Friday, November 12, 2010

ഒറ്റ
ബൈക്കപകടത്തില്‍ തകര്‍ന്ന വലതുകാല്‍
ആശുപത്രിയിലുപേക്ഷിച്ച്
അവന്‍
വീട്ടിലെത്തി
കറങ്ങുന്ന ഫാനില്‍ നോക്കി
മലര്‍ന്നു കിടന്നു.

ആ കിടപ്പില്‍
പത്തി കിടക്കയുടെ നിരപ്പിലുറപ്പിച്ച്
ഒറ്റക്കാല്‍ മുട്ടില്‍വച്ച് മേലോട്ടുപിണച്ച്
മുകളിലേക്ക് മടക്കിവച്ചപ്പോള്‍
വലതുകാലുള്ള ഇന്നലെകളില്‍
മറഞ്ഞിരുന്ന ഒരു ലോകം
പൊടുന്നനെ തുറന്നുകിട്ടി.

ജനാലയിലേക്ക് അവന്റെ കണ്ണുകള്‍
കണ്‍പീലിക്കാലുകളോടെ അള്ളിപ്പടര്‍ന്ന്
പാളികള്‍ കൊളുത്തോടെ കൊട്ടിത്തുറന്ന്
പുറത്തേക്ക് പാഞ്ഞുപോയി.

ലോറിച്ചാടിലേക്ക് അമരാനുള്ള ഒടുക്കത്തെ പോക്ക്
ബൈക്കിന്റെ കിക്കറില്‍ മര്‍ദ്ദിക്കുമ്പോഴത്തെ മസില്‍ത്തിളപ്പ്
കുളിച്ചപ്പോള്‍ അലക്കുകല്ലിലേക്കെടുത്തുവച്ചുള്ള സോപ്പുതേപ്പ്
രാത്രി ഇണയുടെ നെഞ്ചിലേക്ക് മുട്ടില്‍ നിന്നുള്ള കുതിപ്പ്
തോടുകള്‍ ചാടിക്കടക്കുന്ന ആയം
ഫുട്പാത്തില്‍ കാലുറപ്പിച്ച നിശ്ചലമായ യാത്രകള്‍
ഒഴിഞ്ഞ പോസ്റിലേക്ക് ബോള്‍ പാറിച്ചുവിട്ട കിക്ക്
സൈക്കിള്‍ പെഡലില്‍ ഇറക്കങ്ങളിലറിഞ്ഞ വിശ്രമം
മരത്തിലേക്ക് പറ്റിപ്പിടിച്ച് കയറുമ്പോഴത്തെ വഴുക്കല്‍
കട്ടിളപ്പടിയില്‍ ആഞ്ഞുതട്ടിയതിന്റെ കടച്ചില്‍
കബഡിക്ക് വരയില്‍ തൊട്ടെടുത്ത വിജയം
കിളരങ്ങളിലേക്ക് കയറ്റിവച്ചുള്ള ഇരിപ്പ്
നടക്കാന്‍ പഠിച്ചനാള്‍ കുപ്പിച്ചില്ല് പരത്തിവരച്ച മുറിവ്.

ഇങ്ങനെ
കണ്ടെടുത്ത പഴേചിത്രങ്ങളെല്ലാം
ണ്ണുകള്‍ കൊണ്ടുവന്നു നിരത്തിയിട്ടന്നേരം.

അവന്റെ കാലിന്റെ ചൂടുംചൂരും പുരണ്ട
ചാടുമായി
തമിഴ്ലോറിയിപ്പോഴും
ഏതുവഴിയോ പാഞ്ഞുകൊണ്ടിരിക്കുന്ന
രാത്രിയാണിത്.

വഴിയോരത്ത്
കണ്ണുതുറന്നിരിക്കുന്ന
ഒരു തട്ടുകടയില്‍ കാപ്പികുടിക്കാനിറങ്ങിയിട്ട്
പഴനിയെന്നോ മുരുകനെന്നോയൊക്കെ
പേരുള്ള ഡ്രൈവര്‍
ആ ചാടിനിട്ട്
ഒരു തൊഴി കൊടുത്തിട്ടുണ്ടെന്നുറപ്പ്.

അപ്പോള്‍
ദൂരങ്ങള്‍ക്കിപ്പുറം
കറങ്ങുന്ന ഫാനിനുതാഴെ കിടന്നുറങ്ങുന്ന
അവന്റെ വലതുകാല്‍പത്തിയില്‍
ഒരു തുടിപ്പുണ്ടായിട്ടുണ്ടെന്നുമുറപ്പ്.

ഇടതുകാല്‍പ്പത്തി
മെല്ലെയനക്കി
ആ തുടിപ്പില്‍ തൊടാനാഞ്ഞ്
കിടക്കയില്‍
അവന്‍ വരയ്ക്കുന്ന
ചിത്രം നോക്കിയിരിക്കയാണ്
ഞാന്‍.