Tuesday, May 19, 2020

ഒരുകൈ മഞ്ഞവെയിൽ

പുതിയ കവിതയെഴുതി,
അറിഞ്ഞു കൂട്ടുകാരി
കടുംമഞ്ഞ വെസ്പയിൽ
ഇരപ്പിച്ചു വന്നുനിന്നു
ഇരിക്കുന്നൂ പിൻസീറ്റിൽ
തിരതല്ലും നഗരത്തിൽ
തിരക്കില്ലാത്തിടം നോക്കി
വളഞ്ഞും പുളഞ്ഞും ഓടി
പിരിയുന്നിരുവഴികൾ,
കായൽതീരം പോകുംവഴി
കനാലിന്റെ കരവഴി
ഒരുവഴി പുകച്ചൂ വണ്ടി
കനാലിന്റെ കരേലിരുന്ന്
ചമ്പക്കരപ്പാലം കണ്ടു
പാലത്തിന്റെ കൽത്തൂണുകൾ
കടക്കും ബാർജും കണ്ടു
ഒഴുക്കിലേ നോക്കുംനേരം
ഒഴുകാതൊഴുകി നമ്മൾ
പരദേശം മറന്നിരിക്കും
രണ്ടിരണ്ടകൾ മരക്കൊമ്പിൽ
പടിഞ്ഞാറു സൂര്യൻ പതുങ്ങാ- നൊരുങ്ങുന്നതു കണ്ടു
പാലത്തിൽ നിന്നൊരാൾ,
അതു പകർത്തുന്നതും കണ്ടു
ഒരുകൈ മഞ്ഞവെയിൽ
മടിക്കുത്തിൽ നിന്നെടുത്ത്
നമുക്കുനേരെ വിതച്ചിട്ട്
തുഴയുന്നു വള്ളക്കാരൻ
തെറിഞ്ഞ ചെമ്പൻചാന്തിൽ
മുടിനാര് മുങ്ങിപ്പാറി
ഇതുവരെ കാണാത്ത നിന്നെ
ഇരുകയ്യാൽ എഴുതുന്നു
നിനക്കു വായിച്ചുതരാൻ
നിന്നെക്കുറിച്ചെഴുതിയ
കവിത ഞാൻ മറക്കുന്നു
നിന്നെ ഞാൻ വായിക്കുന്നു.

2 comments:

  1. ഇതുവരെ കാണാത്ത നിന്നെ ഇരുകയ്യാൽ എഴുതുന്നു .....

    ReplyDelete
  2. ഇഷ്ടമായി - വാങ്മയചിത്രം , പ്രണയം,

    ReplyDelete