വീട്
ഇത്രനാള്‍ എങ്ങനെയായിരുന്നു.

എല്ലാവരിയും മായ്ച്ചുകളഞ്ഞിട്ട്
എനിക്കും
വായിച്ചുനോക്കണം
ഈ കവിത.