പ്രണയം കൊതിച്ചുവളരുന്ന ഒരാണ്‍കുട്ടി
നീണ്ടകാലത്തെ പ്രണയത്തിനൊടുവില്‍
നമ്മള്‍ ഒരു വാടകവീടെടുത്ത്
ഈ നഗരത്തില്‍ താമസംതുടങ്ങിയെന്നിരിക്കട്ടെ,
മാസാന്ത്യം വീട്ടുടമ
വാടക കൈപ്പറ്റാന്‍ അടിവച്ചടിവച്ച് ഗേറ്റിലെത്തിയെന്നുമിരിക്കട്ടെ,
കതകുകൊട്ടിയടച്ച്
നമ്മള്‍ ഇരുണ്ടമുറിയുടെ മൂലയിലേക്ക്
മുട്ടേലിഴഞ്ഞുതുടങ്ങുകയാണ്.
അയാളാകട്ടെ
കതകേല്‍ തട്ടിമുട്ടികൊട്ടി സഹികെട്ട്
റോട്ടിലേക്കു കണ്ണുങ്കാതും തുറന്നിട്ട്
വീട്ടുപടിയില്‍ ഇരിപ്പുറപ്പിക്കുകയെന്നുമിരിക്കട്ടെ,
ഒളിവാളികളെ ചുറ്റിവരിയുന്ന ഒരുതരം ഭയമോടെ
ഇരുട്ടില്‍ പതിഞ്ഞിരിക്കും ആ നിമിഷം
നിന്നില്‍ പതഞ്ഞുകിടക്കണമെന്ന്
എനിക്കങ്ങു തോന്നുകയാണ്.
ആ തോന്നല്‍ തിളച്ചുതൂവാനുള്ള നീക്കം
തടുത്തും തുടുത്തും കിടക്കുന്ന
നീ
വീട്ടുപടിയില്‍ ഒടുക്കത്തെയിരിപ്പുറപ്പിച്ച
അയാളെ മടക്കിവിടാന്‍
കലൂര്‍ പുണ്യാളന് ഒരു മെഴുകുതിരി പറയും.
ഉഷ്ണംകിനിയുന്ന നിന്റെ ഇരുണ്ടതോലില്‍
നാവുകൊണ്ടു തുപ്പലസ്ത്രങ്ങളെയ്യുംതോറും
കുതിരുമുടല്‍വഴക്കങ്ങളില്‍
നീ രഹസ്യമായി
നാടോടിനൃത്തം പഠിക്കുന്നുണ്ടെന്ന്
ഞാന്‍ സംശയിക്കും.
എന്നെക്കൊണ്ടാകുംവിധമെല്ലാ,നുറുങ്ങിടങ്ങളിലും
ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തുന്നതിനിടെ
ഭാഷയിലേറ്റം കനപ്പെട്ട ഒരു തെറി
ഞാന്‍ നിന്നോട് ഇരക്കും.
നീ എനിക്കത് പലവട്ടം വച്ചുനീട്ടും.
നീട്ടിയും കുറുക്കിയും പ്രസരിക്കും ഒച്ചയില്‍
താക്കോല്‍പഴുതിലൂടെ
അകത്തേക്ക് തുറക്കുന്ന അയാളുടെ കണ്ണിനുനേരെ
ഒരു പാമ്പിന്റെ ചീറ്റല്‍ നമ്മള്‍ ഒരുമിച്ച് വച്ചുനീട്ടും.
പെട്ടെന്ന്
അയാളുടെ കാതുകളില്‍ നെഞ്ചിടിക്കും.
വാടകകാശുമായി വരുന്നതും കാത്ത്
അയാളുടെ ഭാര്യ
കടയില്‍ പോകാനുള്ള സഞ്ചിയെടുത്തുവച്ചു.
ആണ്‍മക്കള്‍
പോക്കറ്റില്‍ നിന്നും അടിച്ചെടുക്കും കാശുമായി
ഫസ്റ്റ്‌ഷോയ്ക്ക് പോകുന്നതോര്‍മിച്ച്
തിയേറ്ററിനുമുന്നിലെ പോസ്റ്റര്‍ നോക്കിനിന്നു.
ഉരിഞ്ഞ തുണി തറയിലുപേക്ഷിച്ച്
മുട്ടിലെഴുന്ന്
അകലുന്ന കാല്‍പ്പെരുമാറ്റം
കേട്ടേനിന്നനില്‍പ്പില്‍
നമ്മള്‍ രണ്ടുപേരില്‍നിന്നും
ഒരാള്‍ കുറഞ്ഞുതുടങ്ങുന്നു.
വരുംപകലുകളിലെല്ലാം
ചുറ്റിനും പാളിനോക്കി
വിരസമായ അസാന്നിദ്ധ്യം
തിരിച്ചറിഞ്ഞ്
നിന്റെ അപ്പനെക്കൂട്ടി ഞാന്‍ നിന്നെ
ഒരഹങ്കാരത്തിന് തെറിവിളിക്കും.
ശരിക്കും ഞാനാരാണെന്ന് പറയട്ടെ,
ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയുമായി
നീണ്ടപ്രണയത്തിലേക്ക് കുതിക്കാന്‍ കൊതിക്കുന്ന
ഒരാണ്‍കുട്ടിയാണ്
ഞാന്‍.
ഞങ്ങളുടെ പ്രണയം ഞങ്ങളാല്‍ തീരുമാനിക്കപ്പെട്ടുകഴിഞ്ഞു.
ഇനിയതില്‍നിന്ന് ഒരു മടങ്ങിപ്പോക്കില്ല.
നമ്പരുകള്‍വരെ കുറച്ചുമുമ്പേ കൈമാറിക്കഴിഞ്ഞു.
സംസാരത്തിനിടയിലെ മുഴുനീള സൗജന്യഓഫര്‍ തീരുമാനിക്കാന്‍
ഫോണ്‍കമ്പനികള്‍വരെ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു.
വാഹനങ്ങള്‍ക്കു മുന്നിലേക്ക് റോഡ് മുറിച്ചുകടക്കാനാഞ്ഞ്
പിന്തിരിയുന്ന അപരിചിതരുടെ ഭീതിപുരണ്ട നോട്ടങ്ങള്‍
വിനിമയം ചെയ്യുന്ന
ഈ നഗരത്തില്‍
ഇണയെ തേടിയുള്ള നീണ്ടനാളത്തെ തിരച്ചിലിനൊടുക്കം
എനിക്കു നിന്നെയും
നിനക്ക് എന്നെയും
എങ്ങനെയോ നറുക്കുവീഴുകയായിരുന്നു.
നമ്മുടെ
പ്രണയത്തിനുമുന്നില്‍
ഈ നഗരംപോലും
തോറ്റുതൊപ്പിയിട്ട് നമോവാകം പറയും.
പ്രണയാനന്തരം ഞങ്ങള്‍ താമസിക്കാനിരിക്കുന്ന
വാടകവീടിന്റെ പണിവരെ തുടങ്ങിക്കഴിഞ്ഞു.
കട്ടയും കമ്പിയും കള്ളമണലുംവരെ ഇറങ്ങിക്കഴിഞ്ഞു.
വരത്തന്മാരായ മെയ്ക്കാടുപണിക്കാര്‍
മേസ്തിരിയുടെ അടുത്ത നിര്‍ദ്ദേശത്തിന്
കാതുകൂര്‍പ്പിച്ചു കഴിഞ്ഞു.
പുരോഗമിച്ചുകൊണ്ടിരിക്കുന്ന പണി
സസൂക്ഷ്മം നിരീക്ഷിച്ചുനില്‍ക്കുന്ന
വാടകവീടിന്റെ ഉടമയാകാന്‍ പോകുന്നവനോട് ഒരുവാക്ക്:
'"നീയീ കഷ്ടപ്പെട്ട് കളളക്കടംകേറി പണിതെടുക്കുന്ന വീടുണ്ടല്ലോ,
ആ വീട്ടിലാണ് വാടകതരാതെ ഞാനും എന്റെ പെണ്ണും താമസിക്കാനിരിക്കുന്നത്"
അല്ല പിന്നെ പ്രണയിക്കുന്നവർ വാടക കൊടുക്കുന്നില്ല തന്നെ
ReplyDeleteകലേഷേട്ടാ നന്നായി ..
ReplyDeleteവല്ലവരും കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ ഒരു പെണ്ണിനേയും അങ്ങിനെ വലുതായ ഒരു ആണും പ്രണയം എന്ന ബോർഡ് വച്ച് വെറുതെ
ReplyDelete