കാക്കകളെ
അവരുടെ ഒച്ചയിൽ
വിളിച്ചുവരുത്തി
നടന്നുമറഞ്ഞു ഒരാൾ,
അതും
മരുന്നിനുപോലും
ഒരെണ്ണത്തെ
കണ്ടുകിട്ടാത്ത
ഈ നഗരത്തിലെ
പ്രധാന തെരുവിൽ.
തൊണ്ടയാണ് അയാളുടെ കെണി.
ചത്ത കാക്കക്കുഞ്ഞുങ്ങളുടെ കരച്ചിൽ
അവിടെ കൂടുകെട്ടി പാർക്കുന്നു.
ആ കരച്ചിൽ പുറത്തെടുത്ത്
ഓരോദിവസവും
കാക്കകളെ വിളിച്ചുവരുത്തി
സമയംപോക്കുന്നതിന്റെ ആനന്ദം
അയാളിലുന്മാദം.
അശ്രദ്ധയെ കൊത്തി തുരത്തിയ
കൂട്ടരാണവർ
രണ്ടല്ല, രണ്ടായിരം കണ്ണുകളുള്ളവർ.
എന്തുകാര്യം!
അയാളുടെ
ശബ്ദത്തിനു മുകളിൽ
അതെല്ലാം മറന്നവർ
പറന്നുവരും.
കാക്കകൾ ഇന്ദ്രിയത്തിന്റെ ഓലയിൽ
അയാളുടെ ഒച്ച പകർത്തിവയ്ക്കാത്തതിന്റെ
കാരണം തേടിയായിരുന്നു
എന്റെ അന്വേഷണം.
കരച്ചിലിന്റെ അർത്ഥം തിരയാതെ
ചിറക് പരിചകളാക്കി
ചുണ്ട് അമ്പുകളാക്കി
ആ ദിക്കിലേക്കവർ പറക്കുമെന്ന്
ഞാൻ കണ്ടെത്തി;
അത് ശരിയാകണമെന്നുമില്ല.
സൂചനകളിൽ നിന്നും സംഘടിക്കപ്പെടുന്ന
കൂട്ടങ്ങളുടെ നീക്കം
വഴിതിരിക്കുന്നതിൽ
അയാളുടെ തൊണ്ടവഹിച്ച പങ്ക്
കാക്കകളുടെ ചരിത്രത്തിൽ
ഒരു ദിവസം
അവരാലെഴുതപ്പെടുകതന്നെ ചെയ്തു.
അയാൾ അതറിയാതെ,
മണ്ണിലോരോതരം
വിചിത്രമായ ചുവടുകളെടുത്ത്
ആകാശത്തേക്ക്
തൊണ്ട പിളർത്തി
കാക്കകളെ തേടിനടന്നു.
ജീവനെ, തൊട്ടുകളിക്കുന്നതെല്ലാം
അവരെന്നേ ഉപേക്ഷിച്ചിരുന്നു,
ഒരു ദിവസം
ആ ശബ്ദംവരെ
കൊത്തിയെടുത്ത്
കടലിലെറിഞ്ഞു.
ഒരുവന്റെ തൊണ്ടക്കും
അനേകം ചെവികൾക്കുമിടയിൽ
തുടർന്ന കളിക്ക്
വിസിൽ വീണു.
കടൽത്തീരത്ത്
ശംഖിൽ കടൽ കേട്ടിരിക്കും മട്ടിൽ
പിന്നീടൊരിക്കൽ
ഞാനയാളെ കണ്ടു.
സ്വന്തം ശബ്ദംപോലും
അയാൾക്ക്
നഷ്ടപ്പെട്ടിരുന്നു.