തീവണ്ടിയിൽ
എൺപതടുത്ത ഒരു കിഴവൻ
മടിയിൽ കണ്ണുമിഴിച്ച
പെൺകുഞ്ഞിനെ
ആണ്ടുകൾക്കുമുന്നേ മാഞ്ഞുപോയ
അയാളുടെ അമ്മയുടെ പേര്
പല ശബ്ദത്തിൽ
വിളിച്ചുകൊണ്ടേയിരുന്നു.
അയാളുടെ മെല്ലിച്ച തോളേൽ
ചാരിയുറങ്ങുന്നുണ്ട് മകൾ;
കുഞ്ഞിന്റെ അമ്മ.
അന്നേരം തീവണ്ടി ഒരു തൊട്ടിലാകുന്നു.
ചലനങ്ങളുടെ ആയിരം വിരലറ്റങ്ങളില്‍
ആയിരം താളങ്ങൾ.
കരച്ചിലിലേക്ക്
പുളുത്താനൊരുങ്ങും
ചെറുചുണ്ടുകളുടെ നോട്ടമേറ്റ്
അയാളുടെ മുലക്കണ്ണുകൾ ത്രസിച്ചു.
മുഷിഞ്ഞ നെഞ്ചിലേക്ക്
പാൽഞരമ്പുകൾ കണ്ണുതുറന്നു.
എനിക്ക് തോന്നി
അത് വിയർപ്പെന്ന്.
അതി മനോഹരമായ കവിത
ReplyDelete