Tuesday, May 19, 2020

കാതിലോല

ന്മാദത്തിൽ 
ജീവിതം പിണഞ്ഞ ഒരുവളെ
ഞാൻ സ്നേഹിക്കുന്നു.
ഒരു വൈകുന്നേരം
അവളറിയാതെ
അവൾക്കു പിറകെ പോയി.
അവളലഞ്ഞ വഴിയിൽ
മൈൽക്കുറ്റിമേൽ
തുന്നാരൻകുരുവിയായി ചൂളംകുത്തി;
അവളതിനൊരു മറുചൂളം മുഴക്കി.
മുറിയുടെ ചുവരേൽ പുൽപ്പോത്തായി ചേക്കേറി;
കാൽവിരൽ നീട്ടി മടമ്പിലേക്ക്
അവളെന്നെ നടത്തി.
വേനൽമഴയിൽ
മിന്നൽക്കൊടിയായി ജനലിൽ മുട്ടി;
അത് ചൂണ്ടുവിരലേൽ തൂത്തെടുത്ത്
അവൾ വിളക്കു കത്തിച്ചു.
പാതിരാവിൽ പൂഴിമണമായി;
ഉറയുംവരെ ആ മണത്തിൽ കിറുങ്ങി അവൾ നൃത്തമാടി.
ഉറക്കിൽ കിനാവിൽ കടന്നു;
ഉണർവ്വോ, കിനാവോ നീയ്?
ഇരുട്ടിലവൾ മലർന്നുറങ്ങി.
തിരികെ വരുമ്പോൾ
കാതിലോലയായി
ചെവിയിലണിഞ്ഞു
അവളുടെ ചുരുളൻ മുടിനാര്.
******

കവിതയുടെ അനിമേഷന്‍ ആവിഷ്കരണം


ഒരുകൈ മഞ്ഞവെയിൽ

പുതിയ കവിതയെഴുതി,
അറിഞ്ഞു കൂട്ടുകാരി
കടുംമഞ്ഞ വെസ്പയിൽ
ഇരപ്പിച്ചു വന്നുനിന്നു
ഇരിക്കുന്നൂ പിൻസീറ്റിൽ
തിരതല്ലും നഗരത്തിൽ
തിരക്കില്ലാത്തിടം നോക്കി
വളഞ്ഞും പുളഞ്ഞും ഓടി
പിരിയുന്നിരുവഴികൾ,
കായൽതീരം പോകുംവഴി
കനാലിന്റെ കരവഴി
ഒരുവഴി പുകച്ചൂ വണ്ടി
കനാലിന്റെ കരേലിരുന്ന്
ചമ്പക്കരപ്പാലം കണ്ടു
പാലത്തിന്റെ കൽത്തൂണുകൾ
കടക്കും ബാർജും കണ്ടു
ഒഴുക്കിലേ നോക്കുംനേരം
ഒഴുകാതൊഴുകി നമ്മൾ
പരദേശം മറന്നിരിക്കും
രണ്ടിരണ്ടകൾ മരക്കൊമ്പിൽ
പടിഞ്ഞാറു സൂര്യൻ പതുങ്ങാ- നൊരുങ്ങുന്നതു കണ്ടു
പാലത്തിൽ നിന്നൊരാൾ,
അതു പകർത്തുന്നതും കണ്ടു
ഒരുകൈ മഞ്ഞവെയിൽ
മടിക്കുത്തിൽ നിന്നെടുത്ത്
നമുക്കുനേരെ വിതച്ചിട്ട്
തുഴയുന്നു വള്ളക്കാരൻ
തെറിഞ്ഞ ചെമ്പൻചാന്തിൽ
മുടിനാര് മുങ്ങിപ്പാറി
ഇതുവരെ കാണാത്ത നിന്നെ
ഇരുകയ്യാൽ എഴുതുന്നു
നിനക്കു വായിച്ചുതരാൻ
നിന്നെക്കുറിച്ചെഴുതിയ
കവിത ഞാൻ മറക്കുന്നു
നിന്നെ ഞാൻ വായിക്കുന്നു.

മഞ്ഞിൽ

മഞ്ഞുകാലങ്ങളിൽ കടുംകാപ്പിയൂതി
വന്നുപോകുന്ന കൂമന്റെ മൂളൽ ചെവിയോർത്ത്,
പുറത്തെ മരങ്ങളിൽ
പൊഴിഞ്ഞ നിലാവ് തെറുത്തെടുത്ത്,
നിന്നെ വലിച്ചു പുകച്ചുരുളായി പുറംതള്ളി
നടന്നും ഇരുന്നും
മുറിയിൽ, വരാന്തയിൽ, നിരത്തുകളിൽ
പുലരുവോളം.
കണ്ണുപുളിച്ചുറങ്ങി ഇരുന്നുപോയി കനാൽക്കരയിൽ
ഒരു പട്ടി വന്നു മണപ്പിച്ചു
അതിനെ പറ്റി വളരുന്നു
നഗരം ചത്തളിഞ്ഞതിന്റെ ഗന്ധം.
ഞെട്ടിയുണർന്നു;
ഓർക്കുന്നു നിന്നെ ഞാൻ.

ചന്ദ്രൻ എന്ന...

ചന്ദ്രൻ എന്ന കിണർ,
ഇരുട്ട് എന്നുപേരുള്ള പെൺകുട്ടിയുടെ ഒക്കത്ത്
തിളങ്ങും കുടങ്ങൾ