Friday, April 16, 2010


ഭൂപണയബാങ്കില്‍ പോയി ക്യൂവിന് നീളംകൂട്ടി
നൂറിന്റെ പത്തുകെട്ടുകള്‍
കിട്ടിയത് പൊതിഞ്ഞെടുത്തു.
വീട്ടിലേക്ക് ഒരോട്ടോവിളിച്ചു പോന്നു.

തുലാവര്‍ഷം പുരപ്പുറത്തെത്തി.
പാട്ടംപിടിച്ച അയല്‍വക്കപറമ്പിലെ തടത്തില്‍
മണ്ണിളക്കി മറിച്ചിട്ടു.
വാഴ വിത്തുകള്‍ കൂട്ടിയിട്ട
മുറ്റം ഇരുണ്ടുപോയി.
പെങ്ങളുടെ കുഞ്ഞ്
ഇതെന്റെ വാവയെന്നു പറഞ്ഞ്
ഒരു വിത്തിന് പാലുകൊടുക്കുന്നു

കിളച്ചിട്ട പറമ്പില്‍
പണിതീരാതെ തളര്‍ന്നിരിക്കെ
ഇടുപ്പില്‍ വിയര്‍പ്പ് തുള്ളി കിളിര്‍ത്തിറങ്ങി

നാമ്പിട്ടു വാഴയിലകള്‍
ചിരിക്കുന്ന കൂമ്പുകള്‍ പടര്‍ത്തി
തേനൂറും അതിന്റെ ചുണ്ടുകള്‍
ഈമ്പിയിരുന്നു പകല്‍.

വലിയൊരു മഴപെയ്തു
കാറ്റ് വാഴകള്‍ വെട്ടിയിട്ടു.
കടംകയറി തകര്‍ന്നുപോയി.
ഭൂപണയ ബാങ്കിലിരുന്ന്
ആധാരം എന്നെ ഓര്‍ത്തു.

ഉണങ്ങിയ വാഴക്കൈകള്‍
ഇലിച്ച്
രാവിലെ തീകൂട്ടി
വാഴത്തോട്ടത്തില്‍
തണുപ്പത്ത്
കടങ്ങള്‍ മറന്നു.

രാത്രി
മുറ്റത്തിറങ്ങി
നിന്നപ്പോഴാകാട്ടെ
നിരനിരയായ്
പടര്‍ന്നു നാമ്പിട്ടുനില്‍ക്കുന്ന
ചെറുവാഴത്തൈകള്‍
പെട്ടന്നൊരാട്ടിന്‍ പറ്റമായ് മാറി
കാറ്റത്ത് തലയാട്ടി.

നിലാവ് അവയുടെ പാല്‍ക്കറക്കുന്നു
അതു കണ്ടു കൊതിയോടെ
ഞാന്‍ ആട്ടിടയനായി.

28 comments:

  1. "പെങ്ങളുടെ കുഞ്ഞ്
    ഇതെന്റെ വാവയെന്നു പറഞ്ഞ്
    ഒരു വിത്തിന് പാലുകൊടുക്കുന്നു"...

    "നിലാവ് അവയുടെ പാല്‍ക്കറക്കുന്നു
    അതു കണ്ടു കൊതിയോടെ
    ഞാന്‍ ആട്ടിടയനായി."...

    -----------മണ്ണു മണക്കുന്നൂ---------------

    ReplyDelete
  2. വായിച്ചപ്പോള്‍ മനസ്സ് ആര്‍ദ്രമാകുന്നു...

    ReplyDelete
  3. കലേഷ്
    വളരെ നല്ല കവിത

    ഭൂപണയബാങ്കില്‍ ക്യൂവിനു നീളംകൂട്ടി
    പതിനായിരം കിട്ടിയത്
    പൊതിഞ്ഞെടുത്തു.
    ഒരോട്ടോവിളിച്ചു പോന്നു

    എന്നു മതിയായിരുന്നു എന്നു തോന്നി :)
    (തല്ലല്ലേ!)

    ReplyDelete
  4. എല്ലാ കടങ്ങളും കവിതയില്‍ എഴുതിത്തള്ളുന്നു...ഭൂപണയബാങ്കില്‍ നിന്ന് ആട്ടിടയനിലേക്ക് വളരുന്ന നല്ല ചിത്രം.
    വാഴത്തൈകള്‍ ആട്ടിന്‍ പറ്റമാവുകയും നിലാവ് പാല്‍ക്കറക്കുകയും ചെയ്യുന്നിടത്ത് കവി ഭാവനയുടെ നല്ല ഇടയനാവുന്നു. 'ഒരു മഴയും നേരെ നനയാത്ത' ഞങ്ങള്‍ നിന്റെ കവിതയില്‍ ജീവിതത്തിന്റെ തീ കായുന്നു കലേഷ്‌...

    ReplyDelete
  5. നൂറിന്റെ പത്തു കെട്ടുകള്‍ എന്ന് തന്നെയല്ലേ ഒരു നാട്ടിന്‍പുറത്തുകാരന്‍ പറയേണ്ടത് അനിലേട്ടാ?

    ReplyDelete
  6. ഒരു പടം പോലെയുണ്ട്

    ReplyDelete
  7. നാട്ടിന്‍ പുറത്തുകാരനും എടുക്കുന്ന വയ്പ എത്രയാണെന്നറിയാതിരിക്കുമോ? :)
    എന്താണെന്നറിയില്ല, ആദ്യത്തെ നാലുവരി മൊത്തം കവിതയെ വിപരീതമായി ബാധിക്കുന്നുവെന്നു തോന്നി. എന്റെ വായനയുടേതാവും.

    ReplyDelete
  8. ആശയത്തിനൊരു പഴമയുടെ ഗന്ധം...
    തുടക്കം ഒരല്പം കൂടി നന്നാക്കാമായിരുന്നോ എന്നൊരു തോന്നല്‍...എന്തായാലും മൊത്തത്തില്‍ ഒരു ഭംഗിയുണ്ട് ട്ടോ....കലേഷേട്ടാ...!!

    ആശംസകള്‍..!

    ReplyDelete
  9. "വലിയൊരു മഴപെയ്തു
    കാറ്റ് വാഴകള്‍ വെട്ടിയിട്ടു.
    കടംകയറി തകര്‍ന്നുപോയി"

    വരികള്‍ തമ്മില്‍ ഒരു ചേര്‍ച്ച ഇല്ലായ്മ്മ ഫീല്‍ ചെയ്യുന്നു.....
    ബാക്കി എല്ലാം എനിക്കിഷ്ടായി......കവിത കണ്ണീരാകട്ടെ.....

    Editore, I have one request, pls remove word verification from the comment option.....

    ReplyDelete
  10. Good poem. You are going ahead with lot of fine images and words...

    ReplyDelete
  11. കവിത പെയ്യുന്നു, നിലാവിനേക്കാള്‍ ആര്‍ദ്രമായി..

    ReplyDelete
  12. വാഴ വെച്ചവനാണോടാണോടാ കളി.....

    ReplyDelete
  13. സൂരജ്, പ്രമോദ് ആദ്യവായനയ്ക്ക് നന്ദി. ടി. പി, അങ്ങനെയങ്ങ് എഴുതിപ്പോയി. ബാങ്കിലേക്കുള്ള പതിവായ നടന്നുപോക്കും, തിരിച്ചു പതിവില്ലാതെ ഓട്ടോപിടിച്ച് സംഭ്രമമൊതുക്കിയുള്ള വരവും എഴുതാന്‍ ശ്രമിച്ചതാണ്. ഒതുക്കാന്‍ ശ്രമിച്ചില്ല. ഇടപെടലിന് സ്നേഹം. സുധീഷേ, ഉമ്മ. വിനൂ കഥയെല്ലാം പഴയതു തന്നെ. പക്ഷെ എന്റെ നാട്ടിലൊക്കെ ഇപ്പോഴും ഈ ജീവിതം കിടപ്പുണ്ട്. കവിതയില്‍ ജീവിതം പഴകുമോ, പഴകിയോ എന്നറിയില്ല. തെക്കു, അന്യഗ്രഹവൃത്താന്തം, സെറീനാ കവിതയിലൂടെ കടന്നതിന് നന്ദി. ഷാജീ വാഴകൃഷി ചെയ്ത് തകര്‍ന്നുപോയ നിന്നോടും ഈ കവിതകൊണ്ട് ഞാന്‍ സ്നേഹം കൂടുന്നു

    ReplyDelete
  14. നിലാവ് പാല്‍ കറക്കുന്നതൊക്കെ വായിച്ച് കൊതി പിടിച്ചു :)

    ReplyDelete
  15. നിലാവ് പാല്‍ കറക്കുന്നത്‌ കൊതിയോടെ കണ്ടു നില്‍ക്കുന്ന ആട്ടിടയനാണ് കവി ; കവിതയുടെ പാല്‍നിലാവില്‍ കരിനിഴല്‍ വീഴുന്ന ജീവിതങ്ങള്‍ കൂടി പകര്‍ത്തുന്നുണ്ട് ഈ കവിത ...നന്ദി കലേഷ്‌ .......
    ഒറ്റ വായനയില്‍ ഒളിച്ചോടുന്നവ മാത്രമല്ല കവിതയെന്നു തീക്ഷണതയോടെ അനുഭവിപ്പിച്ചതിനു.....

    ReplyDelete
  16. ലേഖാ, സഫറാസ്
    വായനയ്ക്ക് സ്നേഹം

    ReplyDelete
  17. കവിത നന്നായി പ്രിയ കലേഷ്

    ReplyDelete
  18. ഫോമ ബ്ലോഗ് സാഹിത്യ മത്സരം
    http://www.fomaa.blogspot.com/

    ReplyDelete
  19. ജീവിതം മണക്കുന്നുണ്ട് വരികളിലൊക്കെയും... കലെഷേട്ടാ.. നന്ദി ഈ നല്ല കവിതയ്ക്ക്..

    ReplyDelete
  20. "ഭൂപണയ ബാങ്കിലിരുന്ന്
    ആധാരം എന്നെ ഓര്‍ത്തു."

    ഇന്നിപ്പോളെല്ലാവരെയും ഇതുപോലെ ബങ്കിലിരുന്ന് അവരവരുടെ ആധാരം ഓർക്കുന്നുണ്ടവും. അല്ലേ ?

    ഇപ്പൊഴാണിവിടെ എത്തിപ്പെട്ടത്.

    ReplyDelete
  21. വൈകി വായിച്ച്
    ഒരു പാവയ്ക്കത്തോട്ടത്തിലൂടെ,
    കാറ്റെ,കാറ്റേന്നു വിളിക്കാതെ വിളിച്ച്,

    നന്നായിരിക്കുന്നു ഈ കവി; ചങ്ങാതി..

    ReplyDelete
  22. priyapetta kutukaraaaaaaaa
    anubhavangal ashayangalai
    aleghanam cheithapol
    athu kututhal jeevithaganthiayi

    vayikan vaikiyathil ghethikunnu........

    athyam karuthi ninte kannada
    ninte kazhcha kutiyathavumennu
    ni kudicha amminga palinte mathuram
    kavithakalil kandu.................
    appol urapichu nipande allam manasil
    kurichitirunnu annu

    ninaku munpil kizhadanganai eniyum orupad
    uyarangal...nadannu thirkan bhutimutanu
    vegam kutendiyirikunnu..........
    ninak athinu kazhiyum

    geevithathil vijayam mathram sambavikate.................

    SASNEHAM............REJITH R BABU

    ReplyDelete
  23. പെങ്ങളുടെ കുഞ്ഞ്
    ഇതെന്റെ വാവയെന്നു പറഞ്ഞ്
    ഒരു വിത്തിന് പാലുകൊടുക്കുന്നു
    - - - - - - -
    നാമ്പിട്ടുനില്‍ക്കുന്ന
    ചെറുവാഴത്തൈകള്‍
    പെട്ടന്നൊരാട്ടിന്‍ പറ്റമായ് മാറി
    കാറ്റത്ത് തലയാട്ടി.
    - നന്നായ് ചുരത്തുന്ന ഒരു കവി(ത)!

    ReplyDelete