Wednesday, June 17, 2009

സൂര്യനില്‍ ഒരു കുളി


പാലത്തടിയിട്ട കിണറിന്റെ വക്കിലാണ്‌
നാട്ടിലെ മറപ്പുരകളെല്ലാം.

പത്തുമണിയ്ക്കുമേല്‍
പതിനൊന്നാംമണി പടര്‍ന്നുതുടങ്ങുമ്പോള്‍
പെണ്ണുങ്ങളൊരു കുളിയുണ്ട്‌.

പുരയുടെ ഓലമേഞ്ഞ ചുവരുകള്‍ക്കൊപ്പമിരുന്ന്‌
ഈറന്‍കോരുന്ന
അവരുടെ ഉടുപ്പുകള്‍
വഴിയേവരുന്നവരെടുത്തുടുത്തുപോകുന്നുണ്ടവരറിയാതെ.

എന്നാല്‍
സൂര്യനതുപോലെയല്ല.

മേല്‍ക്കൂരകളില്ലാത്ത എല്ലാ മറപ്പുരകളിലും
അവന്‍ മാറിമാറി നോക്കാറുണ്ട്‌.

പല്ലുമുളച്ചിട്ടും പാല്‍ക്കൊതി തീരാത്ത
അവന്റെ ചുണ്ടില്‍ അടരുമൊരു തുള്ളി
മഴയായ്‌ വളരുന്നുണ്ട്‌.

കുളികഴിഞ്ഞ്‌
ഈറന്‍ഭോജികളായ തോര്‍ത്തുമുണ്ട്‌
തലയിലുരച്ച്‌
പെണ്ണുങ്ങള്‍ കയറിപ്പോയിട്ടും
ഉച്ചയോടടുത്തൊരൊച്ചയുമില്ലാതെ
സൂര്യനേ, നിന്റെ വേനല്‍മഴ.

2 comments:

  1. പല്ലുമുളച്ചിട്ടും പാല്‍ക്കൊതി തീരാത്ത
    അവന്റെ ചുണ്ടില്‍ അടരുമൊരു തുള്ളി
    മഴയായ്‌ വളരുന്നുണ്ട്‌.
    ............................

    ഇതില്‍ ..അവന്റെ....എന്ന വാക്ക്...മാറ്റിയാല്‍ ..കൂടുതല്‍ ...
    നന്നാകുമെന്നാണ്....
    എന്റെ അഭിപ്രായം ....



    പിന്നെ...കുളിയെല്ലാം .....മേല്‍ ക്കൂരയുള്ള മുറിയിലേയ്ക്കു..പോയതിനാല്‍ .....
    സൂര്യനോട്...അസൂയതോന്നുണ്ടിതു
    വായിച്ചപ്പോള്‍ .....
    നന്നായിട്ടുണ്ട്...

    ReplyDelete